അമേരിക്കയിലെ ഡാളസില്‍ ഇന്ത്യന്‍ വിദ്യാര്‍ഥി വെടിയേറ്റു മരിച്ചു. ഹൈദരാബാദ് സ്വദേശിയായ ചന്ദ്രശേഖര്‍ പോള്‍ ആണ് മരിച്ചത്. ഗ്യാസ് സ്റ്റേഷനില്‍ പാര്‍ടൈമായി ജോലി ചെയ്തുവന്ന ചന്ദ്രശേഖറിന് വെള്ളിയാഴ്ച രാത്രിയിലാണ് വെടിയേറ്റത്. ബിഡിഎസ് പഠനത്തിന് ശേഷം ഉപരിപഠനത്തിനായി 2023ലാണ് ചന്ദ്രശേഖര്‍ യുഎസിലേക്ക് പോയത്. ആറുമാസം മുന്‍പ് പിജി പഠനം പൂര്‍ത്തിയാക്കിയ ചന്ദ്രശേഖര്‍ മുഴുവന്‍ സമയജോലിക്കായുള്ള തീവ്ര ശ്രമങ്ങളിലായിരുന്നു. ചന്ദ്രശേഖറിന്‍റെ മരണത്തില്‍ ഹൂസ്റ്റണിലെ ഇന്ത്യന്‍ കോണ്‍സുലേറ്റ് അനുശോചനം രേഖപ്പെടുത്തി. വിദ്യാര്‍ഥിയുടെ കുടുംബവുമായി ബന്ധപ്പെട്ടുവെന്നും ആവശ്യമായ മേല്‍നടപടികള്‍ സ്വീകരിക്കുമെന്നും കോണ്‍സുലേറ്റ് പ്രസ്താവനയില്‍ അറിയിച്ചു. പ്രാദേശിക പൊലീസ് അക്രമിക്കായി തിരച്ചില്‍ നടത്തുകയാണെന്നും കോണ്‍സുലേറ്റ് നിരന്തരം വിവരങ്ങള്‍ ശേഖരിക്കുന്നുണ്ടെന്നും അധികൃതര്‍ കൂട്ടിച്ചേര്‍ത്തു.
ചന്ദ്രശേഖറിന്‍റെ മൃതദേഹം എത്രയും വേഗം നാട്ടിലെത്തിക്കുന്നതിനുള്ള നടപടികള്‍ പുരോഗമിക്കുകയാണെന്നും തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി പറഞ്ഞു. മകന്‍റെ വിയോഗം താങ്ങാന്‍ കുടുംബത്തിന് കഴിയട്ടെയെന്നാണ് പ്രാര്‍ഥനയെന്നും ആത്മാവിന് ശാന്തി കിട്ടട്ടെയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കുടുംബത്തിന് വേണ്ട എല്ലാ സഹായങ്ങളും സര്‍ക്കാര്‍ ഒരുക്കുമെന്നും രേവന്ത് റെഡ്ഡി വ്യക്തമാക്കി.
ജനുവരിയില്‍ കണക്ടികട്ടില്‍ തെലങ്കാന സ്വദേശിയായ 26കാരന്‍ അജ്ഞാതന്‍റെ വെടിയേറ്റ് കൊല്ലപ്പെട്ടിരുന്നു. കഴിഞ്ഞ മാസമാണ് റൂം മേറ്റിനെ കുത്തിയെന്ന പേരില്‍ ഇന്ത്യക്കാരനെ യുഎസ് പൊലീസ് വെടിവച്ച് കൊന്നതും. രാത്രി വൈകി ജോലി ചെയ്യുന്ന രാജ്യാന്തര വിദ്യാര്‍ഥികളുടെ സുരക്ഷ വര്‍ധിപ്പിക്കുന്നതിനായുള്ള സത്വര നടപടികള്‍ സര്‍ക്കാര്‍ സ്വീകരിക്കണമെന്ന് ആവശ്യം ഉയര്‍ന്നിട്ടുണ്ട്.