Image Credit: X
പുലര്‍ച്ചെ രണ്ടു മണി. ഉറങ്ങി കിടക്കുന്ന സാധാരണ ജനങ്ങള്‍ക്കുമേല്‍ പാക്കിസ്ഥാന്‍ വ്യോമസേന വിമാനത്തില്‍ നിന്നും പതിച്ചത് എട്ട് ചൈനീസ് നിര്‍മ്മിത എല്‍എസ്-6 ബോംബുകള്‍. ഖൈബർ പഖ്തൂൺഖ്വ മേഖലയിലെ മാത്രേ ദാരയിലാണ് ബോംബുകള്‍ സംഹാരതാണ്ഡവമാടിയത്. വ്യോമാക്രമണത്തില്‍ 30 പേരോളം കൊല്ലപ്പെട്ടു എന്നാണ് റിപ്പോര്‍ട്ട്. ഇവരെല്ലാം സാധാരണക്കാരാണ്. ഏറെയും സ്ത്രീകളും കുട്ടികളുമാണ്. സ്വന്തം ജനങ്ങള്‍ക്കുമേല്‍ പാക്കിസ്ഥാന്‍ ബോംബുകള്‍ വര്‍ഷിക്കാന്‍ കാരണമെന്താണ്?
‘കെപികെ’യില്‍ പാക് ബോംബാക്രമണം; സ്ത്രീകളും കുട്ടികളും ഉൾപ്പെടെ കൊല്ലപ്പെട്ടു
ചൈനീസ് നിര്‍മ്മിത ജെഎഫ്-17 യുദ്ധ വിമാനങ്ങളാണ് ഖൈബർ പഖ്തൂൺഖ്വയിലെ ഗ്രാമങ്ങള്‍ക്ക് മുകളില്‍ ബോംബ് മഴ പെയ്യിച്ചത്. ഉപയോഗിച്ചത് ചൈനീസ് നിര്‍മ്മിത എല്‍എസ്-6 ബോംബുകളും. തെഹ്‍രിക്–ഇ– താലിബാന്‍ അഥവാ പാക്ക് താലിബാന്‍റെ ഒളിതാവളങ്ങളാണ് പാക്കിസ്ഥാന്‍ വ്യോമസേന ലക്ഷ്യമിട്ടതെന്നാണ് വിവരം. മേഖലയില്‍ തീവ്രവാദ സംഘടനകള്‍ക്ക് നേര്‍ക്ക് നേരത്തെ പാക്ക് സേനാവിഭാഗങ്ങള്‍ സൈനിക നടപടി തുടരുന്നുണ്ട്. ഞായറാഴ്ച ദേര ഇസ്മയില്‍ ഖാന്‍ ജില്ലയില്‍ ഏഴ് തെഹ്‍രിക്–ഇ– താലിബാന്‍ ഭീകരരെ വധിച്ചിരുന്നു.
പാക്ക് താലിബാന്‍ എന്നറിയപ്പെടുന്നുവെങ്കിലും അഫ്ഗാനിസ്ഥാനിലാണ് ഇവയുടെ ആസ്ഥാനമെന്നും അഫ്ഗാന്‍ സര്‍ക്കാറുമായി ബന്ധമുള്ള സംഘടനയാണിതെന്നുമാണ് പാക്കിസ്ഥാന്‍റെ ആരോപണം. തെഹ്‍രിക്–ഇ– താലിബാന്‍ ഖൈബർ പഖ്തൂൺഖ്വ മേഖല കേന്ദമായി പ്രവര്‍ത്തിക്കുന്നതാണ് പാക്കിസ്ഥാന്‍റെ ഇടപെടലിന് കാരണം. ഈ വര്‍ഷം ഓഗസ്റ്റ് വരെ ഖൈബർ പഖ്തൂൺഖ്വ മേഖലയില്‍ 605 ഭീകരവാദ പ്രവര്‍ത്തനങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു എന്നാണ് പ്രവിശ്യ പൊലീസിന്‍റെ റിപ്പോര്‍ട്ട്. 138 സാധാരണക്കാരും 79 പൊലീസുകാരുമാണ് ഭീകരാക്രമണങ്ങളില്‍ കൊല്ലപ്പെട്ടത്.
പടിഞ്ഞാറോട്ട് നീങ്ങി ജയ്‌ഷെ ഉള്‍പ്പെടെയുള്ള ഭീകര സംഘടനകള്‍; പുതിയ താവളം ഇതാ..!
1979 ല്‍ അഫ്ഗാനിസ്ഥാനിലെ സോവിയേറ്റ് അധിനിവേശ കാലത്താണ് മേഖലയില്‍ തീവ്രവാദ സംഘങ്ങള്‍ ചുവടുറപ്പിക്കുന്നത്. യു.എസിന്‍റെയും പാക്കിസ്ഥാന്‍റെയും പിന്തുണയോടെയാണ് ഇക്കാലത്ത് സോവിയേറ്റ് സൈന്യത്തിനെതിരെ ഖൈബർ പഖ്തൂൺഖ്വയില്‍ നിന്നും ഭീകരര്‍ പോരാടിയത്. 1989 ല്‍ സോവിയേറ്റ് പിന്‍വാങ്ങലോടെ മേഖല അരക്ഷിതാവസ്ഥയിലേക്ക് മാറി. ക്രിമിനല്‍ ശൃംഖലയുടെയും ആയുധ, ലഹരി കടത്ത സംഘങ്ങളുടെയും മോചനദ്രവ്യം ആവശ്യപ്പെട്ട് തട്ടികൊണ്ടുപോകുന്നവരുടെയും നിയന്ത്രണത്തിലായി. 9/11 ഭീകരാക്രമണത്തിന് ശേഷം അഫ്ഗാനിസ്ഥാനില്‍ യു.എസ് സൈനിക നടപടി ആരംഭിച്ചപ്പോള്‍ താലിബാനും അല്‍ ഖയ്ദയും അടക്കമുള്ള ഭീകരസംഘടനകള്‍ ഈ മേഖലയിലേക്ക് മാറി.
ഇതിനൊപ്പമാണ് മേഖലയിലെ വിഭാഗീയ സംഘർഷങ്ങള്‍. സുന്നി–ഷിയാ സംഘര്‍ഷങ്ങള്‍ മേഖലയില്‍ നിലനില്‍ക്കുന്നുണ്ട്. കഴിഞ്ഞ നവംബറിൽ ഖൈബർ പഖ്തൂൺഖ്വയിലെ കുർറം ജില്ലയിൽ 10 ദിവസത്തിനിടെ 100ലധികം പേരാണ് കൊല്ലപ്പെട്ടത്. പാക്കിസ്ഥാനിലെ മറ്റിടങ്ങളില്‍ സുന്നി ഭൂരിപക്ഷ മേഖലയാണെങ്കില്‍ കുർറം ജില്ല ഷിയാക്കൾക്ക് ഭൂരിപക്ഷമുള്ള ജില്ലയാണ്. ഭൂമി തർക്കത്തെ ചൊല്ലി ഷിയാ-സുന്നി വിഭാഗങ്ങൾക്കിടയിൽ പൊട്ടിപ്പുറപ്പെട്ട സംഘര്‍ഷം ജൂലൈ മാസം മുതൽ മേഖലയില്‍ തുടരുന്നുണ്ട്.