TOPICS COVERED

ലോകത്ത് ഏറ്റവും കൂടുതൽ പേർ സന്ദർശിക്കുന്ന പാരിസിലെ ലൂവ്ര് മ്യൂസിയത്തിൽ (Musée du Louvre) വൻ കവർച്ച. നെപ്പോളിയന്റെയും ചക്രവർത്തിനിയുടെയും അമൂല്യ ആഭരണ ശേഖരത്തിൽ നിന്ന് ഒൻപത് വസ്തുക്കൾ മോഷ്ടിക്കപ്പെട്ടു. സംഭവത്തെത്തുടർന്ന് അന്വേഷണത്തിൻ്റെ ഭാഗമായി മ്യൂസിയം ഒരു ദിവസത്തേക്ക് അടച്ചിട്ടു.

ഫ്രാൻസിന്റെ സാംസ്കാരിക മന്ത്രി റാച്ചിദ ദാതിയാണ്  മോഷണ വിവരം ഔദ്യോഗികമായി അറിയിച്ചത്. മ്യൂസിയം തുറന്നയുടൻ രാവിലെയാണ് കവർച്ച നടന്നതെന്ന് റാച്ചിദ ദാതി 'എക്‌സി'ൽ കുറിച്ചു. അസാധാരണമായ കാരണങ്ങളാൽ അടച്ചിടുമെന്ന് ലൂവ്ര് അറിയിച്ചെങ്കിലും മോഷണത്തെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല.  

ഫ്രഞ്ച് ദിനപത്രമായ 'ലെ പാരീസിയൻ' റിപ്പോർട്ട് ചെയ്തതനുസരിച്ച്, സീൻ നദിക്കഭിമുഖമായുള്ള മ്യൂസിയത്തിന്റെ മുൻഭാഗത്തുകൂടിയാണ് കുറ്റവാളികൾ പ്രവേശിച്ചത്. നിർമ്മാണം നടന്നുകൊണ്ടിരിക്കുന്ന ഈ ഭാഗത്തുകൂടി കടന്ന കള്ളന്മാർ, ലക്ഷ്യമിട്ട അപ്പോളോ ഗാലറിയിലേക്ക് (Galerie d'Apollon) നേരിട്ട് പ്രവേശിക്കാൻ ഒരു കാര്‍ഗോ ലിഫ്റ്റ് ഉപയോഗിച്ചതായും റിപ്പോർട്ടുണ്ട്.

ജനലുകൾ തകർത്ത ശേഷമാണ് നെപ്പോളിയന്റെയും ചക്രവർത്തിനിയുടെയും ആഭരണ ശേഖരത്തിൽ നിന്ന് ഒമ്പത് അമൂല്യ ആഭരണങ്ങൾ മോഷ്ടിക്കപ്പെട്ടത്. ഫ്രഞ്ച് കിരീടത്തിലെ ആഭരണങ്ങളുടെ ശേഖരം പ്രദർശിപ്പിക്കുന്ന ഗാലറിയാണ് അപ്പോളോൺ. ലൂവ്ര് മ്യൂസിയം  ഒരു ദിവസം 30,000 സന്ദർശകരെ വരെ  എത്താറുണ്ട്.

1911-ൽ മോണാലിസ അതിന്റെ ഫ്രെയിമിൽ നിന്ന് അപ്രത്യക്ഷമായതാണ് ഇതിൽ ഏറ്റവും പ്രസിദ്ധമായ സംഭവം. മുൻ ജീവനക്കാരനായ വിൻസെൻസോ പെറുജിയയാണ് പെയിൻ്റിംഗ് മോഷ്ടിച്ചത്. ഇത് രണ്ട് വർഷത്തിന് ശേഷം ഫ്ലോറൻസിൽ നിന്ന് കണ്ടെത്തി. ഈ സംഭവമാണ് മോണാലിസയെ ലോകത്തിലെ ഏറ്റവും അറിയപ്പെടുന്ന കലാസൃഷ്ടിയാക്കി മാറ്റാൻ സഹായിച്ചത്. 1983-ൽ, രണ്ട് നവോത്ഥാന കാലഘട്ടത്തിലെ കവചങ്ങൾ മോഷണം പോയിരുന്നു. ഏകദേശം നാല് പതിറ്റാണ്ടുകൾക്ക് ശേഷമാണ് ഇവ വീണ്ടെടുക്കപ്പെട്ടത്.

മെസൊപ്പൊട്ടേമിയ, ഈജിപ്ത്, ക്ലാസിക്കൽ ലോകം മുതൽ യൂറോപ്യൻ മാസ്റ്റർപീസുകൾ വരെ ഉൾപ്പെടുന്ന 33,000-ത്തിലധികം കലാസൃഷ്ടികളുടെ ആസ്ഥാനമാണ് ലൂവ്രെ. മോണാലിസ, വീനസ് ഡി മിലോ, വിങ്ഡ് വിക്ടറി ഓഫ് സമോത്രേസ് എന്നിവയാണ് ഇവിടുത്തെ പ്രധാന ആകർഷണങ്ങൾ.

ENGLISH SUMMARY:

Louvre Museum theft: Nine artifacts, including Napoleon's jewelry, were stolen from the Louvre Museum in Paris, leading to a temporary closure for investigation. This incident highlights the ongoing challenge of security in world-renowned museums.