സ്ത്രീകള്‍ക്കായി പ്രത്യേക സംഘടന രൂപീകരിച്ച് പാക് ഭീകരസംഘടന ജെയ്ഷെ മുഹമ്മദ്. ഓപ്പറേഷൻ സിന്ദൂറിൽ ഏറ്റ കനത്ത തിരിച്ചടിക്ക് പിന്നാലെയാണ് ജെയ്ഷെയുടെ ചുവടുമാറ്റമെന്നാണ് രാജ്യാന്തര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ജെയ്ഷെ തലവൻ മസൂദ് അസ്ഹർ പുറത്തുവിട്ട കത്തിലാണ് സ്ത്രീകള്‍ക്കായി പുത്തന്‍ സംഘടന രൂപീകരിക്കുന്നതിനെ കുറിച്ച് വ്യക്തമാക്കിയിരിക്കുന്നത്.
'ജമാഅത്തുൽ മുഅമിനാത്ത്’എന്നാണ് സംഘടനയുടെ പേര്. മസൂദ് അസ്ഹറിന്റെ സഹോദരി സദിയ അസ്ഹറാണ് വനിതാ വിഭാഗത്തിനു നേതൃത്വം നൽകുക. ജെയ്ഷെ അംഗങ്ങളുടെ ഭാര്യമാരെയും സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന യുവതികളെയും സംഘടനയുടെ ഭാഗമാക്കാനാണു ലക്ഷ്യം. ഇന്ത്യയിലുൾപ്പെടെ വേരുറപ്പിക്കാന്‍ 'ജമാഅത്തുൽ മുഅമിനാത്തിന്' പദ്ധതിയുണ്ടെന്നാണ് റിപ്പോർട്ടുകൾ. നേരിട്ടുളള ഭീകരപ്രവര്‍ത്തനങ്ങള്‍ക്ക് പകരം സമൂഹമാധ്യമങ്ങളിലൂടെയും മറ്റുമുളള ഇടപെടലുകളാണ് 'ജമാഅത്തുൽ മുഅമിനാത്ത്’ലക്ഷ്യം വയ്ക്കുന്നത്.
സായുധ ദൗത്യങ്ങളിലോ യുദ്ധ ദൗത്യങ്ങളിലോ പങ്കെടുക്കുന്നതിൽ നിന്ന് ജെയ്ഷെ മുഹമ്മദ് നേരത്തെ സ്ത്രീകളെ വിലക്കിയിരുന്നു. എന്നാല്‍ ഓപ്പറേഷന്‍ സിന്ദൂറിലൂടെ സംഘടനയ്ക്കുണ്ടായ കനത്ത തിരിച്ചടി പുതിയ സംഘടനയുടെ പിറവിക്ക് കാരണമായെന്നാണ് റിപ്പോര്‍ട്ടുകള്‍. ഓപ്പറേഷൻ സിന്ദൂർ ആക്രമണത്തിൽ സദിയ അസ്ഹറിന്റെ ഭർത്താവ് യൂസുഫ് അസ്ഹർ ഉൾപ്പെടെ മസൂദ് അസ്ഹറിന്റെ നിരവധി കുടുംബാംഗങ്ങൾ കൊല്ലപ്പെട്ടിരുന്നു. അതേസമയം 'ജമാഅത്തുൽ മുഅമിനാത്ത്’ റിക്രൂട്മെന്‍റ് ബഹാവൽപുരിൽ ഇന്നലെ തുടങ്ങിയതായാണ് റിപ്പോർട്ടുകൾ.