TOPICS COVERED

ജോലിക്ക് പോകാൻ ആവശ്യപ്പെട്ട ഭാര്യയെ ശ്വാസംമുട്ടിച്ച് കൊന്ന് ഭർത്താവ്. ഭോപ്പാലിലാണ് സംഭവം. മധ്യപ്രദേശിലെ രേവ സ്വദേശിയായ നേഹ പട്ടേലാണ് (24) കൊല്ലപ്പെട്ടത്. ഭർത്താവ് രഞ്ജീത് പട്ടേൽ പബ്‌ജി ഗെയിമിന് അടിമയായിരുന്നു. ഇതിനെ തുടർന്നുണ്ടായ തർക്കങ്ങളാണ് കൊലപാതകത്തിൽ കലാശിച്ചത്. തോർത്ത് ഉപയോഗിച്ച് ശ്വാസം മുട്ടിച്ചാണ് നേഹയെ രഞ്ജീത് കൊലപ്പെടുത്തിയത്. 

തൊഴിൽരഹിതനായ രഞ്ജീത് മണിക്കൂറുകളോളം മൊബൈൽ ഗെയിം കളിച്ചത് ഭാര്യ ചോദ്യം ചെയ്യുകയും എന്തെങ്കിലും ജോലിക്കു പോകാൻ ആവശ്യപ്പെടുകയും ആയിരുന്നു. പിന്നാലെയുണ്ടായ തർക്കത്തിനിടെ പ്രകോപിതനായ രഞ്ജീത് നേഹയെ ക്രൂരമായി ശ്വാസം മുട്ടിച്ചു കൊലപ്പെടുത്തുകയായിരുന്നു. 

കൊലപാതകത്തിനു ശേഷം നേഹയുടെ സഹോദരി ഭർത്താവിന് രഞ്ജിത് സന്ദേശം അയച്ചു. താൻ നേഹയെ കൊന്നുവെന്നും അവളെ തിരികെ കൊണ്ടുപോകണം എന്നുമായിരുന്നു സന്ദേശം. ശേഷം ഇയാൾ വീട്ടിൽ നിന്നും കടന്നുകളഞ്ഞു. ദമ്പതികളുടെ വീട്ടിലെത്തിയപ്പോൾ മരിച്ചുകിടക്കുന്ന നേഹയെ ആണ് കുടുംബം കണ്ടത്. ഉടൻ പൊലീസിൽ വിവര അറിയിക്കുകയായിരുന്നു. പ്രതിക്കായി അന്വേഷണം തുടങ്ങിയെന്ന് പൊലീസ് പറഞ്ഞു. 

6 മാസം മുൻപായിരുന്നു നേഹയുടെയും രഞ്ജീതിന്റെയും വിവാഹം. രഞ്ജിതും ബന്ധുക്കളും നിരന്തരം സ്ത്രീധനം ആവശ്യപ്പെട്ടിരുന്നതായി നേഹയുടെ കുടുംബം ആരോപിച്ചു. കാർ വേണമെന്നാണ് ഏറ്റവും ഒടുവിൽ ആവശ്യപ്പെട്ടത്. രഞ്ജീതിനെ ഉടൻ കണ്ടെത്തണമെന്നും ഇയാളുടെ കുടുംബത്തിനെതിരെ നടപടി വേണമെന്നും നേഹയുടെ കുടുംബം ആവശ്യപ്പെട്ടു.

ENGLISH SUMMARY:

A man killed his wife after she asked him to get a job. The incident occurred in Bhopal, where the husband, addicted to PUBG, strangled his wife following an argument about his unemployment and gaming habits.