ഗാസയില്‍ യുദ്ധം നടത്താന്‍ ഇസ്രയേലിനെ യു.എസ് അകമഴിഞ്ഞു സഹായിക്കുന്നതായി പഠനം. രണ്ടു വര്‍ഷത്തിനിടെ 21.7 ബില്യണ്‍ ഡോളറിന്‍റെ സൈനിക സഹായം യു.എസില്‍ നിന്നും ഇസ്രയേലിന് ലഭിച്ചു എന്നാണ് പുതിയ അക്കാദമിക് പഠനം ചൂണ്ടിക്കാട്ടുന്നത്. ജോ ബൈഡന്‍റെയും ഡൊണള്‍ഡ് ട്രംപിന്‍റെയും ഭരണ കാലത്തുള്ള സഹായത്തിന്‍റെ കണക്കാണിത്.
ഡെമോക്രാറ്റിക് പ്രസിഡന്‍റായിരുന്ന ജോ ബൈഡൻ അധികാരത്തിലിരുന്നപ്പോൾ യുദ്ധത്തിന്‍റെ ആദ്യ വർഷം 17.9 ബില്യൺ ഡോളറാണ് (192,589 കോടി രൂപ) സഹായമായി നല്‍കിയത്. രണ്ടാം വർഷം 3.8 ബില്യൺ ഡോളറും അമേരിക്ക ഇസ്രായേലിന് നൽകി. ചില സൈനിക സഹായങ്ങൾ ഇതിനകം വിതരണം ചെയ്തു കഴിഞ്ഞുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. വാഷിംഗ്ടൺ ആസ്ഥാനമായുള്ള ക്വിൻസി ഇൻസ്റ്റിറ്റ്യൂട്ട് ഫോർ റെസ്‌പോൺസിബിൾ സ്റ്റേറ്റ്‌ക്രാഫ്റ്റുമായി ചേർന്നാണ് റിപ്പോർട്ട് തയ്യാറാക്കിയത്.
മധ്യേഷ്യയില്‍ സൈനിക സഹായത്തിനും നടപടികള്‍ക്കുമായി യു.എസ് 10 ബില്യണ്‍ ഡോളറില്‍ കൂടുതല്‍ ചെലവാക്കി എന്നാണ് ബ്രൗൺ യൂണിവേഴ്‌സിറ്റിയുടെ വാട്‌സൺ സ്‌കൂൾ ഓഫ് ഇന്‍റര്‍നാഷണല്‍ ആൻഡ് പബ്ലിക് അഫയേഴ്‌സ് നടത്തിയ പഠനം പറയുന്നത്. യുഎസിന്‍റെ പണവും ആയുധവും ഉപയോഗിച്ചാണ് ഗാസയില്‍ യുദ്ധം മുന്നോട്ട് കൊണ്ടു പോകുന്നതെന്നും ഇറാനെ ആക്രമിച്ചതും യെമനില്‍ ബോംബാക്രമണം നടത്തുന്നത് ഈ സഹായം കൊണ്ടാണെന്നും റിപ്പോര്‍ട്ട് പറയുന്നു.
യെമനിലെ ഹൂതികള്‍ക്ക് നേരെ നടത്തിയ വ്യോമാക്രമണവും ഇറാന്‍റെ ആണവനിലയങ്ങള്‍ക്ക് നേരെ നടത്തിയ ആക്രമണങ്ങളും 9.65 ബില്യണ്‍ മുതല്‍ 12 ബില്യണ്‍ ഡോളര്‍ വരെ ചെലവ് വരുന്നതാണ് എന്നാണ് റിപ്പോര്‍ട്ടിലുള്ളത്. അതേസമയം, 2023 ഒക്ടോബറിന് ശേഷം ഇസ്രയേലിന് നല്‍കിയ സാമ്പത്തിക സഹായം എത്രയെന്നതില്‍ യുഎസ് ഇതുവരെ വ്യക്തമാക്കിയിട്ടില്ല.
ട്രംപിന്‍റെ നേതൃത്വത്തില്‍ ഗാസയില്‍ സമാധാനം കൊണ്ടുവരാനുള്ള പദ്ധതി നടപ്പാക്കാനിരിക്കെയാണ് റിപ്പോര്‍ട്ട് പുറത്തുവന്നത്. ഇസ്രയേല്‍, ഹമാസ് ഉദ്യോഗസ്ഥര്‍ ഈജിപ്തില്‍ അനൗദ്യോഗിക ചര്‍ച്ചകള്‍ ആരംഭിച്ചിട്ടുണ്ട്. ട്രംപിന്‍റെ 20 ഇന ഗാസ പ്ലാന്‍ കഴിഞ്ഞ ദിവസം ഹമാസ് ഭാഗികമായി അംഗീകരിച്ചിരുന്നു.