Image Credit: Screengrab/x
ഐക്യരാഷ്ട്ര സംഘടനയില്‍ നടത്തിയ പ്രസംഗത്തിനിടെ നാക്കുപിഴച്ച് പാക് പ്രതിരോധ മന്ത്രി ഖ്വാജ ആസിഫ്. എഐ ഇന്നൊവേഷന്‍ ഡയലോഗിനിടെ കുറഞ്ഞത് ഏഴു തവണ പാക് പ്രതിരോധമന്ത്രിയെ നാക്കു ചതിച്ചു. യുഎന്‍ ജനറല്‍ സെക്രട്ടറി അന്‍റോണിയോ ഗുട്ടറസ് അധ്യക്ഷനായ ചടങ്ങില്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്‍റലിജന്‍സിനെയും ഇന്ത്യ–പാക് സംഘര്‍ഷത്തെയും കുറിച്ചായിരുന്നു ആസിഫിന്‍റെ പ്രസംഗം.
ബ്രീത്ത്റ്റേക്കിങ് സ്പേസ് എന്നുള്ളത് ബ്രീത്ത്റ്റേക്കിങ് പേസും, റിസ്ക് 'റിക്സും' ഡെവലപ്മെന്‍റ് 'ഡെവലപെന്‍ഡും' ആയി. ഫസ്റ്റ് ടൈം തെറ്റി 'സിര്‍സ്റ്റ് റ്റൈം' എന്നും സിക്സ് പില്ലേഴ്സ് എന്നുള്ളത് 'സിക്സ് പിപ് പില്ലറു'മായെന്ന് എഎന്‍ഐ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്ത വിഡിയോയില്‍ കാണാം.
നാക്കുപിഴ അതിവേഗം സമൂഹമാധ്യമങ്ങളില്‍ വൈറലായി. ഓപ്പറേഷന്‍ സിന്ദൂറോടെ ഖ്വാജ ആസിഫ് കുലുങ്ങിപ്പോയതാണെന്നായിരുന്നു ഒരാളുടെ പരിഹാസം. ഒരു വരി പോലും തെറ്റാതെ പറയാന്‍ പറ്റുന്നില്ലല്ലോ എന്ന് മറ്റൊരാളും പാക് ക്രിക്കറ്റ് ടീം കളിക്കുന്നത് പോലെ സംസാരിക്കുന്നുവെന്ന് വേറെ ഒരാളും കുറിച്ചിട്ടുണ്ട്. അപ്രതീക്ഷിതമായി ക്ലാസ് ടീച്ചര്‍ പാഠപുസ്തകം ഉറക്കെ വായിക്കാന്‍ ആവശ്യപ്പെട്ടത് പോലെയുള്ള പരിഭ്രമമെന്നും കമന്‍റുകളുണ്ട്.
പറയുന്നതിനെ കുറിച്ചൊന്നും ഒരു ധാരണയോ ഉറപ്പോ ഇല്ലാത്തത് കൊണ്ടാണ് ആസിഫിന് ഇങ്ങനെ വാക്കിടറുന്നതെന്നായിരുന്നു ഒരാള്‍ കുറിച്ചത്. ഇതാദ്യമായല്ല ഖ്വാജ ആസിഫിന് നാക്കു പിഴയ്ക്കുന്നതും അതുവച്ച് പാക് പ്രതിരോധ മന്ത്രിയെ സോഷ്യല്‍ മീഡിയ നിര്‍ത്തിപ്പൊരിക്കുന്നതും.