delta-planes-collide

ന്യൂയോർക്കിലെ ലാഗാർഡിയ വിമാനത്താവളത്തില്‍ ടാക്സിവേയിലൂടെ നീങ്ങുന്നതിനിടെ രണ്ട് വിമാനങ്ങൾ കൂട്ടിയിടിച്ചു. ഡെൽറ്റ എയർലൈൻസിന്‍റെ വിമാനങ്ങളാണ് കൂട്ടിയിടിച്ചത്. അപകടത്തിൽ ഒരു വിമാനത്തിന്റെ ചിറകിന് ഗുരുതരമായ കേടുപാടുകൾ സംഭവിക്കുകയും ഒരു ജീവനക്കാന് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്. കൂട്ടിയിടിക്ക് പിന്നാലെയുള്ള വിഡിയോ ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.

ബുധനാഴ്ച വൈകുന്നേരം പ്രാദേശിക സമയം രാത്രി 9:56 ഓടെയാണ് സംഭവം. ഷാർലോട്ടിൽ നിന്ന് എത്തി ഗേറ്റിലേക്ക് നീങ്ങുകയായിരുന്ന എൻഡവർ എയർ ഫ്ലൈറ്റ് 5047, റോനോക്കിലേക്ക് പുറപ്പെടാൻ ഒരുങ്ങുകയായിരുന്ന എൻഡവർ എയർ ഫ്ലൈറ്റ് 5155 എന്നിവയാണ് കൂട്ടിയിടിച്ചത്. ഒരു വിമാനത്തിന്റെ വലത് ചിറക് മറ്റേ വിമാനത്തിന്റെ മുൻഭാഗത്ത് ഇടിക്കുകയായിരുന്നു. കൂട്ടിയിടിയുടെ ആഘാതത്തിൽ ഒരു വിമാനത്തിന്റെ ചിറകിന്റെ ഭാഗം വേർപെട്ടുപോവുകയും പൈലറ്റിന്റെ കാബിനിലെ വിൻഡ് ഷീൽഡിന് കേടുപാടുകൾ സംഭവിക്കുകയും ചെയ്തു.

വിമാനങ്ങളിലുണ്ടായിരുന്ന യാത്രക്കാരെ ഉടന്‍ തന്നെ സുരക്ഷിതമായി പുറത്തിറക്കി. പരുക്കേറ്റ ഒരു വിമാന ജീവനക്കാരനെ ഉടൻ തന്നെ ആശുപത്രിയിലേക്ക് മാറ്റി. ഇയാളുടെ പരുക്ക് ഗുരുതരമല്ലെന്നാണ് റിപ്പോര്‍ട്ട്. അപകടത്തെ തുടർന്ന് വിമാനത്താവളത്തിലെ മറ്റ് സർവീസുകൾ തടസ്സപ്പെട്ടില്ലെന്ന് എയർപോർട്ട് അതോറിറ്റി അറിയിച്ചു. സംഭവത്തിൽ ഫെഡറൽ ഏവിയേഷൻ അഡ്മിനിസ്ട്രേഷൻ അന്വേഷണം ആരംഭിച്ചു. 

ENGLISH SUMMARY:

A collision between two Delta Airlines planes occurred on the taxiway at LaGuardia Airport, New York, on Wednesday night around 9:56 PM local time. Endeavor Air Flight 5047, arriving from Charlotte, struck Endeavor Air Flight 5155, which was preparing for departure to Roanoke. The impact damaged one plane’s wing and cockpit windshield, injuring a crew member who was hospitalized with non-life-threatening injuries. Passengers were safely evacuated, and operations at the airport remained largely unaffected. The Federal Aviation Administration (FAA) has launched an investigation.