ഇന്തോനേഷ്യയില്‍ തകര്‍ന്നുവീണ സ്കൂളിന്‍റെ അവശിഷ്ടങ്ങള്‍ക്കിടയില്‍ തിരച്ചില്‍ നടത്തുന്ന രക്ഷാപ്രവര്‍ത്തകര്‍

  • ഒരുദിവസം പിന്നിട്ടിട്ടും പ്രതീക്ഷയില്ലാതെ രക്ഷാപ്രവര്‍ത്തനം
  • സ്കാനറുകളും റഡാറുകളും ഉപയോഗിച്ച് പരിശോധിച്ചിട്ടും കുട്ടികളെ കണ്ടെത്താനാകുന്നില്ല
  • 59 കുട്ടികളെ കാണാനില്ല; മരണം 5; പരുക്കേറ്റവര്‍ 105

ഇന്തോനേഷ്യയിലെ കിഴക്കന്‍ ജാവയില്‍ സ്കൂള്‍ കെട്ടിടം തകര്‍ന്ന് അവശിഷ്ടങ്ങള്‍ക്കടിയില്‍പ്പെട്ട കുട്ടികളില്‍ 59 പേരെ ഇതുവരെ കണ്ടെത്താനായില്ല. ഇന്നലെ വൈകിട്ട് പ്രാര്‍ഥനാസമയത്താണ് സ്കൂള്‍ കെട്ടിടം ഇടിഞ്ഞുവീണത്. അഞ്ച് മൃതദേഹങ്ങള്‍ കണ്ടെത്തി. പരുക്കേറ്റ 105 പേരില്‍ 25 പേര്‍ ഇപ്പോഴും ചികില്‍സയിലാണ്. കോണ്‍ക്രീറ്റ് അവശിഷ്ടങ്ങള്‍ക്കടിയില്‍ കുടുങ്ങിയ കുട്ടികളെ കണ്ടെത്തല്‍ അതീവദുഷ്കരമാണ്. അപകടകരമായി നില്‍ക്കുന്ന അവശിഷ്ടങ്ങള്‍ യന്ത്രക്കൈ ഉപയോഗിച്ച് മാറ്റാനോ തകര്‍ക്കാനോ ശ്രമിച്ചാല്‍ മുഴുവനായി തകര്‍ന്നുവീഴും എന്ന ആശങ്ക ഉള്ളതുകൊണ്ടാണ് സമയമെടുത്ത് സൂക്ഷ്മമായി നീക്കുന്നത്.

കിഴക്കന്‍ ജാവയില്‍ തകര്‍ന്നുവീണ സ്കൂള്‍ കെട്ടിടത്തിന്‍റെ മുകളില്‍ നിന്നുള്ള ദൃശ്യം

രക്ഷാപ്രവര്‍ത്തനം വൈകുന്തോറും മാതാപിതാക്കളുടെയും രക്ഷാപ്രവര്‍ത്തകരുടെയും ആശങ്ക വര്‍ധിക്കുകയാണ്. പന്ത്രണ്ടിനും പത്തൊന്‍പതിനുമിടയില്‍ പ്രായമുള്ള കുട്ടികളാണ് അപകടത്തില്‍പ്പെട്ടത്. പഴക്കംചെന്ന രണ്ടുനിലക്കെട്ടിടത്തിന്‍റെ മുകളില്‍ രണ്ടുനിലകൂടി പണിയാന്‍ ശ്രമിച്ചതാണ് വന്‍ദുരന്തത്തില്‍ കലാശിച്ചത്. നാലാമത്തെ നിലയുടെ നിര്‍മാണം നടക്കുന്നതിനിടെ ഭാരം താങ്ങാന്‍ കഴിയാതെ താഴത്തെ നിലയുടെ തൂണുകള്‍ തകര്‍ന്നുവീഴുകയായിരുന്നു. താഴത്തെ നിലയിലെ ഹാളില്‍ പ്രാര്‍ഥനയില്‍ പങ്കെടുത്തിരുന്ന കുട്ടികളുടെ മുകളിലേക്കാണ് കോണ്‍ക്രീറ്റ് തൂണുകളും വാര്‍പ്പും മതിലുകളും തകര്‍ന്നുവീണത്.

ഇന്തോനേഷ്യയില്‍ സ്കൂള്‍ കെട്ടിടം തകര്‍ന്ന് കാണാതായ കുട്ടികളുടെ ഉറ്റവരുടെ വിലാപം

കിഴക്കന്‍ ജാവയിലെ സിദോര്‍ജോ പ്രവിശ്യയിലെ അല്‍ ഖോസിനി ഇസ്‍ലാമിക് ബോര്‍‍ഡിങ് സ്കൂളിലാണ് ദുരന്തമുണ്ടായത്. സ്കൂളിലെ അറ്റന്‍ഡന്‍സ് രേഖകളും മറ്റും പരിശോധിച്ചാണ് 59 കുട്ടികളെ കാണാതായെന്ന് ദുരന്തനിവാരണ ഏജന്‍സി സ്ഥിരീകരിച്ചത്. രക്ഷാപ്രവര്‍ത്തകര്‍ രാവിലെ മുതല്‍ ഇവരുടെ പേരുകള്‍ ഉറക്കെ വിളിച്ചുചോദിക്കുന്നുണ്ടെങ്കിലും പ്രതികരണമുണ്ടായില്ല. മോഷന്‍ ഡിറ്റക്ടറുകളും സ്കാനറുകളും ഉപയോഗിച്ച് നടത്തിയ പരിശോധനകളിലും ആശാവഹമായ ഫലം ഉണ്ടായില്ലെന്ന് ദുരന്തനിവാരണ ഏജന്‍സി വക്താവ് അബ്ദുല്‍ മുഹാരി പറഞ്ഞു.

കിഴക്കന്‍ ജാവയില്‍ തകര്‍ന്ന സ്കൂള്‍ കെട്ടിടത്തിന്‍റെ അവശിഷ്ടങ്ങള്‍ കരുതലോടെ നീക്കാനുള്ള ശ്രമം

അപകടവിവരമറിഞ്ഞ് ഇന്നലെ മുതല്‍ കുട്ടികളുടെ മാതാപിതാക്കളും ബന്ധുക്കളും ഉറ്റവരും നാട്ടുകാരുമെല്ലാം സ്കൂളിലേക്ക് ഇരച്ചെത്തി. സ്കൂളിന്‍റെ പരിസരത്ത് തന്നെ ഇവര്‍ക്ക് താമസിക്കാന്‍ അധികൃതര്‍ സൗകര്യങ്ങള്‍ ചെയ്തുകൊടുത്തിട്ടുണ്ട്. ഞായറാഴ്ച വീട്ടിലെത്തി മടങ്ങിയ മക്കളെ കാണാതായതിന്‍റെ ആഘാതത്തിലാണ് എല്ലാവരും. കുട്ടികളെ ജീവനോടെ തിരിച്ചുകിട്ടുമെന്ന പ്രതീക്ഷയില്‍ പ്രാര്‍ഥനയുമായി ദുരന്തഭൂമിയില്‍ത്തന്നെ തങ്ങുന്ന അച്ഛനമ്മമാരുടെ ദൃശ്യങ്ങള്‍ ഹൃദയഭേദകമാണ്. കാണാതായ കുട്ടികളുടെ ഉറ്റബന്ധുക്കളുടെ ഡി.എന്‍.എ ശേഖരിക്കുന്നുണ്ട്. ആരോഗ്യപ്രവര്‍ത്തകരെപ്പോലും തളര്‍ത്തുന്നതാണ് ഇവിടത്തെ തേങ്ങലുകള്‍.

രക്ഷാപ്രവര്‍ത്തനം തുടരുന്നതിനിടെ കാണാതായ കുട്ടികളുടെ ഉറ്റവരുടെ ഡിഎന്‍എ സാംപിള്‍ ശേഖരിക്കുന്ന ആരോഗ്യപ്രവര്‍ത്തകര്‍

ENGLISH SUMMARY:

A school building collapse in East Java, Indonesia, has left 59 children still trapped under the concrete debris. The tragedy occurred during prayer time when the old two-story building, which was undergoing construction to add two more floors, gave way. So far, five bodies have been recovered, and 105 people were injured, with 25 still receiving medical care. Rescue operations are proceeding cautiously as the remaining structure is unstable, making it difficult to use heavy machinery. Authorities have confirmed the number of missing children, aged between twelve and nineteen, by checking school attendance records. Heartbroken parents are gathered at the site, anxiously awaiting news and praying for the safe return of their children.