ഒരുരുക്കു കോട്ട. അകത്തേയ്ക്കായാലും പുറത്തേക്കായാലും അയാള്‍ വിചാരിക്കാതെ ആര്‍ക്കും ഒരു സഞ്ചാരമില്ല. പറഞ്ഞുവരുന്ന് കിം ജോങ് ഉന്നിന്‍റെ ഉത്തര കൊറിയയെ കുറിച്ചാണ് . ആണവരാഷ്ട്രം . ആയുദ്ധങ്ങള്‍ എന്തുണ്ട് കയ്യിലെന്ന് ആര്‍ക്കും ഒരു ധാരണയില്ല. തൊട്ടടുത്ത നിമിഷം അയാള്‍ എന്തു ചെയ്യുമെന്നും ആര്‍ക്കുമറിയില്ല. ഉള്ളിലെന്തെന്ന് അറിയില്ലെങ്കിലും ലോകത്തിന്‍റെ ശ്രദ്ധ മുഴുവന്‍ ഇപ്പോള്‍ ഉത്തരകൊറിയയിലാണ് . ആ ആകാംഷയ്ക്ക് അടിസ്ഥാനമാകട്ടെ ഒരു പെണ്‍കുട്ടിയും . ചൈനയുടെ വിക്ടറി ഡേ പരേഡിൽ കിമ്മിനൊപ്പമുണ്ടായിരുന്ന ആ പെണ്‍കുട്ടി ആരെന്നാണ് ലോകമെമ്പാടും ഉയരുന്ന ചോദ്യം. കിം കുടുംബത്തിന്‍റെ പരമാധികാര പരമ്പരയുടെ പിന്തുടര്‍ച്ചാവകാശി ആണ് ആ പെണ്‍കുട്ടി എന്ന ചര്‍ച്ചകള്‍ ഇതിനോടകം ഉയര്‍ന്നു കഴിഞ്ഞു.
അവളുടെ പ്രായവും എന്തിന് അവളുടെ പേരും ഇന്നും ലോകത്തിന് അന്യമാണ്. പക്ഷേ ഈ പെൺകുട്ടി ഉത്തരകൊറിയയുടെ അടുത്ത നേതാവ് ആയിരിക്കുമെന്ന് ദക്ഷിണ കൊറിയയുടെ ചാര ഏജൻസി പറയുന്നു. ദക്ഷിണ കൊറിയൻ ഇന്‍റലിജൻസ് ഉദ്യോഗസ്ഥർ വെളിപ്പെടുത്തിയത് പ്രകാരം, മുൻ അമേരിക്കൻ ബാസ്കറ്റ്ബോൾ കളിക്കാരൻ ഡെന്നിസ് റോഡ്മാൻ, ജു എ എന്ന് വിശേഷിപ്പിച്ച മകളെയാണ് കിം കൂടെ കൂട്ടിയത്. ഏകദേശം 13 വയസാണ് പ്രായം. ജു എ കഴിഞ്ഞ മെയ് മാസത്തിൽ റഷ്യൻ എംബസിയിൽ നടന്ന ഒരു പരിപാടിയിലും പങ്കെടുത്തതായും ദക്ഷിണകൊറിയന്‍ അധികൃതര്‍ പറയുന്നു.
ഏഷ്യ ഭൂഖണ്ഡത്തിലെ പലരാജ്യങ്ങള്‍ക്കും അവകാശപ്പെടാന്‍ വനിതാ നേതാക്കളുടെ ഒരു നീണ്ട പട്ടിക തന്നെയുണ്ട്. എന്നാൽ ഉത്തരകൊറിയ പോലുള്ള ഒരു പുരുഷാധിപത്യ സമൂഹത്തിന്‍റെ അടുത്ത പിന്‍ഗാമി ഒരു സ്ത്രീ ആകുന്നതിന്‍റെ ചരിത്രപരമായ കൗതുകവും ലോകം ഉത്തര കൊറിയയിലേക്ക് ഉറ്റുനോക്കുന്നതിന് പിന്നിലുണ്ട്. കിം ജോങ് ഉന്നിന് ശേഷം മകള്‍ ആയിരിക്കും ഉത്തര കൊറിയയുടെ ഭരണാധികാരിയാവുകയെന്ന ഊഹാപോഹങ്ങള്‍ ശക്തമായി തുടരുന്നതിനിടെയാണ് കിം ജു എ എന്നറിയപ്പെടുന്ന ആ പെണ്‍കുട്ടി ചൈനയിലെത്തിയത്. ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങ്, റഷ്യന്‍ പ്രസിഡന്റ് വ്‌ളാദിമിര്‍ പുടിന്‍ അടക്കം 25 ലോകനേതാക്കൾ പങ്കെടുത്ത ചൈനയിലെ ചടങ്ങില്‍ കിം ജോങ് ഉന്‍ മകളെയും കൂടെക്കൂട്ടിയതാണ് രാഷ്ട്രീയനിരീക്ഷകര്‍ക്കിടയില്‍ വലിയ ചര്‍ച്ചകള്‍ക്ക് വഴിയൊരുക്കിയത്. വലിയ പരിപാടികളില്‍ കിം മകളെ തുടര്‍ച്ചയായി പങ്കെടുപ്പിക്കുന്നത് അനുഭവസമ്പത്തുണ്ടാക്കുന്നതിനുള്ള ശ്രമമായാണ് പലരും കാണുന്നത്. ഊഹാപോഹങ്ങള്‍ ഇത്തരത്തില്‍ അന്തരീക്ഷത്തിലുണ്ടെങ്കിലും ഉത്തര കൊറിയൻ സ്റ്റേറ്റ് മീഡിയയോ അധികൃതരോ അവളുടെ പേരുപോലും പുറത്ത് പറഞ്ഞിട്ടില്ല. കിം ജോങ് ഉന്നിന്‍റെ ഏറ്റവും പ്രിയപ്പെട്ട കുട്ടിയെന്നോ, ബഹുമാന്യയെന്നോ എല്ലാമാണ് പൊതുജനമധ്യത്തില്‍ അവള്‍ പരാമര്‍ശിക്കപ്പെടുന്നത് .
2022 നവംബറിൽ ഒരു ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈലില്‍ പരീക്ഷണ വിക്ഷേപണ വേളയിലാണ് കിം ജോങ് ഉന്നിന്‍റെ മകളെ ലോകം ആദ്യമായി കണ്ടത്. അതിനുശേഷം ഒട്ടേറെ പൊതുപരിപാടികളില്‍ മകള്‍ കിമ്മിനൊപ്പം പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. 2023-ല്‍ ചില സൈനിക ചടങ്ങുകളിലും കിമ്മിനൊപ്പം മകളുണ്ടായിരുന്നു. ദക്ഷിണ കൊറിയൻ രഹസ്യാന്വേഷണ ഉദ്യോഗസ്ഥരുടെ വിലയിരുത്തല്‍പ്രകാരം 2013ലാണ് അവളുടെ ജനനം. കിമ്മിന്‍റെ മൂന്നു മക്കളിൽ രണ്ടാമത്തെയാൾ. ഏതെങ്കിലും സ്കൂളുകളിലോ മറ്റേതെങ്കിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലോ ജു എ പഠിച്ചതിന് യാതൊരു സ്ഥിരീകരണവുമില്ല. എന്നാല്‍ അവളുടെ പൊതു പ്രവർത്തനങ്ങളും പ്രോട്ടോക്കോളുകളും സമഗ്രമായ വിശകലനം ചെയ്ത ദക്ഷിണ കൊറിയയിലെ നാഷണൽ ഇന്‍റലിജൻസ് സർവീസ് തന്നെയാണ് കഴിഞ്ഞ വര്‍ഷം കിം ജു എയെ പിതാവിന്‍റെ പിൻഗാമിയായി വിലയിരുത്തിയത്.
കിമ്മിന്‍റെ മറ്റ് മക്കളെക്കുറിച്ചാകട്ടെ ഇപ്പോഴും വിവരങ്ങൾ ലഭ്യമല്ല. പരിശീലിപ്പിക്കുന്ന രീതികളും പൊതുസ്വീകാര്യത വര്‍ധിപ്പിക്കാനായി സൈനികച്ചടങ്ങുകളിലടക്കം പങ്കെടുപ്പിക്കുന്നതുമെല്ലാമാണ് കിമ്മിന്‍റെ പിന്‍ഗാമിയായി ജു എയെ കാണാന്‍ ദക്ഷിണ കൊറിയന്‍ ഏജന്‍സികളെ പ്രേരിപ്പിക്കുന്നത്. ജു എ യുടെ സുരക്ഷയില്‍ നിഷ്കര്‍ഷിക്കുന്ന കരുതലും രഹസ്യ സ്വഭാവവുമെല്ലാം അവളുടെ പ്രാധാന്യത്തിന് തെളിവാണ്.
അതേസമയം ഉത്തര കൊറിയയിലെ പുരുഷ മേധാവിത്വ സംവിധാനം ചൂണ്ടിക്കാട്ടി ജു എയുടെ പിന്തുടര്‍ച്ചാവകാശ സാധ്യതകളെ ചില രാഷ്ട്രീയ നിരീക്ഷകര്‍ ചോദ്യം ചെയ്യുന്നുണ്ട്. കിമ്മിന് അറിയപ്പെടാത്ത ഒരു മകന്‍ ഉണ്ടെന്നും മകളെ പുറമേ കാണിച്ച് അടുത്ത അവകാശിയായി മകനെയാണ് അണിയറയില്‍ തയാറാക്കുന്നതെന്നുമൊക്കെയുള്ള കഥകളും ഉയരുന്നുണ്ട്. പുരുഷാധിപത്യം ഒരു മാനദണ്ഡമായി നിലനിൽക്കുന്ന ഉത്തര കൊറിയ പോലുള്ള ഒരു രാജ്യത്തിന് ഒരു വനിതയെ പരമോന്നത നേതാവായി അംഗീകരിക്കാന്‍ സാധിക്കുമോ എന്നതാണ് ചില രാഷ്ട്രീയ നിരീക്ഷകര്‍ ഉന്നയിക്കുന്ന സംശയം. മാത്രവുമല്ല പതിമൂന്നോ പതിന്നാലോ വയസ്സ് മാത്രമുള്ള , ഭരണപരമോ സൈനികപരമോ ആയ പ്രവര്‍ത്തിപരിചയം യാതൊന്നുമില്ലാത്ത ഒരു കുട്ടിയെ രാഷ്ട്രനേതാവായി പരിഗണിക്കുന്നത് അപ്രായോഗികമാണെന്നും ചൂണ്ടിക്കാണിക്കുന്നവരുണ്ട്. എന്നാല്‍ കിമ്മിന് ഒരു മകന്‍ ഉണ്ടെന്ന ഊഹാപോഹങ്ങള്‍ക്ക് യാതൊരു സ്ഥിരീകരണവും ഇതുവരെ ലഭ്യമായിട്ടില്ല.
അതേസമം മകൾക്ക് പ്രായപൂർത്തിയാകുന്നതുവരെ കിമ്മിന്‍റെ സഹോദരി കിം യോ-ജോങ്ങിന് സാധ്യത കല്‍പ്പിക്കുന്നവരും കുറവല്ല. ലോകശ്രദ്ധ ആകര്‍ഷിച്ച കിം യോ-ജോങ്ങിന്‍റെ പല അഭിപ്രായപ്രകടനങ്ങളും ഭരണത്തില്‍ അവര്‍ക്കുള്ള ശക്തമായ സ്വാധീനത്തിന് തെളിവായും കണക്കാക്കപ്പെടുന്നു.
1948-ൽ ഉത്തരകൊറിയ സ്ഥാപിതമായത് മുതൽ തുടർച്ചയായി ഭരിക്കുന്നത് കിം കുടുംബത്തിലെ പുരുഷ അംഗങ്ങളായ കിമ്മിന്‍റെ മുത്തച്ഛൻ കിം ഇൽ സുങ്ങും കിമ്മിന്‍റെ പിതാവ് കിം ജോങ് ഇലും ആണ്. 2011 അവസാനത്തോടെ പിതാവിന്‍റെ മരണത്തോടെയാണ് കിം ജോങ് ഉന്‍ ഉത്തര കൊറിയയുടെ പരമാധികാരിയായത്. കിം ഇൽ സുങ്ങിന്‍റെ ഇളയ സഹോദരൻ കിം യോങ് ജുവിനെ രാജ്യത്തെ രണ്ടാമനായി കണക്കാക്കപ്പെട്ടിരുന്നെങ്കിലും കിം ഇൽ സുങ്ങിന്‍റെ പേരക്കുട്ടിയായ കിം ജോങ് ഉൻ ഉത്തര കൊറിയയുടെ പരമാധികാരിയായി സ്ഥാനമേൽക്കും വരെയേ ആ പദവിക്ക് നിലനില്‍പ്പുണ്ടായുള്ളു. 1972 ൽ ദക്ഷിണ കൊറിയയുമായുള്ള സമാധാനക്കരാർ ഒപ്പുവച്ചത് കിം യോങ് ജു ആയിരുന്നെങ്കിലും 1973 ൽ കിം ജോങ് ഉന്‍ അധികാരം ഏറ്റെടുത്തോടെ യോങ് ജു രാഷ്ട്രീയ രംഗത്തുനിന്ന് പതിയെ അപ്രത്യക്ഷനാവുകയായിരുന്നു.
ദുരൂഹതകളേറെയുള്ള രാജ്യത്തിന്‍റെ അണിയറയില്‍ എന്തെല്ലാമാണെന്ന് നടക്കുന്നതെന്ന് പുറംലോകത്തിന് ഇന്നും അജ്ഞാതമാണ് . പക്ഷേ കിം ജോങ് ഉന്നിന്‍റെ ആരോഗ്യനില അത്ര തൃപ്തികരമല്ലെന്ന വാര്‍ത്തകള്‍ ഇതിനോടകം തന്നെ പലകേന്ദ്രങ്ങളില്‍ നിന്നും പുറത്തുവന്നിരുന്നു . അനന്തരാവകാശിയാരെന്ന ചര്‍ച്ചയ്ക്ക് ആക്കം കൂടിയതും അതുകൊണ്ടുതന്നെ . അത് ഇപ്പോള്‍ പൊതുപരിപാടികളില്‍ സജീവമായ മകളോ അതോ മറ്റാരങ്കിലുമോ എന്നത് കാത്തിരുന്നു തന്നെ കാണാം.