Image credit:https://x.com/ICR360
വടക്കേ അമേരിക്കയിലെ ഒന്നിലേറെ വിമാനത്താവളങ്ങളിലെ ലൗഡ് സ്പീക്കറുകള്‍ ഹൈജാക്ക് ചെയ്ത് ഹമാസ് അനുകൂലികള്‍. വിമാനത്താവളങ്ങളിലെ സ്പീക്കറുകളിലൂടെ 'ഫ്രീ പലസ്തീന്‍ മുദ്രാവാക്യങ്ങളും നെതന്യാഹുവിനും ട്രംപിനുമെതിരെയുള്ള ശാപവാക്കുകളും' മുഴങ്ങി. ആളുകളെല്ലാം അമ്പരന്നു. ടര്‍ക്കിഷ് സൈബര്‍ ഇസ്ലാം എന്ന് വിശേഷിപ്പിച്ച ഹാക്കര്‍മാരാണ് കൃത്യത്തിന് പിന്നില്‍. ഇതോടെ വിമാന സര്‍വീസുകളും താറുമാറായി. പെനിസില്‍വേനിയയിലെ ഹാരിസ്ബര്‍ഗ് ഇന്‍റര്‍നാഷനല്‍ എയര്‍പോര്‍ട്ട്, കെലോവ്ന ഇന്‍റര്‍നാഷനല്‍ എയര്‍പോര്‍ട്ട്, വിക്ടോറിയ ഇന്‍റര്‍നാഷനല്‍ എയര്‍പോര്‍ട്ട് വിന്‍ഡ്സര്‍ ഇന്‍റര്‍നാഷനല്‍ എയര്‍പോര്‍ട്ട് എന്നിവിടങ്ങളിലാണ് സൈബര്‍ ആക്രമണം ഉണ്ടായത്.
മുന്‍കൂട്ടി തയാറാക്കിയ വിഡിയോ സന്ദേശമുള്‍പ്പടെയാണ് ഹമാസ് അനുകൂലികള്‍ പ്രചരിപ്പിച്ചത്. സ്ത്രീ ശബ്ദത്തിലായിരുന്നു സന്ദേശം തയാറാക്കിയത്. ഫ്ലൈറ്റുകളുടെ വിവരങ്ങള്‍ പ്രദര്‍ശിപ്പിക്കുന്ന സ്ക്രീനുകളില്‍ ഇസ്രയേല്‍ വധിച്ച ഹമാസ് നേതാക്കളായ മുഹമ്മദ് ദെയിഫ്. അബു ഒബെയ്ദ, ഇസ്മായില്‍ ഹനിയ,യഹ്യ സിന്‍വാര്‍ തുടങ്ങിയവരുടെ ചിത്രങ്ങളടക്കം പ്രത്യക്ഷപ്പെട്ടു. ' ഇസ്രയേല്‍ യുദ്ധം തോറ്റു, ജയിച്ചത് ഹമാസാണ്' എന്നും നെതന്യാഹുവിനെ മോശമായി ചിത്രീകരിച്ച കാരിക്കേച്ചറും ട്രംപിനുള്ള അസഭ്യവര്‍ഷവും പിന്നാലെയെത്തി.
സംഭവത്തില്‍ കനേഡിയന്‍, അമേരിക്കന്‍ അധികൃതര്‍ അന്വേഷണം പ്രഖ്യാപിച്ചു. അതേസമയം വിമാനങ്ങള്‍ക്ക് നേരെ സുരക്ഷാഭീഷണിയുണ്ടായിട്ടില്ലെന്നും അധികൃതര്‍ വ്യക്തമാക്കി. ഹമാസ് അനുകൂല സന്ദേശങ്ങള്‍ ഉടനടി നീക്കം ചെയ്യാനായെന്നും വിശദമായ അന്വേഷണവും അതുപ്രകാരമുള്ള നടപടികളും ഉണ്ടാകുമെന്നും കെലോവ്ന എയര്‍പോര്‍ട്ട് സിഇഒ വ്യക്തമാക്കി.