AI IMAGE (പ്രതീകാത്മക ചിത്രം)
സിങ്കപൂരില്‍ 16 വയസുകാരന്‍ സുഹൃത്തിനൊപ്പം ചേര്‍ന്ന് 13 വയസ്സുള്ള പെൺകുട്ടിയെ ബലാൽസംഗം ചെയ്തുവെന്ന കേസിൽ കുറ്റം സമ്മതിച്ച് പ്രതി. സുഹൃത്ത് പെൺകുട്ടിയെ ബലാൽസംഗം ചെയ്യാൻ മടിച്ചപ്പോൾ, അത് എങ്ങനെ ചെയ്യാമെന്ന് പ്രതിയായ 16കാരന്‍ തന്നെ കാണിച്ചുകൊടുക്കുകയായിരുന്നു.
18 വയസ്സിനു താഴെയായതിനാൽ പ്രതിയുടെ പേരുവിവരങ്ങള്‍ പൊലീസ് പുറത്തുവിട്ടിട്ടില്ല. പ്രതിയായ 16കാരന്‍ ബലാൽസംഗം, മർദ്ദനം തുടങ്ങിയ കുറ്റകൃത്യങ്ങള്‍ താന്‍ ചെയ്തുവെന്ന് കോടതിയില്‍ സമ്മതിച്ചു.
2023 സെപ്റ്റംബർ 1-നാണ് കേസിന് ആസ്പദമായ സംഭവമുണ്ടായത്. 16കാരനും സുഹൃത്തുക്കളും പീഡനത്തിനിരയായ പെൺകുട്ടിയും ചേർന്ന് പെറ്റിർ റോഡിലെ കളിസ്ഥലത്ത് വെച്ച് മദ്യം കഴിക്കുകയായിരുന്നു. രണ്ട് ബോട്ടിലിൽ അധികം മദ്യം അകത്താക്കിയ പെൺകുട്ടി ഛർദിക്കുകയും, മൂന്ന് പെൺസുഹൃത്തുക്കൾ ചേർന്ന് അവളെ സമീപത്തെ കാർപാർക്കിലെ സ്ടെയർകേസിൽ കൊണ്ടുപോകുകയും ചെയ്തു. അവിടെ, വെച്ച് ഛർദിയിൽ മലിനമായ ഷോർട്ട്‌സ് മാറ്റി പുതിയ വസ്ത്രം 13കാരിയെ ധരിപ്പിച്ചു. ശേഷം 16കാരന്‍ മറ്റുള്ളവരോട് പോകാൻ ആവശ്യപ്പെടുകയും, തന്റെ 2 കൂട്ടുകാര്‍ക്കൊപ്പം അവിടെ തുടരുകയും ചെയ്തു. ഒരാളെ പൊലീസ് വരുന്നുണ്ടോയെന്ന് നോക്കാന്‍ ഏര്‍പ്പാടാക്കിയ ശേഷം പെൺകുട്ടിയെ ലൈംഗികമായി അവന്‍ പീഡിപ്പിക്കുകയായിരുന്നു. ഒപ്പമുള്ള കൂട്ടുകാരനോട് ലൈംഗിക ബന്ധത്തിലേര്‍പ്പെടാന്‍ നിര്‍ബന്ധിക്കുകയും ചെയ്തു.
ലൈംഗിക പീഡനത്തിനിടെ സുഹൃത്ത് പൊലീസ് വരുന്നതായി അറിയിച്ചപ്പോൾ അവർ വേഗത്തിൽ പെൺകുട്ടിയെ വസ്ത്രങ്ങൾ ധരിപ്പിച്ചു. അപ്പൊഴെല്ലാം 13കാരി മദ്യലഹരിയില്‍ ബോധം കെട്ട അവസ്ഥയിലായിരുന്നു. പൊലീസിന് അവിടെ ലൈംഗിക പീഡനം നടന്നുവെന്ന് മനസിലാക്കാനായില്ല. 2024 ജനുവരിയിലാണ് ഈ സംഭവം പുറത്ത് വന്നത്. പൊലീസ് വരുന്നുണ്ടോയെന്ന് നോക്കാന്‍ ഏല്‍പ്പിച്ചിരുന്ന സുഹൃത്ത് കൗണ്‍സിലിങ്ങിനിടെ മനഃശാസ്ത്രജ്ഞനോട് ഈ വിവരം പറഞ്ഞപ്പോഴാണ് ഇത് പുറംലോകമറിയുന്നത്. 16കാരനും ഇതേ 13 വയസ്സുകാരിയും 2023 ഓഗസ്റ്റിൽ അഞ്ചു തവണ സമ്മതപ്രകാരം ലൈംഗികബന്ധത്തിൽ ഏർപ്പെട്ടതായും തെളിഞ്ഞു. ഒക്ടോബർ 22-ന് കേസില്‍ ശിക്ഷ വിധിക്കും.