Image credit: PTI
ഏഷ്യയിലെയും ആഫ്രിക്കയിലെയും ഒന്‍പത് രാജ്യങ്ങളില്‍ നിന്നുള്ള പൗരന്‍മാര്‍ക്ക് വിനോദസഞ്ചാരത്തിനും തൊഴിലിനുമുള്ള വീസകള്‍ക്ക് 2026 മുതല്‍ താല്‍കാലിക വിലക്കേര്‍പ്പെടുത്തി യുഎഇ. ഇത് സംബന്ധിച്ച് ഔദ്യോഗിക അറിയിപ്പുകള്‍ പുറത്തുവന്നിട്ടില്ലെങ്കിലും ആഭ്യന്തര സര്‍ക്കുലര്‍ പുറത്തിറങ്ങിയതായാണ് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നത്. സുരക്ഷ, ആരോഗ്യം, കുടിയേറ്റം എന്നിവ സംബന്ധിച്ച നയങ്ങളിലെ സുപ്രധാനമാറ്റമാണിത് കാണിക്കുന്നതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
അഫ്ഗാനിസ്ഥാന്‍, ലിബിയ, യെമന്‍, സൊമാലിയ, ലെബനന്‍, ബംഗ്ലദേശ്, കാമറൂണ്‍, സുഡാന്‍, യുഗാണ്ട എന്നീ രാജ്യങ്ങളില്‍ നിന്നുള്ള പൗരന്‍മാരുടെ പുതിയ വീസകള്‍ക്കാണ് 2026 മുതല്‍ വിലക്ക് വരിക. ഇത് സംബന്ധിച്ച് വ്യക്തത വരുത്തുന്ന അടുത്ത സര്‍ക്കുലര്‍ വരെ നിലവിലെ ആഭ്യന്തര സര്‍ക്കുലര്‍ പ്രാബല്യത്തിലുണ്ടാകും. അതേസമയം, ഇത് വീസ വിലക്ക് മാത്രമാണെന്നും വിശാലമായ അര്‍ഥത്തിലുള്ള യാത്രാവിലക്കല്ലെന്നും അധികൃതര്‍ വിശദീകരിക്കുന്നു. ഈ ഒന്‍പത് രാജ്യങ്ങളിലെയും പൗരന്‍മാരുടെ കൈവശം നിലവില്‍ സാധുവായ യുഎഇ വീസ ഉണ്ടെങ്കില്‍ അവര്‍ക്ക് യുഎഇയില്‍ താമസിക്കുന്നതിനും ജോലി ചെയ്യുന്നതിനും നിയമപരമായ തടസമില്ലെന്നും അധികൃതര്‍ കൂട്ടിച്ചേര്‍ത്തു.
വിലക്ക് എന്തിന്?
സുരക്ഷാകാരണങ്ങളാണ് വീസ വിലക്കിന് പ്രധാനമായും അധികൃതര്‍ ചൂണ്ടിക്കാട്ടുന്നത്. വ്യാജരേഖ ചമയ്ക്കല്‍, ഭീകരവാദ ഭീഷണി, അനധികൃത കുടിയേറ്റം, ആള്‍മാറാട്ടം എന്നിവ തടയുന്നതിനായി മുന്‍കരുതല്‍ എന്ന നിലയിലാണ് നടപടി. യുഎഇയും പട്ടികയില്‍പ്പെട്ട ഒന്‍പത് രാജ്യങ്ങളില്‍ ചിലതുമായുള്ള നയതന്ത്ര ബന്ധത്തിലെ വിള്ളലുകളും വീസ നയത്തെ സ്വാധീനിച്ചിട്ടുണ്ടെന്നാണ് വിലയിരുത്തല്‍. മാത്രവുമല്ല, വീസയ്ക്ക് നിയന്ത്രണം കൊണ്ടുവരുന്നതോടെ അനധികൃത കുടിയേറ്റം ഒരു പരിധി വരെ ചെറുക്കാന്‍ കഴിയുമെന്നും രാജ്യത്തേക്ക് എത്തുന്ന വിദേശികളുടെ രേഖകള്‍ കുറച്ച് കൂടി സൂക്ഷ്മമായി വിലയിരുത്താന്‍ കഴിയുമെന്നും അധികൃതര്‍ കണക്കുകൂട്ടുന്നു.
അതേസമയം, അടുത്ത വര്‍ഷം മുതല്‍ നിലവില്‍ വന്നേക്കാവുന്ന വീസ നിയന്ത്രണം യുഎഇയില്‍ തൊഴിലാളി ക്ഷാമം ഉണ്ടാക്കേയക്കുമോ എന്ന ആശങ്ക ചിലര്‍ പങ്കുവയ്ക്കുന്നു. പ്രധാനമായും കെട്ടിട നിര്‍മാണം, വീട്ടുജോലി, സൂപ്പര്‍മാര്‍ക്കറ്റുകള്‍ തുടങ്ങിയവയില്‍ തൊഴിലാളികളുടെ ദൗര്‍ലഭ്യം അനുഭവപ്പെട്ടേക്കാം. അതുകൊണ്ട് തന്നെ നിലവിലുള്ള തൊഴിലാളികളുടെ കരാര്‍ കാലാവധി കമ്പനികള്‍ വര്‍ധിപ്പിച്ചേക്കാമെന്നും റിപ്പോര്‍ട്ട് പറയുന്നു. ടൂര്‍ ഓപറേറ്റര്‍മാര്‍, വിമാനക്കമ്പനികള്‍, വിനോദസഞ്ചാര കേന്ദ്രങ്ങള്‍, അതിനോട് അനുബന്ധിച്ചുള്ള മറ്റ് സ്ഥാപനങ്ങള്‍ എന്നിവര്‍ക്കും സാമ്പത്തികമായി നഷ്ടം സംഭവിച്ചേക്കും. വീസയ്ക്ക് നിയന്ത്രണം വരുന്നതോടെ ബംഗ്ലദേശ്, കാമറൂണ്‍, സുഡാന്‍ തുടങ്ങിയ രാജ്യങ്ങളുടെ സമ്പദ്വ്യവസ്ഥയെയും അത് ബാധിച്ചേക്കാം.
Google trending topic: UAE Visa Ban