Image Credit:x/nexta_polska
ഒന്‍പത് മാസം മാത്രം പ്രായമുള്ള കൈക്കുഞ്ഞുമായി അതിശൈത്യമുള്ള പര്‍വതം കയറിയ ദമ്പതിമാര്‍ കുടുങ്ങി. പോളണ്ടിലെ മൗണ്ട് റീസിയിലാണ് സംഭവം. കാലാവസ്ഥ പ്രതികൂലമായതിനാല്‍ മലകയറ്റം ഒഴിവാക്കണമെന്നും കൈക്കുഞ്ഞുമായുള്ള യാത്ര പാടില്ലെന്നും ലിത്വാനിയന്‍ ദമ്പതിമാരോട് ഗൈഡുകളടക്കം നിര്‍ദേശിച്ചിരുന്നു.
വിലക്കുകള്‍ ഒന്നും ഗൗനിക്കാതെ അവര്‍ കുഞ്ഞുമായി യാത്ര തുടര്‍ന്നു. തണുത്തുറഞ്ഞ കൊടുമുടിയിലേക്ക് ജീവന്‍ രക്ഷാഉപകരണങ്ങള്‍ ഒന്നുമില്ലാതെയാണ് യാത്ര ചെയ്തതും. മലമുകളിലേക്ക് കയറുന്നതിനായി ക്രാംപണ്‍സ് ഗൈഡുമാരില്‍ നിന്ന് ദമ്പതികള്‍ വാങ്ങുകയും ചെയ്തിരുന്നു. മല കയറി കുടുങ്ങിയ ദമ്പതിമാരെ ഒടുവില്‍ രക്ഷാപ്രവര്‍ത്തകരാണ് താഴെ ഇറക്കിയത്. കുഞ്ഞിനെ ആദ്യം രക്ഷപെടുത്തി. പിന്നീട് ദമ്പതിമാരെയും താഴെയിറക്കി.
കടുത്ത വിമര്‍ശനമാണ് ദമ്പതിമാര്‍ക്കെതിരെ സമൂഹമാധ്യമങ്ങളില്‍ ഉയരുന്നത്. കുഞ്ഞിന്‍റെ ജീവന്‍ അപകടത്തിലാക്കുന്ന നടപടിയാണ് ഉണ്ടായതെന്നും പ്രകൃതി ഭംഗി ആസ്വദിക്കാന്‍ മറ്റെന്തെല്ലാം മാര്‍ഗങ്ങളുണ്ടെന്നും ആളുകള്‍ ചോദിക്കുന്നു. കുഞ്ഞിന്‍റെ ജീവന്‍ കയ്യില്‍ പിടിച്ച് നിരുത്തരവാദപരമായി പെരുമാറിയതില്‍ പൊലീസ് നടപടി സ്വീകരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ചിലര്‍ കുറിച്ചു