ട്രംപിന്‍റെ അസാധാരണ ഭരണ–സാമ്പത്തിക പരിഷ്കാരങ്ങള്‍ക്ക് പിന്നാലെ യുഎസ് കടുത്ത സാമ്പത്തിക മാന്ദ്യത്തിലേക്ക് കൂപ്പുകുത്താനൊരുങ്ങുന്നുവെന്ന് മുന്നറിയിപ്പ്. മൂഡീസ് അനലറ്റിക്സിലെ മുഖ്യ സാമ്പത്തിക ശാസ്ത്രജ്ഞനായ മാര്‍ സാന്‍ഡിയുടേതാണ് മുന്നറിയിപ്പ്. ബിസിനസ് ഇന്‍സൈഡറിന് നല്‍കിയ അഭിമുഖത്തിലാണ് ട്രംപിന്‍റെ താരിഫും ഡോജും അമേരിക്കന്‍ സാമ്പത്തിക വ്യവസ്ഥയ്ക്ക് കനത്ത ആഘാതമാണ് ഉണ്ടാക്കാന്‍ പോകുന്നതെന്ന് സാന്‍ഡി വെളിപ്പെടുത്തിയത്. മാന്ദ്യത്തിലേക്ക് വീണാല്‍ അതെത്രത്തോളം ആഴത്തിലേക്ക് പോകുമെന്ന് പറയാന്‍ പോലും പറ്റില്ലെന്നും സാമ്പത്തിക നയങ്ങളാണ് വില്ലനെന്നും സാന്‍ഡി കൂട്ടിച്ചേര്‍ത്തു.
അമേരിക്കയുടെ മഹത്വം തിരികെപ്പിടിക്കാനെന്ന പേരില്‍ ട്രംപ് കൊണ്ടുവന്ന നയങ്ങള്‍ യുഎസിന് കടുത്ത ആഘാതമാണ് ഒരുക്കുന്നതെന്നാണ് സാമ്പത്തിക ശാസ്ത്രജ്ഞരുടെ വിലയിരുത്തല്‍. താരിഫിന് പുറമെ കുടിയേറ്റത്തിലേര്‍പ്പെടുത്തിയ കടുത്ത നിയന്ത്രണം, ഫെഡറല്‍ റിസര്‍വ് തീരുമാനങ്ങള്‍ എന്നിവയാണ് വിനയായതെന്ന് സാന്‍ഡി പറയുന്നു. നിലവിലെ സ്ഥിതിഗതികള്‍ എല്ലാ മേഖലയിലും ആശയക്കുഴപ്പം സൃഷ്ടിക്കുന്നു. മാത്രവുമല്ല, ഈ സാഹചര്യങ്ങളെ തുടര്‍ന്ന് ആളുകളെ ജോലികള്‍ക്കായി നിയമിക്കുന്നതും ബിസിനസുകളിലേക്ക് നിക്ഷേപമെത്തുന്നതും അനിയന്ത്രിതമായി വൈകുകയും ചെയ്യുന്നു. ഇത് സാമ്പത്തിക വളര്‍ച്ചയെ മന്ദീഭവിപ്പിക്കുകയാണെന്നും വിലക്കയറ്റത്തെ ത്വരിതപ്പെടുത്തുന്നുവെന്നും അദ്ദേഹം വിശദീകരിച്ചു. ഈ അവസ്ഥയ്ക്ക് അടിസ്ഥാനം സാമ്പത്തിക നയമാണെന്നും സാന്‍ഡി വിമര്‍ശിക്കുന്നു.
സാമ്പത്തിക നയത്തിലെ പാളിച്ചകള്‍ക്ക് പുറമെ ഗവണ്‍മെന്‍റ് എഫിഷ്യന്‍സി ഡിപാര്‍ട്മെന്‍റിനുള്ള ഫണ്ട് വെട്ടിക്കുറച്ചതും പ്രതികൂലമായി ബാധിച്ചുവെന്നും വിലയിരുത്തലുണ്ട്. നിര്‍മാണ– ഉത്പാദന മേഖലകളിലാണ് നിലവില്‍ സാമ്പത്തിക മാന്ദ്യത്തിന്‍റെ ലക്ഷണങ്ങള്‍ പ്രത്യക്ഷപ്പെട്ടിട്ടുള്ളത്.
ട്രംപിന്‍റെ ഇറക്കുമതി തീരുവയുടെ ഭാരം അമേരിക്കയിലെ ഉപഭോക്താക്കളിലേക്ക് ഇതുവരെ പൂര്‍ണമായി എത്തിയിട്ടില്ല. എന്നാല്‍ അതിന് അധികം കാലതാമസമുണ്ടാകില്ലെന്നും സാധനങ്ങള്‍ക്ക് കൂടുതല്‍ പണം നല്‍കി ഉപഭോക്താക്കള്‍ വലയുന്നത് വലിയ പ്രതിസന്ധിക്ക് കാരണമാകുമെന്നും സാന്‍ഡി വ്യക്തമാക്കുന്നു. മാസങ്ങള്‍ക്കുള്ളില്‍ വില വര്‍ധന സാധാരണ പൗരന്‍മാരെയും ബാധിക്കുമെന്നും ഗാര്‍ഹിക ചെലവുകള്‍ കുത്തനെ കൂടുമെന്നുമാണ് അദ്ദേഹത്തിന്‍റെ നിരീക്ഷണം. സാമ്പത്തിക മാന്ദ്യം തൊഴിലവസരങ്ങള്‍ ഗണ്യമായി കുറയുന്നതിന് വഴിതെളിക്കും. മാന്ദ്യത്തിലേക്ക് പൂര്‍ണമായും സമ്പദ് വ്യവസ്ഥ മാന്ദ്യത്തിലേക്ക് വീണാല്‍ ആരും സുരക്ഷിതരാവില്ലെന്ന മുന്നറിയിപ്പും സാന്‍ഡി നല്‍കുന്നു.