Smoke rises during an Israeli military operation in Gaza City, as seen from the central Gaza Strip, September 28, 2025. REUTERS/Dawoud Abu Alkas TPX IMAGES OF THE DAY
ഗാസയിലെ സാധാരണക്കാര്‍ക്കുനേരെ ആക്രമണം നടത്താന്‍ ഹമാസ് ഒരുങ്ങുന്നതായി യു.എസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്‍റ്. ഇക്കാര്യത്തില്‍ വിശ്വസനീയമായ വിവരം ലഭിച്ചുവെന്നും നീക്കം വെടിനിര്‍ത്തല്‍ കരാറിന്‍റെ ലംഘനമായിരിക്കുമെന്നും യു.എസ് വ്യക്തമാക്കി.
പലസ്തീനികള്‍ക്കെതിരായ ആക്രമണം വെടിനിര്‍ത്തല്‍ കരാറിന്‍റെ പ്രത്യക്ഷമായ ലംഘനമായിരിക്കുമെന്നും മധ്യസ്ഥതയിലൂടെ നേടിയെടുത്ത പുരോഗതിയെ ദുർബലപ്പെടുത്തുമെന്നും സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്‍റ് പ്രസ്താവനയില്‍ പറഞ്ഞു. ഹമാസ് ആക്രമണവുമായി മുന്നോട്ടുപോയാല്‍ ഗാസയിലെ ജനങ്ങളെ സംരക്ഷിക്കാനും വെടിനിര്‍ത്തലിന്‍റെ സമഗ്രത കാത്തുസൂക്ഷിക്കുന്നതിനും നടപടികള്‍ സ്വീകരിക്കുമെന്നും സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്‍റ് വ്യക്തമാക്കി. അതേസമയം റിപ്പോര്‍ട്ടിന്‍റെ കൂടുതല്‍ വിവരങ്ങള്‍ സ്റ്റേറ്റ് ഡിപാര്‍ട്ട്മെന്‍റ് പുറത്തുവിട്ടിട്ടില്ല.
ഹമാസ് ജനങ്ങളെ ആക്രമിക്കുന്നുവെന്നും അത് തുടര്‍ന്നാല്‍ ഗാസയില്‍ കയറി അവരെ ഉന്‍മൂലനം ചെയ്യുകയല്ലാതെ മറ്റ് മാര്‍ഗമില്ലെന്നും യു.എസ് പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപ് മുന്നറിയിപ്പ് നല്‍കിയതിന് പിന്നാലെയാണ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്‍റിന്‍റെ പ്രസ്താവന. കരാറിന് വിരുദ്ധമായി ഗാസയില്‍ ജനങ്ങളെ കൊല്ലുന്നത് ഹമാസ് തുടരുകയാണെങ്കില്‍ ഞങ്ങള്‍ക്ക് അവരെ കൊല്ലേണ്ടി വരും എന്നാണ് ട്രംപ് എക്സില്‍ കുറിച്ചത്. എന്നാല്‍ ഗാസയിലേക്ക് യു.എസ് സൈന്യത്തെ അയക്കില്ലെന്നും മറ്റാരെങ്കിലുമാകും അത് ചെയ്യുകയെന്നും ട്രംപ് പിന്നീട് മാധ്യമപ്രവര്‍ത്തകരോട് വിശദീകരിച്ചിരുന്നു.
ഗാസയില്‍ നിന്ന് ഇസ്രയേല്‍ പിന്മാറിയതിന് പിന്നാലെ നിയന്ത്രണം ഏറ്റെടുത്ത ഹമാസ് ചാരന്മാരെന്ന് മുദ്രകുത്തി എട്ടു പേരെ വധിക്കുന്ന ദൃശ്യങ്ങള്‍ കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. ഹമാസ് സായുധസേനയും എതിര്‍പക്ഷക്കാരായ പലസ്തീൻ ഗോത്രങ്ങളും തമ്മിൽ സായുധ ഏറ്റുമുട്ടലുകൾ നടക്കുന്നതിനിടെയാണ് കൊലപാതകത്തിന്‍റെ ദൃശ്യങ്ങള്‍ പുറത്തുവരുന്നത്. തെരുവില്‍ ആള്‍ക്കൂട്ടത്തിന് നടുക്ക് എട്ടുപേരെ മുട്ടുകുത്തി നിർത്തി വധിക്കുന്നതിന്റെ വിഡിയോയാണ് ഹമാസ് തിങ്കളാഴ്ച പുറത്തുവിട്ടത്. വെടിനിര്‍ത്തല്‍ നിലവില്‍ വന്നതിന് പിന്നാലെ ഗാസയിലേക്ക് ജനങ്ങള്‍ കൂട്ടത്തോടെ മടങ്ങിയിരുന്നു. ഇവര്‍ക്കിടയില്‍ ആധിപത്യം ഉറപ്പിക്കുന്നതിന്‍റെ ഭാഗമായിട്ടാണ് അക്രമങ്ങളെന്നാണ്് റിപ്പോര്‍ട്ട്.
ഹമാസും ഇസ്രയേലും തമ്മിലുള്ള വെടിനിര്‍ത്തല്‍ കരാറിന്‍റെ ആദ്യഘട്ടം പുരോഗമിക്കുകയാണ്. ജീവനോടെ ശേഷിച്ച ബന്ദികളെ പൂര്‍ണമായും ഹമാസ് കൈമാറി. കരാറിന്‍റെ ഭാഗമായി ഇസ്രയേല്‍ ജയിലില്‍ കഴിഞ്ഞ 250 പലസ്തീന്‍കാരെയാണ് മോചിപ്പിച്ചത്. ഗാസയില്‍ തടവിലാക്കിയ 1718 പേരെയും മോചിപ്പിച്ചു. ശനിയാഴ്ച രണ്ട് ബന്ദികളുടെ മൃതദേഹം കൂടി ഹമാസ് ഇസ്രയേലിന് കൈമാറി. ഹമാസിന്‍റെ പിടിയിലിരിക്കെ മരിച്ച 28 ബന്ദികളില്‍ 10 പേരുടെ മൃതദേഹാവശിഷ്ടങ്ങള്‍ കൂടി ഇനി കൈമാറാനുണ്ട്.