.
എച്ച് 1 ബി വീസയ്ക്ക് യു.എസ്. ഏര്‍പ്പെടുത്തിയ ഒരു ലക്ഷം ഡോളര്‍ ഫീസ് പ്രാബല്യത്തില്‍. ഒറ്റത്തവണ ഫീസ് ആണെന്നും പുതിയ അപേക്ഷകള്‍ക്ക് മാത്രമാണ് ബാധകമെന്നും വൈറ്റ് ഹൗസ് വ്യക്തമാക്കി. വ്യാപാര കരാര്‍ ചര്‍ച്ചകള്‍ക്കായി വാണിജ്യമന്ത്രി നാളെ യു.എസിലെത്തും
എച്ച് 1 ബി വിസയ്ക്ക് ഏര്‍പ്പെടുത്തിയ ഒരു ലക്ഷം ഡോളര്‍ ഫീസ് വ്യാപകമായ ആശയക്കുഴപ്പം സൃഷ്ടിച്ച സാഹചര്യത്തിലാണ് വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി കരോലിന്‍ ലെവിറ്റ് വിശദീകരണവുമായി എത്തിയത്. എച്ച് 1 ബി വിസയ്ക്കായി ഇന്നുമുതല്‍ നല്‍കുന്ന അപേക്ഷകള്‍ക്ക് മാത്രമാണ് പുതിയ നിരക്ക് ബാധകം. ഇന്നലെ വരെ ലഭിച്ച അപേക്ഷകളിന്‍മേല്‍ വിസ അനുവദിക്കുമ്പോള്‍ പഴയനിരക്കുതന്നെ ഈടാക്കും. ഒരുലക്ഷം ഡോളര്‍ എന്നത് വാര്‍ഷിക ഫീസ് അല്ല, ഒറ്റത്തവണ നല്‍കേണ്ട തുകയാണ്.
നിലവില്‍ എച്ച് 1 ബി വിസയുള്ളവര്‍ക്ക് പുതിയ നിരക്ക് ബാധിക്കില്ല. യു.എസിന് പുറത്തുപോയി മടങ്ങിയെത്തുമ്പോഴോ വീസ പുതുക്കുമ്പോഴോ അധികതുക നല്‍കേണ്ടതില്ല എന്നും കരോലിന്‍ ലെവിറ്റ് വ്യക്തമാക്കി. നിരക്ക് വര്‍ധനയ്ക്ക് പിന്നാലെ ജീവനക്കാരോട് കമ്പനികള്‍ ഉടനടി മടങ്ങിയെത്താന്‍ നിര്‍ദേശിച്ചതും അവധിയില്‍ പോകാന്‍ ഒരുങ്ങിയിരുന്നവര്‍ അത് റദ്ദാക്കിയതും കണക്കിലെടുത്താണ് വൈറ്റ് ഹൗസിന്‍റെ വിശദീകരണം.
ആശയക്കുഴപ്പം പരിഹരിക്കാന്‍ യു.എസിലെ ഇന്ത്യന്‍ എംബസി ഹെല്‍പ്‌ലൈന്‍ നമ്പര്‍ തുടങ്ങി. നാളെ യു.എസില്‍ എത്തുന്ന വാണിജ്യ മന്ത്രി പീയുഷ് ഗോയല്‍ വ്യാപാര കരാര്‍ ചര്‍ച്ചകള്‍ക്കൊപ്പം എച്ച് 1 ബി വിസ പ്രശ്നവും ഉന്നയിക്കും എന്നാണ് അറിയുന്നത്. പുതിയ തീരുമാനത്തില്‍ യു.എസ്. ചേംബര്‍ ഓഫ് കൊമേഴ്സ് ആശങ്ക പ്രകടിപ്പിച്ചു.