ആര്യതാര ശാക്യ (AP Photo/Niranjan Shrestha)
പ്രായപൂര്‍ത്തിയാകും വരെ ദേവത, പ്രായപൂർത്തിയാകുമ്പോൾ മനുഷ്യ സ്ത്രീ. നേപ്പാളിലെ ‘കുമാരി’യുടെ ജീവിതവും അതിനുപിന്നിലെ ഐതിഹ്യവും ഇന്നും കൗതുകമാണ്. ചിരിക്കാൻ പോലും അനുവാദമില്ലാത്ത പെണ്‍കുഞ്ഞുങ്ങള്‍. നൂറ്റാണ്ടുകൾ പഴക്കമുള്ള ആ ആചാരങ്ങള്‍ക്കും വിശ്വാസങ്ങള്‍ക്കും പുതിയ അവകാശി എത്തിയിരിക്കുകയാണ്. രണ്ട് വയസ്സും എട്ട് മാസവും മാത്രം പ്രായമുള്ള ആര്യതാര ശാക്യ.
ആര്യതാര പിതാവിനൊപ്പം (AP Photo/Niranjan Shrestha)
ചൊവ്വാഴ്ച നടന്ന ഉത്സവത്തോടെയാണ് ആര്യതാര നേപ്പാളിന്റെ പുതിയ കുമാരിയായി മാറിയത്. ഇനി ഈ രണ്ടുവയസുകാരിയുടെ ജീവിതം ക്ഷേത്രത്തിലെ കൊട്ടാരത്തിലായിരിക്കും. ആര്യതാരയുടെ സ്ഥാനാരോഹണത്തിന് മുന്നോടിയായി ഇപ്പോഴത്തെ കുമാരി 11 വയസ്സുള്ള തൃഷ്ണ ശാക്യയെയും വഹിച്ചുള്ള പല്ലക്ക് കൊട്ടാരത്തിന്‍റെ പിൻവശത്തെ കവാടത്തിലൂടെ മടങ്ങി. 2017 ൽ ‘ജീവിക്കുന്ന ദേവത’യായ തൃഷ്ണ ഇനി സാധാരണ ബാലിക മാത്രം.
കുമാരിമാരുടെ തിരഞ്ഞെടുപ്പ്
കാഠ്മണ്ഡു താഴ്‌വരയിലെ തദ്ദേശീയരായ നേവാരി സമുദായത്തിലെ ഷാക്യാകുലത്തിൽ നിന്നാണ് കുമാരിമാരെ തിരഞ്ഞെടുക്കുന്നത്. രണ്ടിനും നാലിനും ഇടയിൽ പ്രായമുള്ള പെൺകുട്ടികളെയാണ് കുമാരിയായി തിരഞ്ഞെടുക്കുക. കളങ്കമില്ലാത്ത ചർമ്മം, മുടിയും കണ്ണുകളും പല്ലുകളും ഉണ്ടായിരിക്കണം. ഇരുട്ടിനെ ഭയപ്പെടരുത്. കുമാരി എപ്പോഴും ചുവന്ന വസ്ത്രം ധരിക്കും. മുടി മുകളിലേക്ക് കെട്ടിവച്ച് നെറ്റിയിൽ ‘മൂന്നാം കണ്ണ്’ വരച്ചിട്ടുണ്ടാകും. തലേജു എന്ന ദേവതയുടെ പ്രതിരൂപമാണ് ഇവര്‍ എന്നാണ് വിശ്വാസം. ഋതുമതിയാവുന്നതോടെ അവരുടെ ദൈവീക ശക്തി നഷ്ടപ്പെടുമെന്നും കരുതപ്പെടുന്നു. നേപ്പാളിലെ ഹിന്ദു–ബുദ്ധ മതാനുയായികളാണ് കുമാരിമാരെ ആരാധിക്കുന്നത്.
കഠിനമായ നിഷ്ഠകളും ആചാരങ്ങളുമാണ് കുമാരികളാവാൻ പോകുന്ന പെൺകുഞ്ഞുങ്ങളെ കാത്തിരിക്കുന്നത്. പാദം നിലത്തു സ്പർശിക്കാൻ പാടില്ല. പ്രധാനപ്പെട്ട ഉത്സവങ്ങൾക്കോ ആഘോഷങ്ങൾക്കോ മാത്രമേ പുറത്തിറങ്ങൂ. കുമാരികളെ ചുമലിലേറ്റിയാണ് രഥത്തിലേക്ക് എഴുന്നള്ളിക്കുക. നിത്യവും ദേവിയെ പൂജിക്കുകയും ആരാധിക്കുകയും ചെയ്യണം. മത്സ്യം മാംസം തുടങ്ങിയവ ഉപയോഗിക്കാൻ പാടില്ല. കുമാരികളുമായി അടുത്തിടപഴകുന്നവരും ഈ ചിട്ടവട്ടങ്ങൾ കർശനമായി പാലിക്കണം.
ആര്യതാരയും കുടുംബവും (AP Photo/Niranjan Shrestha)
ദര്‍ശനം പുണ്യം; ചിരിച്ചാല്‍ മരണം
കുമാരിമാരുടെ ദർശനം തന്നെ പുണ്യമാണെന്നാണ് വിശ്വാസം. പുതിയ കുമാരിയായ ആര്യതാര ശാക്യയുടെയും പാദങ്ങള്‍ സ്പര്‍ശിക്കാന്‍, നെറ്റിയില്‍ വച്ച് അനുഗ്രഹം വാങ്ങാന്‍ നിരവധി ഭക്തരാണ് എത്തിയത്. നേപ്പാള്‍ പ്രസിഡന്‍റ് ഉള്‍പ്പെടെയുള്ളവരെയും ആര്യതാര അനുഗ്രഹിക്കും. കുമാരിമാർ നോക്കുന്നതു തന്നെ അനുഗ്രഹമാണെന്നാണ് വിശ്വാസം. പക്ഷേ അവരുടെ ചിരി നേപ്പാളുകാര്‍ക്ക് ഭയമാണ്. കാരണം കുമാരിമാരുടെ ചിരി സ്വർഗത്തിലേക്കുള്ള ക്ഷണമാണ്. അവൾ ആരെനോക്കി ചിരിച്ചാലും അയാൾ വൈകാതെ മരണപ്പെടുമെന്നാണ് വിശ്വാസം.
കുമാരിയുടെ വാസസ്ഥലം (കുമാരി ഗര്‍) (AP Photo/Niranjan Shrestha)
പിന്തുടരുന്ന ഒറ്റപ്പെടല്‍
മക്കളെ ‘കുമാരി’യാക്കാന്‍ നേപ്പാളിലെ ഷാക്യ വംശത്തിലെ കുടുംബങ്ങൾ മല്‍സരിക്കാറുണ്ട്. കാരണം കുമാരിയുടെ കുടുംബം സമൂഹത്തിലും കുലത്തിലും വംശത്തിലും ഉന്നത സ്ഥാനം നേടുന്നു. പക്ഷേ കുമാരിമാരോ? ഒറ്റപ്പെട്ട ജീവിതമാണ് അവരുടേത്. കുഞ്ഞുങ്ങളായ അവര്‍ക്ക് കളിക്കൂട്ടുകാർ പോലും ഉണ്ടാവില്ല. ഉത്സവങ്ങൾക്കോ ആഘോഷങ്ങൾക്കോ മാത്രമേ ക്ഷേത്രത്തിലെ കൊട്ടാരത്തിന് പുറത്തുപോകാൻ അനുവാദമുള്ളൂ. മുന്‍പ് വിദ്യാഭ്യാസമുപേക്ഷിച്ച് ഉറ്റവരെയും ഉടയവരെയും ഉപേക്ഷിച്ച് ഏകാന്ത ജീവിതം നയിക്കണം എന്നായിരുന്നു വ്യവസ്ഥ. എന്നാല്‍ ഇപ്പോള്‍ ചെറിയ മാറ്റങ്ങള്‍ വന്നു തുടങ്ങിയിട്ടുണ്ട്. ഏതാനും വർഷങ്ങളായി ‘കുമാരി’ക്ക് കൊട്ടാരത്തിനുള്ളിൽ വിദ്യാഭ്യാസം നേടാനും ടിവി കാണാനും അനുവാദമുണ്ട്.
മുന്‍ കുമാരി തൃഷ്ണ ശാക്യ (REUTERS/Monika Malla)
ഋതുമതിയാകുന്നതോടെ ‘കുമാരി’ സ്ഥാനത്ത് നിന്ന് മാറേണ്ടിവരുന്ന പെണ്‍കുട്ടികള്‍, അതായത് മുന്‍ കുമാരിമാര്‍ സാധാരണ ജീവിതവുമായി പൊരുത്തപ്പെടാന്‍ പ്രയാസപ്പെടാറുണ്ട്. നേപ്പാളിലെ നാടോടിക്കഥകൾ അനുസരിച്ച് മുൻ കുമാരിയെ വിവാഹം കഴിക്കുന്ന പുരുഷന്മാർ ചെറുപ്പത്തിൽത്തന്നെ മരിക്കുമത്രേ. അതിനാൽ നിരവധി മുന്‍ കുമാരിമാര്‍ ഇന്നും അവിവാഹിതരായി തുടരുന്നു. ‘കുമാരി’ പദവി ഒഴിയുന്നവര്‍ക്ക് നേപ്പാള്‍ സര്‍ക്കാര്‍ ചെറിയ പ്രതിമാസ പെൻഷന്‍ നല്‍കുന്നുണ്ട്.