Damien Hurstel (Facebook/Gabriella Ali Zayas)
അമേരിക്കയിലെ സ്റ്റാറ്റൻ ഐലൻഡില്‍ അമ്മയുടെ കാമുകനെ തലയറുത്ത് കൊലപ്പെടുത്തി മകന്‍. 19 കാരനായ ഡാമിയൻ ഹർസ്റ്റലാണ് വെസ്റ്റ് ബ്രൈറ്റണിലെ കാരി അവന്യൂവിലുള്ള അപ്പാർട്ട്മെന്റിൽ വച്ച് അമ്മയുടെ കാമുകന്‍ ആന്‍റണി കാസലാസ്പ്രോയെ (45) കൊലപ്പെടുത്തിയത്. അമ്മയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ ഡാമിയനിനെതിരെ കൊലപാതകം, നരഹത്യ, ആയുധം കൈവശം വയ്ക്കൽ എന്നീ കുറ്റങ്ങൾ ചുമത്തിയിട്ടുണ്ട്. വീട്ടിലെ കുളിമുറിയിലാണ് ആന്‍റണിയെ കൊലപ്പെടുത്തിയ നിലയില്‍ കണ്ടെത്തിയത്. ശരീരത്തില്‍ നിന്നും അറുത്തുമാറ്റിയ നിലയിലായിരുന്നു തല. കൊലപാതകത്തിന് ഉപയോഗിച്ച ആയുധം, ഒരു പാത്രം, ഒരു സ്പൂൺ എന്നിവയും കണ്ടെത്തിയിട്ടുണ്ട്. ആന്‍റണിയുടെ തലയോട്ടിയിൽ നിന്ന് സ്പൂണിന്റെ പിടി പുറത്തേക്ക് തള്ളിനിൽക്കുന്ന നിലയിലായിരുന്നുവെന്ന് ന്യൂയോർക്ക് പോസ്റ്റ് റിപ്പോർട്ട് ചെയ്യുന്നു.
മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത് പ്രകാരം, ഡാമിയന്‍റെ 16 വയസുള്ള സഹോദരിയാണ് സംഭവം ആദ്യം കാണുന്നത്. വീടിനുള്ളിൽ രക്തക്കറ കണ്ട് പരിശോധിച്ചപ്പോളാണ് ബാത്ത് ടബ്ബിനുള്ളിൽ സഹോദരി മൃതദേഹം കാണുന്നത്. തലയിലും കഴുത്തിലും ഒന്നിലധികം കുത്തേറ്റ നിലയിലായിരുന്നു മൃതദേഹം. കൊലപാതകത്തിന് തൊട്ടുപിന്നാലെ രക്തത്തിൽ കുളിച്ച സഹോദരനെയും പെണ്‍കുട്ടി കണ്ടു. നീ അമ്മയെയും ഉപദ്രവിക്കുമോ എന്ന് അവള്‍ ചോദിച്ചു. അവൾ ജീവിക്കണമെന്ന് നിനക്ക് ആഗ്രഹമുണ്ടോ എന്നായിരുന്നു മറുപടി. അമ്മയെ വെറുതേവിടണം എന്ന് പറഞ്ഞപ്പോള്‍ അങ്ങിനെയെങ്കില്‍ നീ മുറിയില്‍ നിന്ന് പുറത്തുപോകണമെന്നാണ് ഡാമിയൻ പറഞ്ഞത്. പിന്നാലെ പെണ്‍കുട്ടി സംഭവസ്ഥലത്ത് നിന്ന് ഇറങ്ങിയോടി പിൻഭാഗത്തെ ഷെഡിന് പിന്നിൽ ഒളിക്കുകയായിരുന്നു. പെണ്‍കുട്ടി തന്നെയാണ് അമ്മയെ വിളിച്ച് വിവരം വിവരം പറയുന്നത്.
വീട്ടിലേക്ക് ഓടിയെത്തിയപ്പോൾ മുൻവാതിൽ തുറന്നുകിടക്കുന്നതാണ് കണ്ടതെന്ന് ഡാമിയനിന്‍റെ അമ്മ അലീഷ്യ സയാസ് പറഞ്ഞു. അകത്തേക്ക് കടക്കുന്നതിന് മുമ്പ് രണ്ട് മിനിറ്റിനുള്ളിൽ എന്നെ കണ്ടില്ലെങ്കില്‍ 911 എന്ന നമ്പറിൽ വിളിക്കണം എന്ന് അലീഷ്യ മകളോട് പറഞ്ഞു. വീട്ടില്‍ എല്ലായിടത്തും രക്തമുണ്ടായിരുന്നു. ഡാമിയനെ അടുക്കളയിലാണ് കണ്ടെത്തിയത്. എന്താണ് നീ ചെയ്യുന്നത് എന്ന് ചോദിച്ചപ്പോള്‍ വൃത്തിയാക്കുകയാണ് എന്നായിരുന്നു ഡാമിയന്‍റെ മറുപടി. ആന്‍റണി എവിടെയാണെന്ന് ചോദിച്ചപ്പോൾ കുളിമുറിയിലാണെന്ന് പറഞ്ഞു. അവിടേക്ക് പോകേണ്ടെന്നും ഡാമിയന്‍ പരഞ്ഞു. എന്നാല്‍ തനിക്ക് ആന്‍റണിയെ കാണണമെന്ന് പറഞ്ഞ് അലീഷ്യ കുളിമുറിയിലെത്തി. ആ കാഴ്ചകണ്ട് അലീഷ്യ അലറിക്കരയാന്‍ തുടങ്ങി. തുടര്‍ന്ന് എമര്‍ജന്‍സി നമ്പറായ 911 ല്‍ വിളിച്ച് വിവരം പറയുകയായിരുന്നു.
ഡാമിയനെ അറസ്റ്റ് ചെയ്യാനെത്തിയ പൊലീസിനോട് മകനെ ഉപദ്രവിക്കരുതെന്നാണ് അലീഷ്യ ആദ്യം പറഞ്ഞത്. ഡാമിയന് മാനസികാസ്വാസ്ഥ്യമുണ്ടെന്നും അലീഷ്യ പറഞ്ഞു. കൃത്യമായ ചികില്‍സ ലഭിക്കാത്തതുകൊണ്ടാണ് കാര്യങ്ങള്‍ ഇവിടെ വരെ എത്തിയതെന്നും മെഡിക്കല്‍ രംഗത്തെ കുറ്റപ്പെടുത്തി അലീഷ്യ പറഞ്ഞു. വർഷങ്ങളായി ഡാമിയൻ മരുന്നു കഴിക്കുന്നുണ്ട്. എന്നാല്‍ അടുത്തിടെ തന്നെ അറിയിക്കാതെ ഡോക്ടർമാർ അവന്റെ മരുന്നുകൾ മാറ്റി. എന്തുകൊണ്ട് അവരത് എന്നോട് പറഞ്ഞില്ല? അവർ ഡോക്ടർമാരാണ്. അവർക്ക് അറിയാമായിരുന്നു എന്ന് എനിക്ക് ഉറപ്പുണ്ട് അലീഷ്യ പറഞ്ഞു. ഡാമിയന് 18 വയസ്സ് തികഞ്ഞപ്പോൾ മുതല്‍ മനോരോഗവിദഗ്ദ്ധൻ ചികിത്സയുടെ വിശദാംശങ്ങൾ തന്നോട് പങ്കിടാന്‍ വിസമ്മതിച്ചുവെന്നും ഡാമിയന്‍ പിന്നീട് എത് ഡോക്ടറെയാണ് കണ്ടിരുന്നത് എന്ന് പോലും തനിക്ക് അറിയില്ലെന്നും അലീഷ്യ പറഞ്ഞു.
ഡാമിയന്‍റെ പിതാവ് അവന്‍റെ ആറാം വയസ്സിൽ ജയിലിലായതിന് പിന്നാലെയാണ് മാനസിക ബുദ്ധിമുട്ടികള്‍ കണ്ടുതുടങ്ങിയത്. അവന്‍റെ 13-ാം വയസ്സിൽ, മറ്റൊരു വിദ്യാർഥി അവനെ ലൈംഗികമായി പീഡിപ്പിക്കുകയും ചെയ്തു. തുടര്‍ന്ന് കടുത്ത വിഷാദത്തിലേക്കും പിടിഎസ്ഡിയിലേക്കും അവന്‍ കൂപ്പുകുത്തി. രണ്ടു തവണ ഡാമിയന്‍ ആത്മഹത്യയ്ക്ക് ശ്രമിക്കുകയും തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിക്കേണ്ടി വരികയും ചെയ്തിട്ടുണ്ട്. ‘ഞാൻ ആകെ തകർന്നുപോയി. എന്റെ മകൻ മുമ്പ് ഇങ്ങനെയായിരുന്നില്ല. എന്നാല്‍ ഇപ്പോള്‍ അവന്‍ അക്രമാസക്തനാകാറുണ്ട്’. ഒരിക്കല്‍ അടുക്കള വൃത്തിയാക്കാൻ ആവശ്യപ്പെട്ടപ്പോൾ അവന്‍ തന്ന ആക്രമിച്ചതായും അലീഷ്യ പറഞ്ഞു. അതേസമയം, ആന്‍റണി സ്നേഹത്തോടെയാണ് മകനോട് പെരുമാറിയിരുന്നതെന്നും അലീഷ്യ പറയുന്നു.