hamas

TOPICS COVERED

വെടിനിര്‍ത്തല്‍ കരാര്‍ പ്രാബല്യത്തിലായതിന് പിന്നാലെ തെരുവുകളില്‍ സജീവമായി ഹമാസ്. മേഖലയുടെ സുരക്ഷയ്ക്കായി സേനയെ വിന്യസിക്കുന്നതിനുള്ള സന്ദേശം ഹമാസ് ആഭ്യന്തര മന്ത്രാലയം കൈമാറി. ഹമാസ് നിയന്ത്രണത്തിലുള്ള മേഖലകളില്‍ പട്രോളിങ് നടത്തുകയും തകര്‍ന്ന കെട്ടിടങ്ങളുടെ അവശിഷ്ടങ്ങള്‍ നീക്കം ചെയ്യുകയും ചെയ്യുന്നുണ്ട്.

ഇസ്രായേൽ സൈന്യം ഒഴിഞ്ഞതോടെ ഗാസയുടെ നിയന്ത്രണം പുനഃസ്ഥാപിക്കുന്നതിനായി ഹമാസ് സുരക്ഷാ സേനയിലെ 7,000 അംഗങ്ങളെ തിരിച്ചുവിളിച്ചതായാണ് വിവരം. നേരത്തെ സായുധ സേനയില്‍ പ്രവര്‍ത്തിച്ചിരുന്നവരെ അഞ്ചിടങ്ങളില്‍ ഗവര്‍ണര്‍മാരും നിയമിച്ചിട്ടുണ്ട്. സേനാംഗങ്ങള്‍ക്ക് ഫോണ്‍ കോളുകള്‍ വഴിയും എസ്എംഎസുകള്‍ വഴിയുമാണ് സന്ദേശം ലഭിച്ചത്. 24 മണിക്കൂറിനകം റിപ്പോര്‍ട്ട് ചെയ്യാനാണ് നിര്‍ദ്ദേശം.

വിവിധ ജില്ലകളില്‍ ഇതിനോടകം ഹമാസ് സേനാംഗങ്ങളെ നിയമിച്ചതായാണ് വിവരം. സിവിലിയന്‍ വസ്ത്രം ധരിച്ചവരും ഗാസ പൊലീസിന്‍റെ നീല യൂണിഫോം ധരിച്ചവരെയും ഇക്കൂട്ടത്തില്‍ കാണാമെന്ന് ബിബിസി റിപ്പോര്‍ട്ട് ചെയ്തു. എന്നാല്‍ സേനാംഗങ്ങളെ നിയമിച്ചെന്ന വാര്‍ത്ത ഹമാസ് മീഡിയ തള്ളി.

അതേസമയം, ഗാസ സിറ്റിയില്‍ ഹമാസും പ്രാദേശിക സംഘങ്ങളുമായുള്ള ഏറ്റുമുട്ടലില്‍ 27 പേര്‍ കൊല്ലപ്പെട്ടു. ജോര്‍ദാനിയന്‍ ആശുപത്രിക്ക് സമീപം ഹമാസ് സായുധസേനാംഗം സായുധരായ ദുഗ്മുഷ് വംശത്തിലെ അംഗങ്ങള്‍ക്ക് നേരെ വെടിയുതിര്‍ക്കുകയായിരുന്നു എന്നാണ് വിവരം. ഹമാസ് സേന ദുഗ്മുഷ് വംശത്തെ വളയുകയും കസ്റ്റഡിയിലെടുക്കാന്‍ കനത്ത വെടിവയ്പ്പ് ഉണ്ടായതായും ഹമാസിന്‍റെ നിയന്ത്രണത്തിലുള്ള ആഭ്യന്തര മന്ത്രാലയത്തിലെ മുതിർന്ന ഉദ്യോഗസ്ഥൻ പറഞ്ഞു. എട്ട് അംഗങ്ങള്‍ കൊല്ലപ്പെട്ടതായും ഹമാസ് അറിയിച്ചു.

കഴിഞ്ഞ ദിവസം ഹമാസ് സായുധ വിഭാഗത്തിലെ ഉന്നതരെ ദുഗ്മുഷ് തോക്കുധാരികള്‍ കൊലപ്പെടുത്തിയതിനെ തുടര്‍ന്നാണ് സംഘര്‍ഷം ഉടലെടുത്തത്. കൊല്ലപ്പെട്ടവരില്‍ ഒരാള്‍ ഹമാസിന്‍റെ സായുധ വിഭാഗത്തിലെ മുതിർന്ന കമാൻഡറായ ഇമാദ് അഖേലിന്‍റെ മകനും ഗ്രൂപ്പിന്‍റെ മിലിട്ടറി ഇന്‍റലിജൻസ് തലവനുമായിരുന്നു.

ENGLISH SUMMARY:

Following the ceasefire, Hamas has recalled 7,000 security members to re-establish control in Gaza, with forces patrolling and clearing rubble. However, deadly clashes have erupted in Gaza City between Hamas forces and the local Dugmush clan, leaving 27 dead.