പ്രതീകാത്മക ചിത്രം.
ഹമാസിനെ ലക്ഷ്യമിട്ട് ദോഹയില്‍ ആക്രമണം വലിയ തിരിച്ചടിയാണ് ഇസ്രയേലിന് നല്‍കിയത്. ലോകരാജ്യങ്ങള്‍ ഇസ്രയേലിനെ കൈ ഒഴിഞ്ഞപ്പോള്‍ അറബ് രാജ്യങ്ങള്‍ ഖത്തറിന് പിന്നില്‍ ഒന്നിച്ചു. ഇപ്പോഴിതാ ഇസ്രയേല്‍ ഭയന്നതും സംഭവിക്കാന്‍ പോകുന്നു, സംയുക്ത സൈനിക സഖ്യം ആശയം ചര്‍ച്ചയാക്കിയാണ് അറബ്- ഇസ്‍ലാമിക് രാജ്യങ്ങളുടെടെ ഉച്ചകോടി സമാപിച്ചത്.
ഉച്ചകോടിയില്‍ ഈജിപ്താണ് അറബ് നാറ്റോയ്ക്ക് വേണ്ടി വാദിച്ചത്. സംയുക്ത ദൗത്യസേനയ്ക്കാണ് പാക്കിസ്ഥാന്‍റെ ആവശ്യം. മേഖലയിലെ ഇസ്രയേല്‍ നടപടികളെ നിരീക്ഷിക്കാനും പ്രതിരോധ, ആക്രമണ നടപടിക്കുമുള്ള ദൗത്യസേനയായാണ് പാക്കിസ്ഥാന്‍ ആവശ്യപ്പെടുന്നത്. അത്തരമൊരു നീക്കമുണ്ടായാല്‍ ഇന്ത്യയെ സംബന്ധിച്ചിടത്തോളം ഗുരുതരമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കും.
എന്തിന് അറബ്– ഇസ്‍ലാമിക് നാറ്റോ?
പാകിസ്ഥാൻ, തുർക്കി, യുഎഇ, ബഹ്‌റൈൻ, ഈജിപ്ത്, ജോർദാൻ, മൊറോക്കോ എന്നിവിടങ്ങളിൽ നിന്നുള്ള ലോകനേതാക്കളാണ് ഖത്തറില്‍ അറബ്, ഇസ്‍ലാമിക ഉച്ചകോടിയില്‍ പങ്കെടുത്തത്. ഇസ്രയേലിനെ സാമ്പത്തികമായി ഞെരുക്കണമെന്നാണ് തുര്‍ക്കി പ്രസിഡന്‍റ് റജബ് ത്വയ്യിബ് എർദോഗൻ ആവശ്യപ്പെട്ടത്. നാറ്റോ സഖ്യ മാതൃകയിൽ ഇസ്രായേൽ ഉൾപ്പെടെയുള്ള ശത്രുക്കളെ നേരിടാൻ കഴിയുന്ന ഏകീകൃത സൈനിക സഖ്യം രൂപീകരിക്കണമെന്നാണ് ഈജിപ്ത്, ഇറാൻ, ഇറാഖ് എന്നിവരുടെ ആവശ്യം. 'നാളെ ഏത് അറബ്, ഇസ്‍ലാമിക രാജ്യത്തിനെതിരെയും തിരിയാം, തീരുമാനം വ്യക്തമാണ്, നമ്മള്‍ ഒന്നിക്കണം' എന്നാണ് ഇറാന്‍ പ്രസിഡന്‍റ് മസൂദ് പെഷെസ്കിയന്‍ പറഞ്ഞത്.
2015 ല്‍ 'മുസ്‍ലിം നാറ്റോ'
ഇത് ആദ്യമായല്ല അറബ്–ഇസ്‍ലാമിക് സൈനിക സഖ്യം എന്ന വാദം ഉയരുന്നത്. 2015 ല്‍ യെമനിലെയും ലിബിയയിലെയും സംഘര്‍ഷകാലത്ത് അറബ്– ഇസ്‍ലാമിക് സൈനിക സഖ്യം എന്ന ആവശ്യം ഈജിപ്ത് മുന്നോട്ട് വച്ചിരുന്നു. പല രാജ്യങ്ങളും പിന്തുണച്ചെങ്കിലും ആര് നയിക്കുമെന്നതും എങ്ങനെ ഫണ്ടിങ് ചെയ്യുമെന്നതും മുന്നോട്ട് പോകാതിരിക്കാനുള്ള കാരണങ്ങളായി. അതേ വര്‍ഷം തന്നെ ഭീകരവാദത്തിനിതെരെ സൗദി അറേബ്യ 34 രാജ്യങ്ങളെ ചേര്‍ത്ത് ഇസ്‍ലാമിക സൈനിക സഖ്യം പ്രഖ്യാപിച്ചിരുന്നു.
'മുസ്‍ലിം നാറ്റോ' എന്ന് വിളിക്കപ്പെട്ട സഖ്യത്തില്‍ ഈജിപ്ത്, ഖത്തർ, യുഎഇ, തുർക്കി, മലേഷ്യ, പാക്കിസ്ഥാന്‍, ആഫ്രിക്കൻ രാജ്യങ്ങൾ എന്നിവ സഖ്യത്തിലുണ്ടാകുമെന്ന് പറഞ്ഞിരുന്നെങ്കിലും ഇറാന്‍ പങ്കാളിയായിരുന്നില്ല. ഈ സമയത്ത് ഡൊണാൾഡ് ട്രംപ് സര്‍ക്കാര്‍ ഈ സഖ്യത്തെ പിന്തുണച്ചിരുന്നു.
ഇന്ത്യയ്ക്ക് തിരിച്ചടി എങ്ങനെ
അറബ്–ഇസ്‍ലാമിക് നാറ്റോ ഇസ്രയേലിന് എതിരെയെങ്കിലും പാക്കിസ്ഥാന്‍ ഇന്ത്യയ്ക്കെതിരെ ഉപയോഗിക്കുമോ എന്നതാണ് ആശങ്ക. ഇത്തരമൊരു സഖ്യത്തെ പാക്കിസ്ഥാന്‍ പിന്തുണയ്ക്കുന്നത് ലോകവേദികളില്‍ സാന്നിധ്യം ഉയര്‍ത്താനാണെന്ന് ഇന്ത്യ സംശയിക്കുന്നുണ്ട്. കശ്മീര്‍ വിഷയം പല രാജ്യാന്തര വേദികളിലും ഉന്നയിക്കാന്‍ പാക്കിസ്ഥാന്‍ ശ്രമിച്ചിട്ടുണ്ട്. ഓർഗനൈസേഷൻ ഓഫ് ഇസ്ലാമിക് കോ-ഓപ്പറേഷനിൽ പുറത്തുനിന്നുള്ള മധ്യസ്ഥതയ്ക്കായി ആവശ്യപ്പെടുകയും ചെയ്തിട്ടുണ്ട്.
പാക്കിസ്ഥാനൊപ്പം അറബ്– ഇസ്‍ലാമിക് നാറ്റോയ്ക്ക് തുര്‍ക്കിയുടെ പിന്തുണയുണ്ട്. ഈയിടെ നടന്ന ഓപ്പറേഷന്‍ സിന്ദൂരില്‍ പാക്കിസ്ഥാന് നേരിട്ട് പിന്തുണ നല്‍കിയ രാജ്യമാണ് തുര്‍ക്കി. ഇന്ത്യയ്ക്കെതിരായ സംഘര്‍ഷത്തില്‍ പാക്കിസ്ഥാന് സൈനികവും സാങ്കേതികവുമായ പിന്തുണ തുര്‍ക്കി നല്‍കിയിരുന്നു. ഇതടക്കം പാക്കിസ്ഥാന്‍റെ താല്‍പര്യം ഇന്ത്യ സംശയത്തോടെയാണ് കാണുന്നത്.