ഐക്യരാഷ്ട്രസഭയിൽ ഇസ്രയേൽ പ്രധാനമന്ത്രി നെതന്യാഹുവിന്‍റെ പ്രസംഗം ബഹിഷ്കരിച്ച് നിരവധി രാജ്യങ്ങളിലെ നയതന്ത്ര ഉദ്യോഗസ്ഥര്‍. നെതന്യാഹു സമ്മേളനത്തിൽ പ്രസംഗിക്കാൻ എത്തിയതും നയതന്ത്രജ്ഞർ യുഎൻ പൊതുസഭയിൽ നിന്ന് ഇറങ്ങിപ്പോകുകയായിരുന്നു. ഗാസയിലെ സൈനിക നടപടിയിൽ ഇസ്രയേൽ ആഗോളതലത്തിൽ ഒറ്റപ്പെടൽ നേരിടുന്ന സാഹചര്യത്തിലാണ് യുഎന്‍ സഭയിലും പ്രതിഷേധം ഉയർന്നത്. അതേസമയം ഇസ്രയേൽ ഗസയിലെ ജോലി ‘പൂർത്തിയാക്കുമെന്നും’ ‘എത്രയും വേഗം’ അത് ചെയ്യുമെന്നും നെതന്യാഹു യുഎന്‍ പൊതുസഭയില്‍ പ്രഖ്യാപിച്ചു. അതേസമയം ട്രംപ് ഭരണകൂടം വീസ നിഷേധിച്ചതിനെത്തുടർന്ന് ഒരു ദിവസം മുമ്പ് പലസ്തീൻ പ്രസിഡന്റ് മഹ്മൂദ് അബ്ബാസ് പൊതുസഭയെ ഓണ്‍ലൈനില്‍ അഭിസംബോധന ചെയ്തിരുന്നു. പലസ്തീനികൾ ഒരിക്കലും ഗാസ വിട്ടുപോകില്ലെന്നാണ് അബ്ബാസ് പറഞ്ഞത്.

ആക്സിയോസ് വാർത്താ വെബ്‌സൈറ്റ് റിപ്പോർട്ട് ചെയ്തതനുസരിച്ച്, അറബ്, മുസ്‌ലീം രാജ്യങ്ങളിൽ നിന്നുള്ള മിക്കവാറും എല്ലാ പ്രതിനിധികളും പ്രസംഗത്തിനിടെ ഇറങ്ങിപ്പോയിരുന്നു. നിരവധി ആഫ്രിക്കൻ രാജ്യങ്ങളിലെയും ചില യൂറോപ്യൻ രാജ്യങ്ങളിലെയും പ്രതിനിധികളും ഇറങ്ങിപ്പോയവരില്‍ ഉണ്ടായിരുന്നു. ലോക വേദിയിൽ ഇസ്രയേൽ കൂടുതൽ ഒറ്റപ്പെടുന്നതിന് തെളിവായിരുന്നു ഈ വാക്ക്ഔട്ട്. രാജ്യാന്തര ക്രിമിനൽ കോടതിയിൽ നിന്ന് യുദ്ധക്കുറ്റം നേരിടുന്ന നെതന്യാഹുവിന് നിലവില്‍ അമേരിക്കൻ പ്രസിഡന്റ് ട്രംപിനപ്പുറം സഖ്യകക്ഷികൾ വളരെ കുറവാണ്.

ഹമാസ് നേതാക്കളോട് കീഴടങ്ങാനും ആയുധങ്ങൾ താഴെയിടാനും ബന്ദികളെ മോചിപ്പിക്കാനും പ്രസംഗത്തില്‍ നെതന്യാഹു ആഹ്വാനം ചെയ്തു. ‘ആയുധങ്ങൾ താഴെയിടൂ. എല്ലാ ബന്ദികളെയും ഇപ്പോൾ തന്നെ മോചിപ്പിക്കൂ... അങ്ങനെ ചെയ്താൽ നിങ്ങൾ ജീവിക്കും. ഇല്ലെങ്കിൽ ഇസ്രയേൽ നിങ്ങളെ വേട്ടയാടും’ എന്നാണ് നെതന്യാഹു പറഞ്ഞത്. പ്രസംഗത്തിന് മുന്നോടിയായി, നെതന്യാഹുവിന്‍റെ നിർദ്ദേശപ്രകാരം ഇസ്രയേൽ സൈന്യം ഗാസയ്ക്ക് ചുറ്റും ഉച്ചഭാഷിണികൾ സ്ഥാപിച്ചിരുന്നു. തന്‍റെ വാക്കുകൾ ഗാസയിലുടനീളമുള്ള ‌മൊബൈൽ ഫോണുകളിലേക്ക് നേരിട്ട് സ്ട്രീം ചെയ്യാനും നെതന്യാഹു ഇസ്രായേലിന്‍റെ ഇൻ്റലിജൻസിന് നിർദ്ദേശം നൽകിയതായും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. തടവിലാക്കപ്പെട്ട ബന്ദികളോട് ഹീബ്രുവിൽ സംസാരിച്ച നെതന്യാഹു ‘ഞങ്ങൾ നിങ്ങളെ മറന്നിട്ടില്ല, ഒരു നിമിഷം പോലും’ എന്നും പറഞ്ഞു.

അതേസമയം, പാശ്ചാത്യ രാജ്യങ്ങൾ പലസ്തീനെ രാഷ്ട്രമായി അംഗീകരിച്ചതിനെയും നെതന്യാഹു വിമര്‍ശിച്ചു. ‘ഈ ആഴ്ച, ഫ്രാൻസ്, ബ്രിട്ടൻ, ഓസ്‌ട്രേലിയ, കാനഡ തുടങ്ങിയ രാജ്യങ്ങളിലെ നേതാക്കൾ നിരുപാധികം പലസ്തീൻ എന്ന രാജ്യത്തെ അംഗീകരിച്ചു. ഒക്ടോബർ 7 ന് ഹമാസ് നടത്തിയ ഭീകരതയ്ക്ക് ശേഷമായിരുന്നു ഇത്. ഫലസ്തീൻ ജനസംഖ്യയുടെ ഏകദേശം 90% പേരും ആ ദിവസം ഭീകരതയെ പ്രശംസിച്ചു. പലസ്തീൻ രാഷ്ട്രത്തെ അംഗീകരിക്കുന്ന നേതാക്കൾ പലസ്തീനികൾക്ക് നല്‍കുന്ന സന്ദേശം എന്താണെന്ന് നിങ്ങൾക്കറിയാമോ? അത് വളരെ വ്യക്തമാണ്; ജൂതന്മാരെ കൊല്ലുന്നത് ഫലം ചെയ്യും’ നെതന്യാഹു പറഞ്ഞു.

ഓസ്‌ട്രേലിയ, ബ്രിട്ടൻ, കാനഡ, ഫ്രാൻസ് തുടങ്ങി നിരവധി രാജ്യങ്ങൾ ഇതിനകം പലസ്തീനെ രാജ്യമായി അംഗീകരിച്ചിട്ടുണ്ട്. ഇസ്രയേൽ-പലസ്തീൻ സംഘർഷത്തിന് ദ്വിരാഷ്ട്ര പരിഹാരത്തിനുള്ള സാധ്യത നിലനിർത്തുന്നതിനും യുദ്ധം അവസാനിപ്പിക്കുന്നതിനും അത്തരമൊരു നടപടി ആവശ്യമാണെന്നാണ് ഈ രാജ്യങ്ങള്‍ പറയുന്നത്.

ENGLISH SUMMARY:

Israeli Prime Minister Benjamin Netanyahu’s address at the United Nations General Assembly sparked a mass walkout, with diplomats from Arab, Muslim, African, and several European nations leaving the hall in protest. The move highlighted Israel’s growing global isolation over its Gaza offensive. Netanyahu vowed to “finish the job” in Gaza swiftly, while urging Hamas to surrender and release hostages. Reports suggest Israel even broadcast his words into Gaza through loudspeakers and mobile streams. Meanwhile, Palestinian President Mahmoud Abbas, denied a US visa, addressed the UN virtually, reaffirming that Palestinians will never leave Gaza. Netanyahu also criticized Western nations like France, Britain, Australia, and Canada for recognizing Palestine as a state, arguing such actions encourage violence. The contrasting responses at the UN underline the deepening divide over the Israel-Palestine conflict.