TOPICS COVERED

ജോലി നല്‍കാമെന്നേറ്റ് കബളിപ്പിച്ച ഏജന്റുമാരുടെ തട്ടിപ്പില്‍പ്പെട്ട് നിരവധി യുവാക്കള്‍ കൊല്ലപ്പെട്ടതായി ഇന്ത്യന്‍ യുവാവിന്റെ വെളിപ്പെടുത്തല്‍. റഷ്യ–യുക്രയിന്‍ യുദ്ധമുഖത്തേക്കാണ് ഏജന്റുമാര്‍ യുവാക്കളെ എത്തിക്കുന്നതെന്നും തെലങ്കാന സ്വദേശിയായ മുഹമ്മദ് അഹമ്മദ് എന്ന യുവാവ് വിഡിയോയിലൂടെ വെളിപ്പെടുത്തുന്നു. കഴിഞ്ഞ ഏപ്രിലിലാണ് മുഹമ്മദ് ജോലി തേടി റഷ്യയിലേക്ക് യാത്ര തിരിച്ചത്. ഏതാനും ആഴ്ചകള്‍ക്കുള്ളില്‍ തന്നെ താന്‍ കബളിപ്പിക്കപ്പെട്ടെന്ന് വ്യക്തമായി. പിന്നാലെ യുദ്ധമുഖത്ത് പോരാടാന്‍ നിര്‍ബന്ധിതനായെന്നും മുഹമ്മദ് വെളിപ്പെടുത്തുന്നു.

ഹൈദരാബാദ് സ്വദേശിയായ മുഹമ്മദിന്റെ ഭാര്യ അഫ്ഷാ ബീഗം തന്റെ ഭര്‍ത്താവിന്റെ രക്ഷയ്ക്കായി നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് വിദേശകാര്യമന്ത്രാലയത്തെ സമീപിച്ചിരിക്കുകയാണ്. തന്റെ ഭര്‍ത്താവിനെ റഷ്യയ്ക്കായി യുദ്ധത്തിനു പോവാനുള്ള പരിശീലനത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുകയാണെന്നും രക്ഷിക്കണമെന്നും ആവശ്യപ്പെട്ടാണ് അഫ്ഷാ മന്ത്രാലയത്തെ സമീപിച്ചത്. മുംബൈ ആസ്ഥാനമായ നിര്‍മാണകമ്പനിയാണ് ഭര്‍ത്താവിന് ജോലി വാഗ്ദാനം ചെയ്ത് കൊണ്ടുപോയതെന്നും അഫ്ഷാ പറയുന്നു. ഒരു മാസത്തോളം അവിടെ വെറുതേയിരുന്ന മുഹമ്മദിനെ പിന്നീട് മറ്റു മുപ്പത് പേര്‍ക്കൊപ്പം ട്രെയിനിങ് കേന്ദ്രത്തിലേക്ക് കൊണ്ടുപോയെന്നും വിദേശകാര്യമന്ത്രിക്ക് നല്‍കിയ നിവേദനത്തില്‍ പറയുന്നു. 

പരിശീലനത്തിനു ശേഷം ഇവരില്‍ 26പേരെ യുക്രയിന്‍ അതിര്‍ത്തിയിലേക്ക് കൊണ്ടുപോയെന്നും അതിനിടെ മുഹമ്മദ് റഷ്യന്‍ സൈന്യത്തിന്റെ വാഹനത്തില്‍ നിന്നും ചാടിയെന്നും അഫ്ഷാ ബീഗം പറയുന്നു. വലതുകാലിനു പരുക്കേറ്റ മുഹമ്മദ് തനിക്ക് യുദ്ധം ചെയ്യാന്‍ താല്‍പര്യമില്ലെന്ന് പറഞ്ഞു. യുദ്ധം ചെയ്യാന്‍ തയ്യാറായില്ലെങ്കില്‍ മരിക്കാന്‍ തയ്യാറാവാന്‍ റഷ്യന്‍ സൈന്യം ആവശ്യപ്പെട്ടെന്നും പരാതിയില്‍ സൂചിപ്പിക്കുന്നു. തങ്ങളുടെ കുടുംബത്തിന്റെ ആശ്രയമാണ് മുഹമ്മദെന്നും പത്തും നാലും വയസുള്ള രണ്ടു മക്കളും രോഗബാധിതയായ അമ്മയുമാണ് ഉള്ളതെന്നും വിദേശകാര്യമന്ത്രാലയത്തിന് അഫാഷാ നല്‍കിയ പരാതിയില്‍ വ്യക്തമാക്കുന്നു.

അതേസമയം മുഹമ്മദ് റെക്കോര്‍ഡ് ചെയ്ത ഒരു വിഡിയോയും പുറത്തുവന്നു. തനിക്കൊപ്പം പരിശീലനം നടത്തിയ 17 പേര്‍ യുദ്ധത്തില്‍ കൊല്ലപ്പെട്ടെന്നും അതിലൊരാള്‍ ഇന്ത്യന്‍ യുവാവാണെന്നും വിഡിയോയില്‍ പറയുന്നു. കഴുത്തിനു നേരെ തോക്കുചൂണ്ടി യുദ്ധമുഖത്തേക്ക് പോകാനായി ഭീഷണിപ്പെടുത്തുകയാണെന്നും താനുള്‍പ്പെടെ നാല് ഇന്ത്യക്കാര്‍ ഇക്കാര്യം നിരസിച്ച് അതിര്‍ത്തിയില്‍ തുടരുകയാണെന്നും ഇയാള്‍ പറയുന്നു.  

എഐഎംഐഎം നേതാവ് ഒവൈസിയേയും അഫ്ഷാ ബീഗവും കുടുംബവും സന്ദര്‍ശിച്ച് പരാതി നല്‍കിയിട്ടുണ്ട്. ഈ വിഷയത്തില്‍ ഉടന്‍ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് ഒവൈസിയും കേന്ദ്രത്തിനു കത്തയച്ചിട്ടുണ്ട്. വിഷയം മോസ്കോ അധികൃതരുമായി

സംസാരിച്ചെന്നും മുഹമ്മദിനെ ഉടന്‍ കണ്ടെത്തി മോചിപ്പിക്കാനുള്ള നടപടി സ്വീകരിക്കുകയാണെന്നും മോസ്കോയിലെ ഇന്ത്യന്‍ എംബസി കൗണ്‍സിലര്‍ തഡു മമു അറിയിച്ചു. റഷ്യന്‍ സൈന്യത്തില്‍ കുടുങ്ങിയ ഇന്ത്യക്കാരുടെ വിവരങ്ങള്‍ അന്വേഷിക്കുന്നുണ്ടെന്നും എംബസി അറിയിച്ചു. 27 ഇന്ത്യന്‍ യുവാക്കള്‍ റഷ്യന്‍ സൈന്യത്തില്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്ന വിവരം ലഭിച്ചതായി വിദേശകാര്യ വക്താവ് രണ്‍ധീര്‍ ജയ്‌സ്വാള്‍ പറഞ്ഞു. 

ENGLISH SUMMARY:

Job scam victim reveals plight. An Indian youth reveals that many young people have been killed after being cheated by agents who promised to provide jobs and were taken to the Russia-Ukraine war zone.