ai-plane-crash

വിമാനാപകടമുണ്ടായെന്ന എഐ വിഡിയോ ഇന്‍സ്റ്റഗ്രാമില്‍ അപ്‍ലോഡ് ചെയ്ത യുവാവിന് മുട്ടന്‍ പണി. പാടത്തും റെയില്‍വേ സ്റ്റേഷനിലും വിമാനം ലാന്‍ഡ് ചെയ്ത എഐ വിഡിയോയാണ് യുവാവ് ഇന്‍സ്റ്റഗ്രാമില്‍ അപ്‍ലോഡ് ചെയ്തത്. സംഭവത്തിന് പിന്നാലെ വിമാനത്താളം അധികൃതര്‍ അടിയന്തര യോഗം ചേര്‍ന്നു. വിഡിയോ വ്യാജമാണെന്ന് കണ്ടെത്തിയതോടെ യുവാവിനെതിരെ വിമാനത്താവളം ഡയറക്ടറും എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യയും പരാതി നല്‍കി. 

മധ്യപ്രദേശിലെ ജബല്‍പുരിലാണ് സംഭവം. ഇന്‍സ്റ്റഗ്രാമില്‍ ഫോളോവേഴ്‌സിനെ ലഭിക്കുന്നതിനായാണ് യുവാവ് എഐ ഉപയോഗിച്ച് വിമാന അപകടങ്ങളുടെ റീലുകൾ ഉണ്ടാക്കിയത്. വിഡിയോയ്ക്ക് മുന്നില്‍ നിന്ന് കാര്യം റിപ്പോര്‍ട്ട് ചെയ്യുന്ന രീതിയിലായിരുന്നു വിഡിയോകള്‍. ജബല്‍പുര്‍ റയില്‍വേ സ്റ്റേഷനിലെ ട്രാക്കില്‍ വിമാനം ലാന്‍ഡ് ചെയ്ത വിഡിയോയായിരുന്നു കൃത്രിമമായി സൃഷ്ടിച്ചതില്‍ ഒന്ന്. പാടത്ത് ലാന്‍ഡ് ചെയ്ത വിമാനത്തിന് സമീപം നാട്ടുകാര്‍ തടിച്ചുകൂടുന്നതും പൊലീസ് നിയന്ത്രിക്കുന്നതും വിഡിയോയിലുണ്ട്. 

ജബൽപൂരിലെ ഡുംന വിമാനത്താവളത്തിൽ അപകടമുണ്ടായതായും യുവാവ് എഐ ഉപയോഗിച്ച് വിഡിയോ ഉണ്ടാക്കി. ഇതോടെ വിഷയത്തില്‍ എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യ ഇടപെടുകയും പൊലീസില്‍ പരാതി നൽകുകയും ചെയ്തു. വിഡിയോ വ്യാപകമായി പ്രചരിച്ചതോടെ ജബല്‍പുര്‍ വിമാനത്താവളത്തില്‍ അധികൃതര്‍ സുരക്ഷായോഗം ചേര്‍ന്നു. വിഡിയോ വ്യാജമാണെന്ന് സ്ഥിരീകരിച്ചതോടെ വിമാനത്താവള ഡയറക്ടറും പൊലീസില്‍ പരാതി നല്‍കി. വിഡിയോ പ്രചരിപ്പിച്ച യുവാവിനെ കണ്ടെത്താന്‍ പൊലീസ് തിരച്ചില്‍ ഊര്‍ജിതമാക്കിയിട്ടുണ്ട്.

ENGLISH SUMMARY:

AI video airplane crash creates chaos after a user uploads a fake video to Instagram. Airport officials filed a complaint, highlighting the dangers of AI-generated misinformation and its potential to cause widespread panic and disruption.