Image Credit: Facebook /  Randall Allen Dunn

Image Credit: Facebook / Randall Allen Dunn

മാസ്ക് ധരിച്ച കസ്റ്റംസ് ആൻഡ് ബോർഡർ പ്രൊട്ടക്ഷൻ ഉദ്യോഗസ്ഥർ തന്നെ ക്രൂരമായി മർദിച്ചെന്ന് ആരോപിച്ച് ഡബ്യൂജിഎൻ ടിവി പ്രൊഡ്യൂസർ ഡെബോറ ബ്രോക്ക്മാറെ രം​ഗത്ത്. ഡെബോറയെ ഷിക്കാഗോയിലെ ഫോസ്റ്റർ അവന്യൂവിൽ മണിക്കൂറുകളോളം കരുതൽ തടങ്കലിൽ വച്ചെന്നും, ശേഷം കേസ് പോലും രജിസ്റ്റർ ചെയ്യാതെ വിട്ടയച്ചെന്നും അഭിഭാഷകൻ ബ്രാഡ് തോംപ്സൺ മാധ്യമങ്ങളോട് പ്രതികരിച്ചു. 

അകാരണമായി തന്നെ അറസ്റ്റ് ചെയ്യുകയും മാനഹാനി വരുത്തുകയും ചെയ്ത സിബിപി ഉദ്യോഗസ്ഥർക്കെതിരെ കോടതിയെ സമീപിച്ചിരിക്കുകയാണ് ഡെബോറ. എക്സ്, ഫെയ്സ്ബുക്ക് തുടങ്ങിയ സമൂഹമാധ്യമങ്ങളിൽ ഡെബോറയെ കസ്റ്റഡിയിലെടുക്കുന്ന ദൃശ്യങ്ങൾ വ്യാപകമായി പ്രചരിക്കുന്നുണ്ട്. നീല ജീൻസ് ധരിച്ച ഡെബോറയെ ഉദ്യോ​ഗസ്ഥർ നിലത്തിട്ട് മർദിക്കുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നത്. 

മാസ്ക് ധരിച്ച  ഉദ്യോഗസ്ഥർ ഡെബോറയുടെ കൈ കെട്ടിയ ശേഷം അവരുടെ പാന്റ്സ് താഴേക്ക് വലിച്ച് നഗ്നത പ്രദർശിപ്പിച്ച് പൊതുജനമധ്യത്തിൽ അപമാനിച്ചെന്ന് അഭിഭാഷകൻ പറഞ്ഞു. ഡെബോറയെ ബോർഡർ പട്രോളിങ് വാഹനത്തിലേക്ക്  വലിച്ചിഴച്ച് കൊണ്ട് പോയി മർദിക്കുന്നത് കണ്ടെന്ന്  ദൃക്സാക്ഷികൾ മൊഴി നൽകി. 

ഇമിഗ്രേഷൻ എൻഫോഴ്സ്മെന്റ് ഓപ്പറേഷനുകൾക്കായാണ് കസ്റ്റംസ് ആൻഡ് ബോർഡർ പ്രൊട്ടക്ഷൻ  ഏജന്റുമാർ പ്രദേശത്ത് എത്തിയതെന്ന് ഡിപ്പാർട്ട്മെന്റ് ഓഫ് ഹോംലാൻഡ് സെക്യൂരിറ്റി (ഡിഎച്ച്എസ്) വിശദീകരിക്കുന്നു. അവിടെവച്ച് തങ്ങളുടെ  വാഹനത്തിൽ ഡെബോറ എന്തോ വലിച്ചെറിഞ്ഞെന്ന് ആരോപിച്ചാണ് ഡെബോറയെ മർദിച്ചത്. എന്നാൽ ഇത് നുണയാണെന്നാണ് ഡെബോറയുടെ വാദം. 

ENGLISH SUMMARY:

Deborah Brockmar's arrest has sparked controversy after allegations of assault by Customs and Border Protection officers. The incident in Chicago has led to a lawsuit and a widespread discussion about the officers' conduct.