Image Credit: x

Image Credit: x

നാല് കുരുന്നുകള്‍ , അവര്‍ ചേര്‍ന്ന് താങ്ങിയെടുത്ത കുഞ്ഞന്‍ സ്ട്രെച്ചര്‍, ഒരു പാവയാണ് അതില്‍ കിടക്കുന്നത്.. ഗാസയില്‍ നിന്നുള്ള ആ ചിത്രം ലോകത്തിന്‍റെ ഉള്ളുലയ്ക്കുകയാണ്. മണ്ണപ്പം ചുട്ടും, കള്ളനും പൊലീസും, ടീച്ചറും കുട്ടിയുമെല്ലാം കളിച്ചും വളര്‍ന്നൊരു ബാല്യത്തില്‍ നിന്ന് പാവയെ സ്ട്രെച്ചറില്‍ കിടത്തി വിലാപയാത്രയായി കൊണ്ടുപോകുന്ന 'കളി'യിലേക്കുള്ള ദൂരം ലളിതമല്ല.

യുദ്ധം കുരുന്ന് ജീവനുകളെ, അവരുടെ ബാല്യത്തെ, കാഴ്ചപ്പാടുകളെ എങ്ങനെയാണ് സ്വാധീനിക്കുന്നതെന്നതിന്‍റെ നേര്‍ ചിത്രം. നിരന്തരം മരണവും, വിലാപയാത്രകളും, ഉറ്റവരുടെ വേര്‍പാടും കാണുന്ന കുരുന്നുകള്‍ പൊട്ടിച്ചിരിക്കുമെന്നും കളിപ്പാട്ടങ്ങളുടെയും മുത്തശ്ശിക്കഥകളുടെയും ലോകത്താകുമെന്ന് ആര്‍ക്കും ചിന്തിക്കാനും കഴിയില്ലല്ലോ. 

രണ്ട് വര്‍ഷം നീണ്ട യുദ്ധത്തിനൊടുവില്‍ തീര്‍ത്തും ദുര്‍ബലമായൊരു വെടിനിര്‍ത്തലാണ് ഗാസയില്‍ നടപ്പിലായത്. യുദ്ധം ഏറ്റവുമധികം ബാധിച്ചതും കുട്ടികളെയാണ്. ഹമാസ്–ഇസ്രയേല്‍ യുദ്ധത്തില്‍ മരിച്ചവരില്‍ 56 ശതമാനവും കുട്ടികളും സ്ത്രീകളും മുതിര്‍ന്നവരുമായിരുന്നുവെന്ന് ലാന്‍സെറ്റിന്‍റേതുള്‍പ്പടെയുള്ള കണക്കുകള്‍ വ്യക്തമാക്കുന്നു. 20,000ത്തിലേറെ കുട്ടികള്‍ക്ക് സ്വന്തം വീടും വീട്ടുകാരെയും നഷ്ടമായിയെന്നാണ് അനൗദ്യോഗിക കണക്ക്. ഇതില്‍ 40 ശതമാനം കുരുന്നുകളും കടുത്ത വിഷാദത്തിലും മാനസിക പ്രയാസത്തിലുമാണെന്നും 39 ശതമാനത്തിലേറെ കുട്ടികള്‍ക്ക് മാതപിതാക്കളിലൊരാളെ യുദ്ധത്തില്‍ നഷ്ടപ്പെട്ടുവെന്നും ജീവനോടെയുള്ള കുട്ടികളില്‍ പലരും സാമ്പത്തിക,ശാരീരിക ചൂഷണങ്ങള്‍ക്കും ശിശുവിവാഹത്തിനും ഇരയാകുന്നുണ്ടെന്നും ഇന്റര്‍നാഷനല്‍ റെസ്ക്യു കമ്മിറ്റിയുടെ റിപ്പോര്‍ട്ട് പറയുന്നു.

കുട്ടികള്‍ക്ക് അവരുടെ സ്വാഭാവിക ജീവിതം നഷ്ടമായെന്നും സ്കൂളുകള്‍ക്കും വീടുകള്‍ക്കും നേരെയുണ്ടായ ആക്രമണം അവരെ ഉലച്ചുകളഞ്ഞുവെന്നും യുഎന്‍ ഉള്‍പ്പടെയുള്ളവ റിപ്പോര്‍ട്ട് ചെയ്യുന്നു.  2023 ഒക്ടബോര്‍ ഏഴ് മുതല്‍ 2024 ഡിസംബര്‍ 31 വരെ മാത്രം 78,318 പേരാണ് ഗാസയില്‍ കൊല്ലപ്പെട്ടത്. 2023 ല്‍ ഗാസയിലെ ആയുര്‍ദൈര്‍ഘ്യം 47ശതമാനത്തിലേക്ക് ചുരുങ്ങിയിരുന്നുവെങ്കില്‍ 2024 ല്‍ അത് 44 ലേക്ക് താഴ്ന്നുവെന്നും മാക്സ് പ്ലാന്‍കിന്‍റെ ഗവേഷണ റിപ്പോര്‍ട്ട് പറയുന്നു.

ENGLISH SUMMARY:

A viral image from Gaza shows children carrying a doll on a stretcher, mimicking the funeral processions they witness daily. Following two years of conflict between Israel and Hamas, reports from the Lancet and International Rescue Committee highlight that 56% of casualties are women and children. With over 20,000 children orphaned and 40% suffering from severe depression, the psychological toll of war has reshaped their childhood. Data shows Gaza's life expectancy dropped to 44 years in 2024 as humanitarian crises deepen.