വിമാനയാത്രയ്ക്കിടെ മൊബൈല്‍ ഫോണുകളോ മറ്റ് ഗാഡ്‌ജെറ്റുകളോ ചാർജ് ചെയ്യുന്നതിനായി പവർ ബാങ്കുകൾ ഉപയോഗിക്കുന്നതിന് നിരോധനം ഏര്‍പ്പെടുത്തി ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (ഡിജിസിഎ). ലിഥിയം ബാറ്ററികൾ അമിതമായി ചൂടാകുകയോ തീപിടിക്കുകയോ ചെയ്തുണ്ടാകുന്ന അപകടങ്ങളുടെ പശ്ചത്തലത്തിലാണ് നിരോധനം. വിമാനങ്ങളിലെ ഇൻ-സീറ്റ് പവർ സപ്ലൈ സിസ്റ്റങ്ങളിൽ പ്ലഗ് ചെയ്ത് പവർ ബാങ്കുകൾ ചാർജ് ചെയ്യുന്നതിനും വിലക്കുണ്ട്. പവർ ബാങ്കുകളും സ്പെയർ ബാറ്ററികളും ഹാൻഡ് ലഗേജിൽ മാത്രമേ അനുവദിക്കൂ. ഓവർഹെഡ് ബിന്നുകളിൽ സൂക്ഷിക്കാൻ കഴിയില്ലെന്നും ഡിജിസിഎ പുറത്തിറക്കിയ സർക്കുലറിൽ പറയുന്നു. പവര്‍ ബാങ്കുകളും ബാറ്ററികളും ചെക്ക് ഇന്‍ ബാഗേജില്‍ കൊണ്ടുപോകുന്നതിന് നേരത്തെതന്നെ വിലക്കുണ്ട്.
റീചാർജ് ചെയ്യാവുന്ന വിവിധ ഉപകരണങ്ങളിൽ ലിഥിയം ബാറ്ററികളുടെ വ്യാപകമായ ഉപയോഗം, വിമാനയാത്രകളിൽ ഇവ കൊണ്ടുപോകുന്നത് വർദ്ധിക്കാൻ കാരണമായിട്ടുണ്ട്. പവർ ബാങ്കുകൾ, പോർട്ടബിൾ ചാർജറുകൾ, ലിഥിയം ബാറ്ററികൾ അടങ്ങിയ ഉപകരണങ്ങൾ എന്നിവ ഇഗ്നിഷൻ സ്രോതസ്സുകളായി പ്രവർത്തിക്കുകയും തീപിടുത്തത്തിന് കാരണമാവുകയും ചെയ്യാം. ഓവർഹെഡ് സ്റ്റോറേജ് ബിന്നുകളിലോ ക്യാരി-ഓൺ ബാഗേജുകളിലോ വെച്ചിരിക്കുന്ന ലിഥിയം ബാറ്ററികൾ കാഴ്ചയിൽ നിന്ന് മറഞ്ഞിരിക്കാം. ബാഗേജ് ഹോൾഡിൽ ഒരു ബാറ്ററിക്ക് തീ പിടിക്കുകയും, അത് ശ്രദ്ധയിൽപ്പെടാതെ പടരുകയും ചെയ്താൽ വിമാനസുരക്ഷയെ തന്നെ ഗുരുതരമായി ബാധിക്കും. ഇത് തീയോ പുകയോ കണ്ടെത്തുന്നതിനും പ്രതികരണ പ്രവർത്തനങ്ങൾക്കും കാലതാമസമുണ്ടാക്കുകയും ചെയ്യുമെന്നും സര്‍ക്കുലറില്‍ പറയുന്നു.
ഏതെങ്കിലും ഉപകരണം ചൂടാവുകയോ പുകയുകയോ അസാധാരണമായ ഗന്ധം പുറപ്പെടുവിക്കുകയോ ചെയ്താൽ യാത്രക്കാർ ഉടൻ തന്നെ ക്യാബിൻ ക്രൂവിനെ അറിയിക്കണം എന്നും ഡിജിസിഎ പുറപ്പെടുവിച്ച നിര്‍ദേശങ്ങളില്‍ പറയുന്നുണ്ട്. കൂടാതെ ലിഥിയം ബാറ്ററി സംഭവങ്ങളുമായി ബന്ധപ്പെട്ട എല്ലാ സുരക്ഷാ പ്രശ്നങ്ങളും സംഭവങ്ങളും വിമാനക്കമ്പനികൾ ഉടൻ തന്നെ ഡിജിസിഎക്ക് റിപ്പോർട്ട് ചെയ്യണം. പലപ്പോഴും ഓവർഹെഡ് ബിന്നുകൾ നിറയുമ്പോൾ, പോർട്ടബിൾ ഇലക്ട്രോണിക് ഉപകരണങ്ങളും പവർ ബാങ്കുകളും അടങ്ങിയ ഹാൻഡ് ബാഗുകൾ വിമാനക്കമ്പനികൾ വിമാനത്തിന്റെ അടിഭാഗത്തെ കാർഗോയില്‍ സൂക്ഷിക്കാറുണ്ട്. അതിനാല്‍ ഒരു യാത്രക്കാരന് ഒരു ഹാൻഡ് ബാഗ് എന്ന നിയമം വിമാനക്കമ്പനികൾ കർശനമായി നടപ്പാക്കണമെന്ന് വ്യോമയാന വിദഗ്ധരും മുന്നറിയിപ്പ് നൽകുന്നുണ്ട്.
ഇന്ത്യയില്‍ മാത്രമല്ല എമിറേറ്റ്സ്, സിംഗപ്പൂർ എയർലൈൻസ് എന്നിവ ഉള്‍പ്പെടെ ആഗോള തലത്തിലുള്ള എയർലൈനുകളും രാജ്യങ്ങളും പവർ ബാങ്ക് ഉപയോഗത്തിന് കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. പവർ ബാങ്കുകളിൽ ഉപയോഗിക്കുന്ന ലിഥിയം-അയൺ ബാറ്ററികളുടെ സുരക്ഷ സംബന്ധിച്ച ആശങ്കയാണ് ഇതിന് കാരണം. അനിയന്ത്രിതമായി ചൂടാകൽ, അമിതമായി ചാർജ് ചെയ്യൽ, ക്രഷിങ്, മോശം നിർമ്മാണ നിലവാരം, പഴകിയ ബാറ്ററികൾ, തെറ്റായ കൈകാര്യം ചെയ്യൽ, മറ്റ് കേടുപാടുകൾ എന്നിവ മൂലമുണ്ടാകുന്ന ഇന്‍റേണല്‍ ഷോർട്ട് സർക്യൂട്ട് മൂലമാണ് ലിഥിയം ബാറ്ററികള്‍ പൊട്ടിത്തെറിക്കുകയോ തീപിടിക്കുകയോ ചെയ്യുന്നത്.