Image Credit: X
ഐസിസി ട്വന്‍റി20 ലോകകപ്പിന്‍റെ ഇന്ത്യയിലെ നടത്തിപ്പില്‍ ആശങ്കയേറുന്നുവെന്ന് റിപ്പോര്‍ട്ടുകള്‍. ലോകകപ്പ് കളിക്കാനായി ഇന്ത്യയിലേക്ക് ഇല്ലെന്ന നിലപാടില്‍ ബംഗ്ലദേശ് ഉറച്ച് നിന്നാല്‍ പകരം സ്കോട്ലന്ഡ് ടീം എത്തുമെന്നായിരുന്നു കഴിഞ്ഞ ദിവസം വന്ന റിപ്പോര്‍ട്ടുകള്‍. എന്നാല്‍ രാജ്യാന്തര ക്രിക്കറ്റ് കൗണ്‍സിലില്‍ നിന്ന് ഇത് സംബന്ധിച്ച ഔദ്യോഗിക ചര്‍ച്ചകള്‍ ഉണ്ടായിട്ടില്ലെന്ന് സ്കോട്ലന്ഡ് അറിയിച്ചതായി ബിബിസി റിപ്പോര്‍ട്ട് ചെയ്യുന്നു. ഇക്കാര്യത്തില്‍ മുന്‍കൈയെടുക്കേണ്ടതില്ലെന്നാണ് സ്കോട്ലന്ഡ് ക്രിക്കറ്റ് ബോര്‍ഡിന്‍റെയും നിലപാട്.
2009 ല്‍ ഇംഗ്ലണ്ടില്‍ വച്ച് നടന്ന ട്വന്‍റി20 ലോകകപ്പില്‍ നിന്ന് രാഷ്ട്രീയ കാരണങ്ങളാല്‍ സിംബാബബ്വെ വിട്ടുനിന്നിരുന്നു. ഈ സമയത്ത് സ്കോട്ലന്ഡാണ് പകരക്കാരായി മല്‍സരിക്കാന്‍ എത്തിയത്.
സുരക്ഷാകാരണങ്ങളാല്‍ ഇന്ത്യയിലേക്ക് യാത്ര ചെയ്യാന്‍ ഇല്ലെന്നും ബംഗ്ലദേശിന്‍റെ മല്‍സരങ്ങള്‍ ശ്രീലങ്കയില്‍ വച്ച് നടത്തണമെന്നുമായിരുന്നു ബിസിബിയുടെ ആവശ്യം. ഈ ആവശ്യം ഐസിസി തള്ളുകയും ചെയ്തു. മല്‍സരങ്ങളുടെ ക്രമീകരണങ്ങള്‍ നേരത്തെ തന്നെ ചെയ്തതാണെന്നും ഇനി മാറ്റാന്‍ കഴിയില്ലെന്നുമാണ് ഐസിസി നിലപാടെടുത്തത്. അന്തിമ തീരുമാനം അറിയിക്കാന്‍ ബംഗ്ലദേശ് ക്രിക്കറ്റ് ബോര്‍ഡിന് ഐസിസി നല്‍കിയ സമയം നാളെ അവസാനിക്കുമെന്നും ചില മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
മുസ്തഫിസുറിനെ ഐപിഎലില്‍ നിന്ന് പുറത്താക്കിയതിന് പിന്നാലെയാണ് ഇന്ത്യ–ബംഗ്ലദേശ് ക്രിക്കറ്റ് ബന്ധം വഷളായത്. തുടര്‍ന്ന് ' ഇത് ബംഗ്ലദേശിന്‍റെ അഭിമാനപ്രശ്നമാണെന്നും ഇന്ത്യയിലേക്ക് കളിക്കാന്‍ ഇല്ലെന്നും' ബിസിബി പ്രഖ്യാപിച്ചു. ബംഗ്ലദേശുമായുള്ള പ്രശ്നം പരിഹരിച്ചില്ലെങ്കില്‍ പാക്കിസ്ഥാന്‍ ചാംപ്യന്‍സ് ട്രോഫി ബഹിഷ്കരിക്കുമെന്നും ഭീഷണി മുഴക്കിയിട്ടുണ്ട്.