Image Credit: Reuters
അതിരൂക്ഷമായ പാക്– അഫ്ഗാനിസ്ഥാന്‍ സംഘര്‍ഷത്തിന് കാരണം ഇന്ത്യയെന്ന് പാക്കിസ്ഥാന്‍. പാക് പ്രതിരോധ മന്ത്രി ഖ്വാജ ആസിഫാണ് ഡല്‍ഹിക്ക് വേണ്ടിയാണ് താലിബാന്‍ നിഴല്‍യുദ്ധം നടത്തുന്നതെന്ന് ആരോപിക്കുന്നത്. സംഘര്‍ഷം കൈവിട്ടു പോകാന്‍ കാരണം ഇന്ത്യ മാത്രമാണെന്നും അതുകൊണ്ടു തന്നെ ശാശ്വതമായ വെടിനിര്‍ത്തല്‍ സാധ്യമാണോ എന്നു പോലും അറിയില്ലെന്നും ജിയോ ടിവിക്ക് നല്‍കിയ അഭിമുഖത്തില്‍ പാക് മന്ത്രി പറയുന്നു. താലിബാന്‍ വിദേശകാര്യമന്ത്രി മുത്താഖ്വി ഒരാഴ്ച നീണ്ട സന്ദര്‍ശനമാണ് ഇന്ത്യയില്‍ നടത്തിയത്. അതിന്‍റെ അനന്തരഫലങ്ങള്‍ പ്രകടമാകുകയും ചെയ്തുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പ്രകോപനമില്ലാതെ കാബൂളിനടുത്ത് പാക്കിസ്ഥാന്‍ വ്യോമാക്രമണം നടത്തിയതിന് തിരിച്ചടി നല്‍കിയെന്നും 58 പാക് സൈനികരെ വധിച്ചുവെന്നുമായിരുന്നു താലിബാന്‍ അറിയിച്ചത്. എന്നാല്‍ ഇക്കാര്യം സ്ഥിരീകരിക്കാന്‍ ഇസ്ലമാബാദ് തയാറായില്ല. പകരം 200 താലിബാന്‍ ഭീകരവാദികളെ തങ്ങള്‍ വകവരുത്തിയെന്ന് പ്രസ്താവനയിറക്കി. സൗദിയുടെയും ഖത്തറിന്‍റെയും ഇടപെടലിന്‍റെ ഫലമായി വെടിനിര്‍ത്തല്‍ നിലവില്‍ വന്നെങ്കിലും കാണ്ഡഹാര്‍ ലക്ഷ്യമിട്ട് പാക്കിസ്ഥാന്‍ വ്യോമാക്രമണം നടത്തിയതോടെ താലിബാനും തിരിച്ചടിച്ചു. പാക് ടി–55 ടാങ്ക് പിടിച്ചെടുത്ത താലിബാന്‍ സൈന്യം പാക് സൈനികരുടെ പാന്‍റുകളുമായി തെരുവിലൂടെ പ്രകടനവും നടത്തി.
ഇതിന് പിന്നാലെയാണ് ശാശ്വത പരിഹാരത്തിന് ട്രംപ് ഇടപെടണമെന്നാവശ്യപ്പെട്ട് പാക്കിസ്ഥാന്‍ രംഗത്തെത്തിയത്. സാധാരണ അമേരിക്കന്‍ പ്രസിഡന്‍റുമാര്‍ യുദ്ധമുണ്ടാക്കുമ്പോള്‍ യുദ്ധം അവസാനിപ്പിക്കുന്ന ഒരേയൊരു പ്രസിഡന്‍റായി ട്രംപ് മാറിയെന്നും ഇത്ര സമാധാന പ്രിയനായ മറ്റൊരു യുഎസ് പ്രസിഡന്‍റുണ്ടായിട്ടില്ലെന്നും ഖ്വാജ ആസിഫ് പറയുന്നു. അതുകൊണ്ടുതന്നെ പാക്–അഫ്ഗാന്‍ യുദ്ധം അവസാനിപ്പിക്കാന്‍ ട്രംപ് ഇടപെടണമെന്നാണ് തന്‍റെ ആഗ്രഹമെന്നും അദ്ദേഹം കൂട്ടച്ചേര്‍ത്തു. വിവരമറിഞ്ഞ ട്രംപാവട്ടെ താനിപ്പോള്‍ മറ്റൊരു യുദ്ധം അവസാനിപ്പിച്ചതിന്‍റെ തിരക്കിലാണെന്നും ഉടന്‍ തന്നെ പരിഹരിക്കാമെന്നുമാണ് മറുപടി നല്‍കിയതും.
എന്നാല്‍ അഫ്ഗാനില്‍ ഇടപെടാനുള്ള ട്രംപിന്‍റെ നീക്കം നിസാരമായല്ല താലിബാന്‍ കാണുന്നത്. അഫ്ഗാനിസ്ഥാനിലെ ബഗ്രാം വ്യോമത്താവളം തിരികെ വേണമെന്ന ട്രംപിന്‍റെ ആവശ്യം താലിബാന്‍ നേരത്തെ തള്ളിയിരുന്നു. ചൈനയെ പ്രതിരോധിക്കാന്‍ ഏറ്റവും എളുപ്പമാര്‍ഗമെന്ന നിലയിലാണ് അമേരിക്ക, അഫ്ഗാനോട് തങ്ങള്‍ നിര്‍മിച്ച വ്യോമത്താവളത്തിന്‍റെ അവകാശം മടക്കി നല്‍കണമെന്നാവശ്യപ്പെട്ടത്. എന്നാല്‍ അഫ്ഗാന്‍റെ ഒരു തരി മണ്ണ് തരില്ല പിന്നെയല്ലേ വ്യോമത്താവളം എന്നായിരുന്നു താലിബാന്‍റെ രൂക്ഷമായ പ്രതികരണം. നിലവിലെ സംഘര്‍ഷങ്ങളുടെ പേരില്‍ അഫ്ഗാനിസ്ഥാന്‍റെ പരമാധികാരത്തിന് മേല്‍ ട്രംപ് കടന്നുകയറുമോ എന്ന ആശങ്ക പ്രകടിപ്പിക്കുന്നവരും കുറവല്ല.