രണ്ടു വര്‍ഷം നീണ്ട യുദ്ധത്തിന് അവസാനമാകുമ്പോള്‍ ഇസ്രയേലിന്‍റെ ബന്ദിമോചനത്തിനൊപ്പം ഹമാസ് ആവശ്യപ്പെട്ടത് പലസ്തീന്‍ തടവുകാരുടെ മോചനമാണ്. എന്നാല്‍ ഈ കരാര്‍ പ്രകാരം പ്രമുഖ പലസ്തീന്‍ നേതാവായ മർവാൻ ബർഗൂതിയെ മോചിപ്പിക്കില്ലെന്ന് ഇസ്രയേല്‍ വ്യക്തമാക്കി. 2004 ല്‍ ഇസ്രയേലില്‍ നടന്ന കൊലപാതകവുമായി ബന്ധപ്പെട്ട് നിരവധി ജീവപര്യന്തം തടവ് അനുഭവിക്കുകയാണ് ബര്‍ഗൂതി.

പലസ്തീന്‍ അതോറിറ്റി പ്രസിഡന്‍റ് മഹമ്മൂദ് അബ്ബാസിന്‍റെ പിന്‍ഗാമിയായി കണക്കാക്കുന്ന വ്യക്തിയാണ് മർവാൻ ബർഗൂതി. 20 ഇസ്രയേല്‍ ബന്ദികളെ മോചിപ്പിക്കുന്നതിന് പകരം ഇസ്രയേല്‍ കൈമാറുന്ന പലസ്തീന്‍ തടവുകാരില്‍ മർവാൻ ബർഗൂതിയും ഉണ്ടാകുമെന്നായിരുന്നു പ്രതീക്ഷിച്ചിരുന്നത്. ബർഗൂതി അടക്കമുള്ള ഉന്നത നേതാക്കളെ പുറത്തുവിടണമെന്ന് ചര്‍ച്ചകളില്‍ ഹമാസ് നിര്‍ബന്ധം പിടിക്കുന്നുണ്ട്.

ബർഗൂതിയെ ഭീകരനേതാവായാണ് ഇസ്രയേല്‍ കണക്കാക്കുന്നത്. ബര്‍ഗൂതിയെ പുറത്തുവിട്ടാല്‍ പസ്തീനികളുടെ പുതിയ നേതാവായി ഉയര്‍ന്നുവരുമെന്നതാണ് ഇസ്രയേലിന്‍റെ ഭയം. അധിനിവേശത്തിനെതിരെ സായുധ ചെറുത്തുനില്‍പ്പും, ദ്വിരാഷ്ട്ര പരിഹാരവും ബര്‍ഗീതി ദീർഘകാലമായി പിന്തുണച്ചിട്ടുണ്ട്. പലസ്തീന്‍റെ നെൽസൺ മണ്ടേല എന്നാണ് പലരും അദ്ദേഹത്തെ കാണുന്നത്.

66 കാരനായ ബര്‍ഗൂതി വെസ്റ്റ് ബാങ്കിലെ കബോര്‍ ഗ്രാമത്തില്‍ 1959 ലാണ് ജനിക്കുന്നത്. 2004 ല്‍ ഇസ്രയേലില്‍ അഞ്ചു പേരുടെ കൊലപാതകത്തിന് കാരണമായ ആക്രമണത്തിലാണ് ബർഗൂതി നിലവില്‍ ജയിലില്‍ കഴിയുന്നത്. ബിർ സെയ്ത് സർവകലാശാലയിലെ വിദ്യാർത്ഥി പ്രവർത്തകനായാണ് ബര്‍ഗൂതി പ്രശസ്തനാകുന്നത്. 1987-ലെ ആദ്യത്തെ പലസ്തീൻ കലാപത്തിന്‍റെ പ്രധാന സംഘാടകരിലൊരാളായി.

രണ്ടാം പ്രക്ഷോഭ കാലത്ത് ഫത്തയുമായി ബന്ധമുള്ള സായുധ സംഘങ്ങളുടെ നേതൃത്വം എന്ന കുറ്റമാണ് ഇസ്രയേല്‍ ബര്‍ഗൂതിക്കെതിരെ ആരോപിച്ചത്. കൊലപാതക കുറ്റം ചുമത്തി ബര്‍ഗൂതിയെ അറസ്റ്റ് ചെയ്ത ശേഷം അഞ്ച് ജീവപര്യന്തമാണ് വിധിച്ചത്. താനൊരു തീവ്രവാദിയല്ലെന്നും എന്നാല്‍ സമാധാനവാദിയുമല്ലെന്നാണ് ബർഗൂതി പറഞ്ഞത്.

2000 കാലത്ത് അറസ്റ്റിലായ ഹമാസിന്‍റെയും ഫത്തയുടെയും അംഗങ്ങളാണ് ഇസ്രയേല്‍ പുറത്തുവിട്ട മോചിപ്പിക്കുന്ന തടവുകാരുടെ പട്ടികയിലുള്ളത്. ഇസ്രയേലിനെതിരെ ആക്രമണം നടത്തിയ കുറ്റത്തിന് ജയിലില്‍ കഴിയുന്നവരാണ് ഭൂരിഭാഗവും.

ENGLISH SUMMARY:

Despite Hamas demanding the release of prominent Palestinian leader Marwan Barghouti as part of the prisoner swap deal, Israel has firmly rejected his inclusion. Barghouti, serving multiple life sentences for murder, is considered a key successor to Mahmoud Abbas.