യുക്രെയിനില്‍ വീണ്ടും കടുത്ത ആക്രമണവുമായി റഷ്യ. ഞായറാഴ്ച നടന്ന ആക്രമണത്തില്‍ നൂറുകണക്കിന് ഡ്രോണുകളും മിസൈലുകളുമാണ് റഷ്യ വര്‍ഷിച്ചത്. ആക്രമണത്തില്‍ നാലുപേര്‍ മരിച്ചതായും നിരവധി പേര്‍ക്ക് പരുക്കേറ്റതായും റിപ്പോര്‍ട്ടുണ്ട്. മരിച്ചവരില്‍ 12 വയസുള്ള പെണ്‍കുട്ടിയുള്ളതായും 67 പേർക്ക് പരിക്കേറ്റതായും സ്ഥിരീകരിക്കാത്ത റിപ്പോര്‍‍ട്ടുകള്‍ പുറത്തുവരുന്നുണ്ട്. യുദ്ധം ആരംഭിച്ചതിനുശേഷം റഷ്യന്‍ തലസ്ഥാനത്ത് നടന്ന വലിയ ആക്രമണങ്ങളിലൊന്നാണ് ഇന്നലെ നടന്നത്.

ഒറ്റരാത്രികൊണ്ട് 595 ഡ്രോണുകളും 48 മിസൈലുകളും റഷ്യ വിക്ഷേപിച്ചതായും ഇതില്‍ 568 ഡ്രോണുകളും 43 മിസൈലുകളും തങ്ങളുടെ വ്യോമ പ്രതിരോധം വെടിവച്ചിട്ടതായും യുക്രെയിന്‍ സൈന്യം അറിയിച്ചിട്ടുണ്ട്. ആക്രമണത്തിന്റെ പ്രധാന ലക്ഷ്യം യുക്രെയിന്‍ തലസ്ഥാനമായ കീവ് ആയിരുന്നുവെന്നും സൈന്യം സൂചിപ്പിച്ചു. ആക്രമണം 12 മണിക്കൂറിലധികം നീണ്ടുനിന്നുവെന്നും ഒരു ക്ലിനിക്ക്, ഫാക്ടറികൾ, റെസിഡൻഷ്യൽ കെട്ടിടങ്ങൾ എന്നിവയ്ക്ക് വ്യാപകമായ നാശനഷ്ടങ്ങൾ സംഭവിച്ചതായും യുക്രെയിന്‍ പ്രസിഡന്റ് വൊളോഡിമിർ സെലെൻസ്കി പറഞ്ഞു.

ആക്രമണത്തിന് പിന്നാലെ റഷ്യയുടെ അധിനിവേശത്തിന് ധനസഹായം നൽകുന്ന ഊർജ്ജ വരുമാനം വെട്ടിക്കുറയ്ക്കാൻ രാജ്യാന്തര സമൂഹത്തോട് സെലെൻസ്കി വീണ്ടും ആഹ്വാനം ചെയ്തിട്ടുണ്ട്. റഷ്യയ്ക്കു മേൽ ഉപരോധങ്ങൾ ഏർപ്പെടുത്താൻ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിനെ ബോധ്യപ്പെടുത്തുന്നതിൽ യുക്രെയിന്‍ ഇതുവരെ വിജയിച്ചിട്ടില്ല. നിർണ്ണായക നടപടിയെടുക്കേണ്ട സമയം കഴിഞ്ഞിട്ട് കാലം കുറേ ആയെന്നും, അമേരിക്ക, യൂറോപ്പ്, ജി7, ജി20 രാജ്യങ്ങളില്‍ നിന്ന് ശക്തമായ പ്രതികരണം പ്രതീക്ഷിക്കുന്നതായും സെലന്‍സ്കി ടെലിഗ്രാമിലൂടെ അറിയിച്ചു.

ENGLISH SUMMARY:

Ukraine witnessed one of the heaviest Russian assaults since the war began, as hundreds of drones and missiles rained down on Kyiv and other regions overnight. Ukrainian forces reported intercepting 568 out of 595 drones and 43 out of 48 missiles, yet the 12-hour-long attack caused widespread destruction to clinics, factories, and residential areas. At least four people, including a 12-year-old girl, were killed, while over 67 others sustained injuries. Ukrainian President Volodymyr Zelensky urged the international community to cut Russia’s energy revenues and impose tougher sanctions. Despite appeals, the US under President Donald Trump has not yet committed to further measures, while Europe, G7, and G20 nations face pressure to respond strongly to Russia’s escalating aggression.