AI Image
ശരീഭാരം കുറയ്ക്കാന്‍ എളുപ്പമാര്‍ഗം തേടുന്നവരുടെ എണ്ണം അനുദിനം വര്‍ധിക്കുകയാണ്. സമൂഹമാധ്യമങ്ങളിലാവട്ടെ വെയ്റ്റ്ലോസിനുള്ള പൊടിക്കൈകളുടെ പ്രവാഹവും. കുറഞ്ഞ അധ്വാനത്തില്‍ കൂടുതല്‍ ഭാരം എങ്ങനെ കുറയ്ക്കാമെന്നതില്‍ പല തരത്തിലുള്ള റീലുകളാണ് ഫീഡുകളിലും നിറയുന്നത്. ജീവന്‍ പോലും അപകടത്തിലാക്കിയേക്കാവുന്നവയാണ് പലപ്പോഴും ഈ എളുപ്പവഴികളെന്ന് ആളുകള്‍ മറന്നുപോകുന്നുണ്ട്. ചൈനയില്‍ നിന്നുള്ള 28കാരിയാണ് ശരീരഭാരം കുറയ്ക്കാന്‍ ശ്രമിച്ച് മരണവക്കിലെത്തിയത്.
സുഹൃത്ത് പറഞ്ഞത് കേട്ടാണ് ചെന്‍ എന്ന യുവതി വെയ്റ്റ്ലോസിനുള്ള കുത്തിവയ്പ്പെടുക്കാന്‍ തീരുമാനിച്ചത്. ഓരോ ഷോട്ട് ഇഞ്ചക്ഷനെടുക്കുമ്പോഴും മൂന്നരക്കിലോ വീതം ശരീരഭാരം കുറയുമെന്നായിരുന്നു വാഗ്ദാനം. ഇതില്‍ ആകൃഷ്ടയായ ചെന്‍ ഇഞ്ചക്ഷനൊന്നിന് 11,500 രൂപയെന്ന നിരക്കില്‍ മൂന്നെണ്ണത്തിനുള്ള പണം അടച്ചു. ഇതുവരെ ഇത്തരം കുത്തിവയ്പ്പുകളെടുത്തിട്ടില്ലാത്തതിനാല്‍ ആദ്യം പറഞ്ഞിരിക്കുന്നതിന്‍റെ പകുതി ഡോസ് ആണ് യുവതി എടുത്തത്. പൊക്കിളിന് സമീപത്തായാണ് യുവതി മരുന്ന് ആദ്യം കുറച്ച് കുത്തിവച്ചത്. കുത്തിവയ്പ്പെടുത്തതിന് പിന്നാലെ ആകെ ക്ഷീണിതയായി. ഛര്‍ദിയും ആരംഭിച്ചു. ആദ്യമായെടുത്തത് കൊണ്ടാകുമെന്ന് കരുതി യുവതി വീണ്ടും കുത്തിവയ്പ്പെടുത്തു. മൂന്ന് ദിവസം കൊണ്ട് ഒരു കിലോ ഭാരം കുറഞ്ഞു. നാല് ദിവസം കഴിഞ്ഞതോടെ അഞ്ചുകിലോ ശരീരഭാരം കുറഞ്ഞു. ഇതിന് പിന്നാലെ യുവതിയുടെ ആരോഗ്യനില വഷളായി. നാലാം ദിവസം മഞ്ഞയും പച്ചയും വെള്ളം യുവതി ഛര്‍ദിക്കാന്‍ തുടങ്ങി. ഇസിജി എടുക്കുന്നതിനിടെ യുവതി രക്തം ഛര്‍ദിച്ചു. നാഡീമിടിപ്പും ഏറെക്കുറെ നിലച്ചു. ഡോക്ടര്‍മാര്‍ ആവുന്നത്ര പണിപ്പെട്ടാണ് യുവതിയുടെ ജീവന്‍ രക്ഷിച്ചതെന്ന് സൗത്ത് ചൈന മോണിങ് പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്യുന്നു.
ആശുപത്രി അധികൃതര്‍ പൊലീസില്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് കേസ് റജിസ്റ്റര്‍ ചെയ്തു. അനധികൃതമായാണ് ഇത്തരം മരുന്നുകളഅ വിതരണം ചെയ്യുന്നതെന്നും പ്രമേഹ രോഗികള്‍ക്കും ദീര്‍ഘകാലം കൊണ്ട് ഭാരം കുറയ്ക്കാന്‍ ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചവര്‍ക്കും നല്‍കിവരുന്ന മരുന്നുകള്‍ അനിയന്ത്രിതമായി വിറ്റഴിക്കുകയാണെന്നാണ് കണ്ടെത്തല്‍. വെറും 51 രൂപ മാത്രം ചെലവ് വരുന്ന കുത്തിവയ്പ്പിനാണ് ഇവര്‍ 11,500 രൂപവീതം ഈടാക്കിയതെന്നും കണ്ടെത്തി.