ലോകത്തെവിടെ നിന്നുമുള്ള ഭീഷണി നേരിടാന്‍ പര്യാപ്തമായ മിസൈൽ പ്രതിരോധ സംവിധാനം വികസിപ്പിച്ച് ചൈന. ഡോണള്‍ഡ് ട്രംപ് വിഭാവനം ചെയ്ത അമേരിക്കയുടെ ഗോൾഡൻ ഡോം പദ്ധതിക്ക് സമാനമാണ് ചൈനയുടെ ആഗോള പ്രതിരോധ സംവിധാനം. സൗത്ത് ചൈന മോർണിംഗ് പോസ്റ്റിന്‍റെ റിപ്പോര്‍ട്ട് പ്രകാരം വികസനത്തിന്‍റെ പ്രാരംഭഘട്ടത്തിലാണ് ഈ മിസൈല്‍ പ്രതിരോധസംവിധാനം. ലോകത്തെവിടെ നിന്നും ചൈനയ്ക്ക് നേരെ തൊടുക്കുന്ന ആയിരം മിസൈലുകൾ ഒരേസമയം നിരീക്ഷിക്കാൻ കഴിയുന്ന സംവിധാനമാണ് ചൈന നടപ്പാക്കാന്‍ പോകുന്നതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
അമേരിക്കയുടെ സ്വപ്നം
വർഷം 1983. യുഎസും സോവിയറ്റ് യൂണിയനും റൗണ്ട് അധിഷ്ഠിത മിസൈൽ ലോഞ്ചറുകളും അന്തർവാഹിനികളും അന്യോന്യം ചൂണ്ടിയ ശീതയുദ്ധകാലം. അന്നത്തെ യുഎസ് പ്രസിഡന്‍റ് റൊണാൾഡ് റീഗൻ ഒരു 'സ്ട്രാറ്റജിക് ഡിഫൻസ് ഇനീഷ്യേറ്റീവ്' പ്രഖ്യാപിച്ചു. ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈലുകൾ അമേരിക്കയുടെ തീരത്ത് എത്തുന്നതിന് മുമ്പ് അവയെ തടസ്സപ്പെടുത്താനും നശിപ്പിക്കാനും കഴിയുന്ന, അമേരിക്കന്‍ നഗരങ്ങളെയും ജനങ്ങളെയും ആണവ ആക്രമണത്തിൽ നിന്ന് സംരക്ഷിക്കുന്ന സംവിധാനം ഇതായിരുന്നു റീഗന്‍ വിഭാവനം ചെയ്തത്. റീഗന്‍റെ ചരിത്രപരമായ പ്രസംഗത്തിന് എട്ട് വർഷത്തിന് ശേഷം, 1991 ൽ സോവിയറ്റ് യൂണിയൻ തകർന്നു. ‘സ്റ്റാർ വാർസ്’ എന്ന റീഗന്‍റെ കാഴ്ചപ്പാട് പക്ഷേ ഒരിക്കലും പ്രായോഗികതയില്‍ എത്തിയില്ല. വർഷങ്ങൾക്ക് ശേഷം ഇന്നത്തെ അമേരിക്കന്‍ പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപ് റീഗന്‍ ഉപേക്ഷിച്ചിടത്തുനിന്ന് പുതിയ തുടക്കമിട്ടു.
2025 മെയ് മാസത്തിൽ, ഗോൾഡൻ ഡോം മിസൈൽ ഷീൽഡ് എന്ന് വിളിക്കപ്പെടുന്ന ഒരു മൾട്ടി ലെയേർഡ് മിസൈൽ പ്രതിരോധ സംവിധാനം നിർമിക്കാൻ ട്രംപ് നിർദ്ദേശിച്ചു. 175 ബില്യൺ ഡോളർ ചിലവ് കണക്കാക്കിയ ഗോൾഡൻ ഡോം മിസൈൽ പ്രതിരോധത്തിൽ നാല് പാളികൾ ഉൾപ്പെടുന്നു. ഉപഗ്രഹ അധിഷ്ഠിതവും കരയിൽ 11 ഹ്രസ്വ റേഞ്ച് ബാറ്ററികൾ സ്ഥാപിച്ചിട്ടുള്ളതുമായിരുന്നു ഈ പ്രതിരോധ സംവിധാനം. വടക്കേ അമേരിക്കയെ മുഴുവൻ ചൈനീസ്, റഷ്യൻ മിസൈൽ ആക്രമണങ്ങളിൽ നിന്ന് സംരക്ഷിക്കുകയായിരുന്നു ഈ പ്രതിരോധസംവിധാനത്തിന്‍റെ ലക്ഷ്യം. എന്നാല്‍ അമേരിക്കയുടെ പ്രതിരോധ സംവിധാനം ഒരു ആശയമായി തന്നെ തുടരുമ്പോൾ, പ്രധാന എതിരാളിയായ ചൈന ഒരു ചുവടുകൂടി കടന്ന് ഭൂഖണ്ഡാന്തര പ്രതിരോധ സംവിധാനം സജ്ജമാക്കാന്‍ തയ്യാറെടുക്കുകയാണ്.
ചൈനയുടെ മുന്നേറ്റം
സൗത്ത് ചൈന മോണിംഗ് പോസ്റ്റ് റിപ്പോർട്ട് അനുസരിച്ച് ചൈനയിലെ ശാസ്ത്രജ്ഞർ പ്രതിരോധ സംവിധാനത്തിന്‍റെ ഒരു വർക്കിങ് പ്രോട്ടോടൈപ്പ് വിന്യസിച്ചു. അപകടസാധ്യതകൾ തിരിച്ചറിയാനും വിശകലനം ചെയ്യാനും ഈ സംവിധാനത്തിന് കഴിയും . ഭൂമിയിലും വായുവിലും സമുദ്രത്തിലും മാത്രമല്ല അങ്ങ് ബഹിരാകാശത്തും പ്രതിരോധ സംവിധാനത്തിന്‍റെ ഭാഗമായ സെന്‍സറുകള്‍ വിന്യസിച്ചിട്ടുണ്ട്. പ്രോട്ടോടൈപ്പ് സിസ്റ്റത്തിന് ആയിരത്തിലേറെ ഡേറ്റാ പ്രോസസങ് ജോലികള്‍ ഒരേമസയം ചെയ്യാന്‍ കഴുയുമെന്ന് പ്രതിരോധ ഇലക്ട്രോണിക് സിസ്റ്റം എഞ്ചിനീയറിങ്ങിനായുള്ള ചൈനയിലെ ഏറ്റവും വലിയ ആർ ആൻഡ് ഡി ഹബ്ബായ നാൻജിങ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇലക്ട്രോണിക്സ് ടെക്നോളജിയിലെ ശാസ്ത്രജ്ഞർ പറഞ്ഞു. ഏകീകൃത വിവരശേഖരണം, സംസ്കരണം, സംയോജനം, വിശകലനം എന്നിവയ്ക്കൊപ്പം മുന്‍കൂട്ടി അറിയിപ്പുകളും നല്‍കാന്‍ ഈ സംവിധാനത്തിനാകും
കര നാവിക വ്യോമ ബഹിരാകാശ മേഖലകളിലാകെ വ്യാപിച്ചു കിടക്കുന്ന ഒരു സംയോജിത, AI- മിസൈൽ പ്രതിരോധ ശൃംഖല സൃഷ്ടിക്കാൻ ലക്ഷ്യമിടുന്ന യുഎസ് ഗോൾഡൻ ഡോം പ്രോഗ്രാം ഇതുവരെ വ്യക്തമായ പ്രായോഗികതയില്‍ എത്തിച്ചേര്‍ന്നിട്ടില്ല. എന്നാല്‍ ചൈനയ്ക്ക് പൂർണ്ണമായി പ്രവർത്തനക്ഷമമായ ഒരു ആഗോള കവചം ഉണ്ടെന്ന് ഇതിലൂടെ അർത്ഥമാക്കുന്നില്ലെങ്കിലും അടുത്ത തലമുറയുടെ പ്രതിരോധത്തെക്കുറിച്ചുള്ള ഭൗമ-രാഷ്ട്രീയ മത്സരത്തിൽ ഇത് തന്ത്രപരമായ ഒരു നാഴികക്കല്ലായാണ് ഇത് അടയാളപ്പെടുത്തുന്നത്.