khyber-pakhtunkhwa

പാകിസ്ഥാനിലെയും പാക് അധീന കശ്മീരിലെയും ഭീകരകേന്ദ്രങ്ങള്‍ ലക്ഷ്യമിട്ട് ഇന്ത്യ നടത്തിയ ആക്രമണങ്ങള്‍ക്ക് പിന്നാലെ പാകിസ്ഥാനിലെ ഭീകര സംഘടനകള്‍ പുതിയ ആസ്ഥാനങ്ങള്‍ തേടുന്നതായി റിപ്പോര്‍ട്ട്. ഓപ്പറേഷന്‍ സിന്ദൂര്‍ എന്ന് പേരിട്ട ഇന്ത്യയുടെ സായുധ സേന ഓപ്പറേഷനില്‍ ജയ്‌ഷെ മുഹമ്മദ്, ലഷ്കറെ തയിബ, ഹിസ്ബുല്‍ മുജാഹിദീന്‍ എന്നിവയുടെ ഒമ്പത് ഭീകര കേന്ദ്രങ്ങളിൽ ഒറ്റരാത്രികൊണ്ടാണ് ഇന്ത്യ ഏകോപിതമായ ആക്രമണം നടത്തിയത്. പാക് അധീന കശ്മീര്‍ ഇപ്പോള്‍ ഇന്ത്യയുടെ നിരന്തര നിരീക്ഷണത്തിന് കീഴിലായതിന് പിന്നാലെയാണ് ജയ്‌ഷെ മുഹമ്മദടക്കമുള്ള ഭീകരവാദ സംഘടനകള്‍ പടിഞ്ഞാറോട്ട് നീങ്ങുന്നതായി റിപ്പോര്‍ട്ടുകള്‍ വരുന്നത്.

പുതിയ താവളം

അഫ്ഗാൻ അതിർത്തിക്കടുത്തുള്ള പാകിസ്ഥാനിലെ ഖൈബർ പഖ്തൂൺഖ്വ (കെപികെ) പ്രവിശ്യയിൽ ഭീകര സംഘടനകളായ ജയ്‌ഷെ മുഹമ്മദ് (ജെഎം), ഹിസ്ബുൽ മുജാഹിദീൻ (എച്ച്എം) എന്നിവ പുതിയ താവളങ്ങൾ സ്ഥാപിക്കുന്നതായാണ് റിപ്പോര്‍ട്ട്. ഖൈബർ പഖ്തൂൺഖ്വയുടെ പർവതപ്രദേശങ്ങളും അഫ്ഗാനിസ്ഥാനുമായുള്ള അതിർത്തികളും സ്വാഭാവിക പ്രതിരോധം നല്‍കുന്നുണ്ട്. മാത്രമല്ല 1980-കളിലെ സോവിയറ്റ് വിരുദ്ധ അഫ്ഗാൻ യുദ്ധകാലത്തും 9/11 ആക്രമണങ്ങളെത്തുടർന്ന് അമേരിക്കൻ സൈന്യം അഫ്ഗാനിസ്ഥാനിൽ അധിനിവേശം നടത്തിയപ്പോഴും നിർമ്മിച്ച ഒളിത്താവളങ്ങൾ ഇന്നും ഇവിടെയുള്ള പല പ്രദേശങ്ങളിലായുണ്ട്. മാത്രമല്ല കെപികെയുടെ ഭൂപ്രകൃതി വ്യോമാക്രമണങ്ങൾക്കും പ്രതിരോധം നല്‍കുന്നു.

ഖൈബർ പഖ്തൂൺഖ്വയില്‍ ജയ്‌ഷെ മുഹമ്മദ് വേരുറപ്പിക്കുന്നതിന് പിന്നില്‍ മസൂദ് ഇല്യാസ് കശ്മീരിയാണ്. പാക് അധീന കശ്മീരിലെ റാവൽകോട്ടിൽ ജനിച്ച ഇയാള്‍ 2001ലാണ് ജയ്‌ഷെ മുഹമ്മദില്‍ ചേരുന്നത്. 2018 ല്‍ ജമ്മുവിലെ സുൻജ്വാൻ ആർമി ക്യാമ്പ് ആക്രമണത്തിന്റെ സൂത്രധാരനായിരുന്നു ഇയാള്‍. നിലവില്‍ ഖൈബർ പഖ്തൂൺഖ്വയിലെ ജയ്‌ഷെ മുഹമ്മദിലെ പരമോന്നത സ്ഥാനത്താണ് (അമീർ) ഇയാള്‍. കൂടാതെ ലഷ്‌കർ- ജയ്ഷെ ഗ്രൂപ്പായ പിഎഎഫ്എഫിന്റെ (പീപ്പിൾസ് ആന്റി ഫാസിസ്റ്റ് ഫ്രണ്ട്) മേൽനോട്ടവും മസൂദ് ഇല്യാസ് കശ്മീരിയാണ്.

ഖൈബർ പഖ്തൂൺഖ്വയില്‍ ഹിസ്ബുല്‍ മുജാഹിദീൻ വീണ്ടും സജീവമായിട്ടുണ്ട്. ഇസ്ലാമാബാദിൽ നിന്ന് ഏകദേശം 250 കിലോമീറ്റർ അകലെയുള്ള ലോവർ ദിർ ജില്ലയിലെ ബന്ദായിയിൽ ഭീകര സംഘടന പരിശീലന ക്യാമ്പ് സ്ഥാപിച്ചിട്ടുണ്ട്, എച്ച്എം 313 എന്നാണ് ഇത് അറിയപ്പെടുന്നത്. ഇതിനായുള്ള സ്ഥലം 2024 ഓഗസ്റ്റിൽ വാങ്ങിയിട്ടുണ്ടെന്നും നിലവില്‍ മതിലുകളുടെയും പരിശീലന സൗകര്യങ്ങളുടെയും നിർമ്മാണം നടന്നുകൊണ്ടിരിക്കുകയാണെന്നുമാണ് റിപ്പോര്‍ട്ട്.

ഭീകരാക്രമണങ്ങളുടെ ‘കെപികെ’

2025 ജനുവരി മുതൽ ഓഗസ്റ്റ് വരെ ഖൈബർ പഖ്തൂൺഖ്വയില്‍ 605 ഭീകരാക്രമണങ്ങൾ നടന്നതായാണ് പ്രവിശ്യാ പൊലീസിന്റെ റിപ്പോർട്ട്. ഈ ആക്രമണങ്ങളിൽ 138 സാധാരണക്കാർ കൊല്ലപ്പെടുകയും 352 പേർക്ക് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്. 79 പാകിസ്ഥാൻ പൊലീസ് ഉദ്യോഗസ്ഥർ കൊല്ലപ്പെടുകയും 130 പേർക്ക് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്. ആഗസ്റ്റിൽ മാത്രം 129 സംഭവങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തത്. ജൂണിലാകട്ടെ 78 ആക്രമണങ്ങളും.

ഇന്ത്യ തകര്‍ത്ത ഭീകരകേന്ദ്രങ്ങള്‍

ജമ്മുകശ്മീരിലെ പഹല്‍ഗാമിലുണ്ടായ ഭീകരാക്രമണത്തിന് പിന്നാലെയായിരുന്നു ഇന്ത്യയുടെ ഓപ്പറേഷന്‍ സിന്ദൂര്‍. പാകിസ്ഥാനിലെയും പാക് അധീന കശ്മീരിലെയും 9 ഭീകരകേന്ദ്രങ്ങളാണ് സായുധാക്രമണങ്ങളിലൂടെ ഇന്ത്യ തകര്‍ത്ത്. അവയാണ്...

  1. 2019 ലെ പുൽവാമ ആക്രമണവുമായി ബന്ധമുള്ള ജയ്‌ഷെ മുഹമ്മദിന്‍റെ ആസ്ഥാനമായ മർകസ് സുബ്ഹാനല്ല (ബഹവൽപൂർ, പഞ്ചാബ്)
  2. 2008 ലെ മുംബൈ ആക്രമണത്തിന് പിന്നിലെ അജ്മൽ കസബ് അടക്കമുള്ളവരെ സൃഷ്ടിക്കുകയും 2000 മുതൽ ലഷ്കറെ തയിബയുടെ സൈനിക കേന്ദ്രവുമായ മർകസ് തൈബ (മുറിദ്കെ, പഞ്ചാബ്) 
  3. ജമ്മുവിലെ സാംബ സെക്ടറിനടുത്തുള്ള ജയ്‌ഷെ മുഹമ്മദിന്‍റെ കേന്ദ്രമായ സർജൽ/തെഹ്‌റ കലാൻ ഫെസിലിറ്റി (നരോവൽ ജില്ല)
  4. ജമ്മുവിലേക്ക് നുഴഞ്ഞുകയറാനുള്ള ഹിസ്ബുല്‍ താവളമായ മെഹ്മൂന ജോയ ഫെസിലിറ്റി (സിയാൽകോട്ട്)
  5. പൂഞ്ച്-രജൗരി സെക്ടറിനുള്ള ലഷ്‌കറെ തയിബയുടെ കേന്ദ്രമായ മർകസ് അഹ്‌ലെ ഹദീസ് (ബർണാല, പോജ്‌കെ)
  6. മർകസ് അബ്ബാസ് (കോട്‌ലി, പാക് അധീന കശ്മീര്‍)
  7. മസ്‌കർ റഹീൽ ഷാഹിദ് (കോട്‌ലി, പാക് അധീന കശ്മീര്‍)
  8. ലഷ്കറെ തയിബയുടെ ക്യാമ്പായ ഷാവായ് നല്ലാ ക്യാമ്പ് (മുസാഫറാബാദ്, പോപ്പുലർ ജെകെ), 
  9. സയ്യിദ്‌ന ബിലാൽ മർകസ് (മുസാഫറാബാദ്, പാക് അധീന കശ്മീര്‍)
ENGLISH SUMMARY:

Following India’s Operation Sindoor, which destroyed nine major terror hubs in Pakistan and Pakistan-occupied Kashmir in a single night, militant outfits including Jaish-e-Mohammed, Lashkar-e-Taiba, and Hizbul Mujahideen are reportedly shifting westward. Intelligence suggests they are now building fresh bases in Pakistan’s Khyber Pakhtunkhwa, near the Afghan border. The mountainous terrain, historic hideouts from the Afghan-Soviet war and post-9/11 insurgency, and natural defenses make KPK an ideal refuge. Jaish, under Masood Ilyas Kashmiri, has strengthened its grip in the region, while Hizbul Mujahideen has set up a new camp named HM 313 in Lower Dir. Reports confirm KPK witnessed 605 terror attacks between January and August 2025, killing civilians and police alike. This shift highlights the resilience of terror outfits and the challenges for regional security despite India’s heavy strikes.