Image credit: x/theinformant
റഷ്യയിലെ കംചട്ക പ്രവിശ്യയില്‍ വീണ്ടും ശക്തിയേറിയ ഭൂചലനം. ഭൂകമ്പമാപിനിയില്‍ 7.8 തീവ്രത രേഖപ്പെടുത്തിയ ചലനത്തില്‍ കെട്ടിടങ്ങള്‍ കുലുങ്ങി വിറച്ചു. സൂനാമി മുന്നറിയിപ്പ് പുറപ്പെടുവിച്ചിട്ടുണ്ട്. വീടുകളും കെട്ടിടങ്ങളും കുലുങ്ങിയതിനെ തുടര്‍ന്ന് ഫര്‍ണിച്ചറുകളടക്കം മറിഞ്ഞു വീഴുന്നതിന്‍റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ ആളുകള്‍ പങ്കുവച്ചു. പാര്‍ക്ക് ചെയ്തിരുന്ന കാര്‍ ഭൂചലനത്തിന്‍റെ ഫലമായി തെന്നി നീങ്ങി റോഡിലെത്തുന്നതും ദൃശ്യങ്ങളില്‍ കാണാം.
പെട്രോപാവ്ലോവ്സ്– കംചട്സ്കിയില്‍ നിന്നും 128 കിലോമീറ്റര്‍ കിഴക്കു ഭാഗത്തായാണ് ഭൂചലനത്തിന്‍റെ പ്രഭവകേന്ദ്രമെന്ന് യുഎസ് ജിയോളജിക്കല്‍ സര്‍വെ റിപ്പോര്‍ട്ട് ചെയ്യുന്നു. ശക്തിയേറിയ ഈ ചലനത്തിന് പിന്നാലെ അഞ്ച് തുടര്‍ ചലനങ്ങളും പ്രദേശത്തുണ്ടായി.
ജനങ്ങള്‍ പരിഭ്രാന്തരാകേണ്ടതില്ലെന്നും എന്നാല്‍ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറണമെന്നും അധികൃതര്‍ അറിയിച്ചു. ഈ ആഴ്ച ആദ്യവും കംചട്കയില്‍ തീവ്രതയേറിയ ഭൂചലനം അനുഭവപ്പെട്ടിരുന്നു. പസഫിക് റിങ് ഓഫ് ഫയര്‍ പ്രദേശത്ത് വരുന്നതിനാല്‍ തന്നെ കംചട്ക പതിവ് ഭൂചലന ബാധിത പ്രദേശമാണ്. ജൂലൈയിലുണ്ടായ വന്‍ ഭൂചലനവും സൂനാമിയും തീരദേശ ഗ്രാമത്തിന്‍റെ ഒരു ഭാഗം കവര്‍ന്നിരുന്നു.