ട്രംപ് അനുഭാവിയും വലതുപക്ഷക്കാരനുമായ ചാര്‍ലി കിര്‍ക്കിന്‍റെ കൊലപാതകിക്ക് മാപ്പ് നല്‍കുന്നുവെന്ന് ഭാര്യ എറിക്ക് കിര്‍ക്ക്. അമേരിക്കന്‍ പ്രഡിസന്‍റ് ഡൊണാൾഡ് ട്രംപ് ഉൾപ്പെടെ 60,000-ത്തിലധികം പേര്‍ പങ്കെടുത്ത ചാര്‍ലി കിര്‍ക്ക് അനുസ്മരണ ചടങ്ങിലായിരുന്നു 36കാരിയായ എറിക്കിന്‍റെ വാക്കുകള്‍.
തെക്കുപടിഞ്ഞാറൻ സംസ്ഥാനമായ അരിസോണയിലെ തിങ്ങിനിറഞ്ഞ സ്റ്റേഡിയത്തെ സാക്ഷി നിര്‍ത്തിയാണ് എറിക് സംസാരിച്ചത്. ‘എന്‍റെ ഭര്‍ത്താവിന്‍റെ ജീവന്‍ അപഹരിച്ചവനെപ്പോലെയുള്ള ചെറുപ്പക്കാരെ രക്ഷിക്കാന്‍ അദ്ദേഹം ആഗ്രഹിച്ചു. വെറുപ്പിനുള്ള ഉത്തരം വെറുപ്പല്ല. അതിനാല്‍ കൊലപാതകിയായ ആ ചെറുപ്പക്കാരന് ഞാന്‍ മാപ്പുനല്‍കുന്നു. ചാര്‍ളി ജീവിച്ചിരുന്നെങ്കില്‍ എന്തുചെയ്യുമായിരുന്നോ, അതാണ് ഞാനും ചെയ്തത്.’ എന്നായിരുന്നു കണ്ണീരൊപ്പിക്കൊണ്ടുള്ള എറിക്കിന്‍റെ പ്രതികരണം.
സെപ്തംബർ 10 നാണ് യൂട്ടാ യൂണിവേഴ്‌സിറ്റി കാംപസിൽ ഒരു പൊതു സംവാദ പരിപാടിക്കിടെ 31കാരനായ ചാർളി കിർക്ക് വെടിയേറ്റ് മരിച്ചത്. യാഥാസ്ഥിതിക ക്രിസ്ത്യൻ രാഷ്ട്രീയ മൂല്യങ്ങൾക്കായി വാദിച്ചിരുന്ന കിര്‍ക്ക് പലപ്പോഴും ട്രാൻസ്‌ജെൻഡറുകൾ, മുസ്‌ലിംകൾ, ആഫ്രിക്കൻ അമേരിക്കക്കാർ എന്നിവരും മറ്റുള്ളവരും ഉൾപ്പെടെയുള്ള ന്യൂനപക്ഷങ്ങളെ ലക്ഷ്യമിട്ട് പ്രസ്താവനകൾ നടത്തിയിരുന്നു. വിദ്വേഷം പരത്തുന്നതിനാലാണ് ചാര്‍ളി കിര്‍ക്കിനെ വെടിവെച്ച് കൊലപ്പെടുത്തിയതെന്നായിരുന്നു 22-കാരനായ പ്രതി ടെയ്‌ലര്‍ റോബിന്‍സന്‍റെ മൊഴി.
കൊലപാതകം ഉൾപ്പെടെയുള്ള ഏഴ് കുറ്റങ്ങളാണ് റോബിൻസണുനേരെ ചുമത്തിയിരിക്കുന്നത്. കിർക്കിന്‍റെ മരണത്തിന് തീവ്ര ഇടതുപക്ഷത്തിനുനേര്‍ക്ക് ട്രംപ് നേരത്തെ ആരോപണം ഉന്നയിച്ചിരുന്നു.