പ്രതീകാത്മക ചിത്രം | കടപ്പാട്: facebook.com/aircorsica

TOPICS COVERED

ലാൻഡ് ചെയ്യാൻ തയ്യാറെടുക്കുന്നതിനിടെ ഡ്യൂട്ടിയിലുണ്ടായിരുന്ന ഏക എയർ ട്രാഫിക് കൺട്രോളർ ഉറങ്ങിപ്പോയതിനെ തുടർന്ന് ആകാശത്ത് തന്നെ വട്ടമിട്ടുപറന്ന് വിമാനം. ഫ്രാൻസിലെ കോർസിക്ക ദ്വീപിലാണ് സംഭവം. ചൊവ്വാഴ്ച പാരീസിൽ നിന്ന് നെപ്പോളിയൻ ബോണപാർട്ട് വിമാനത്താവളത്തിലേക്കെത്തിയ എയർ കോർസിക്ക എയർബസ് എ320 വിമാനമാണ് ലാന്‍ഡ് ചെയ്യാനാകാതെ ആകാശത്ത് തന്നെ തുടര്‍ന്നത്.

വിമാനം എയര്‍പോര്‍ട്ടിന് മുകളിലെത്തിയെങ്കിലും റേഡിയോ കോളുകളോട് കൺട്രോൾ ടവർ പ്രതികരിക്കാതിരിക്കുകയായിരുന്നു. ഇരുട്ടിൽ 2,400 മീറ്റർ റൺവേയിൽ ഇറങ്ങാൻ കഴിയാത്തതിനാൽ പൈലറ്റ് വിമാനം ദ്വീപിന്റെ മറുവശത്തുള്ള ബാസ്റ്റിയ എന്ന നഗരത്തിന് മുകളിലേക്ക് തിരിച്ചുവിടുകയും അവിടെ തന്നെ തുടരുകയും ചെയ്തു. പൈലറ്റ് വിവരമറിയിച്ചതിനെ തുടര്‍ന്ന് അഗ്നിശമന സേനാംഗങ്ങളും പൊലീസും സ്ഥലത്തെത്തി.

ഗ്രൗണ്ട് സ്റ്റാഫ് കൺട്രോൾ ടവറിലെ ജീവനക്കാരനെ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും സുരക്ഷാ നടപടികൾ കാരണം വൈകി. ഒടുവില്‍ ടവറിൽ എത്തിയപ്പോള്‍ കണ്ടത് കൺട്രോളർ തന്റെ മേശപ്പുറത്ത് തലവച്ച് ഉറങ്ങുന്നതാണ്. ഉടന്‍ ജീവനക്കാര്‍ കണ്‍ട്രോളറെ ഉണര്‍ത്തുകയും റൺവേ ലൈറ്റുകൾ ഓൺ ചെയ്ത് വിമാനത്തെ ലാന്‍ഡ് ചെയ്യാന്‍ അനുവദിക്കുകയും ചെയ്തു. വിമാനം സുരക്ഷിതമായി ഇറങ്ങുകയും ചെയ്തു.

അതേസമയം, തന്‍റെ കരിയറില്‍ ഇത്തരമൊരു സാഹചര്യം ഒരിക്കലും കൈകാര്യം ചെയ്യേണ്ടി വന്നിട്ടില്ലെന്നാണ് വിമാനത്തിന്‍റെ പൈലറ്റ് പറഞ്ഞത്. ഒരിക്കലും പരിഭ്രാന്തി ഉണ്ടായിരുന്നില്ല. യാത്രക്കാരും ശാന്തരായിരുന്നു. യാത്രക്കാർ സംഭവത്തെ തമാശയോടെയാണ് സമീപിച്ചതെന്നും അദ്ദേഹം പറഞ്ഞു. അതേസമയം, ഉറങ്ങിപ്പോയ എയർ ട്രാഫിക് കൺട്രോളറെ ലഹരി പരിശോധനയ്ക്ക് വിധേയമാക്കിയെങ്കിലും മദ്യമോ മറ്റ് ലഹരി പദാര്‍ഥങ്ങളോ ഉപയോഗിച്ചിട്ടില്ലെന്ന് സ്ഥിരീകരിച്ചു. വിഷയത്തിൽ ആഭ്യന്തര അന്വേഷണം ആരംഭിച്ചതായി ഫ്രഞ്ച് സിവിൽ ഏവിയേഷൻ അതോറിറ്റി (ഡിജിഎസി) അറിയിച്ചിട്ടുണ്ട്. 

ENGLISH SUMMARY:

In a shocking incident at Corsica’s Napoleon Bonaparte Airport, an Air Corsica Airbus A320 from Paris was forced to circle in the sky after the only duty air traffic controller fell asleep inside the control tower. The pilot diverted the aircraft over Bastia until the controller was awakened, runway lights were switched on, and the plane finally landed safely. French civil aviation authorities have launched an investigation into the rare lapse, though passengers remained calm and treated the situation lightly.