ശസ്ത്രക്രിയയ്ക്കിടെ രോഗിയെ ഓപ്പറേഷന്‍ ടേബിളില്‍ ഉപേക്ഷിച്ച് നഴ്‌സുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ട പാകിസ്ഥാൻ വംശജനായ ഡോക്ടർക്ക് പ്രാക്ടീസ് തുടരാന്‍ യുകെ മെഡിക്കൽ ട്രൈബ്യൂണലിന്‍റെ അനുമതി. ഡോക്ടർ വീണ്ടും ഇത്തരത്തിലുള്ള പ്രവൃത്തികള്‍ ആവര്‍ത്തിക്കാനുള്ള സാധ്യത വളരെ കുറവാണെന്നാണ് മെഡിക്കൽ ട്രൈബ്യൂണൽ നിരീക്ഷിച്ചത്. 44കാരനായ പാക്കിസ്ഥാന്‍ സ്വദേശി ഡോ. സുഹൈല്‍ അന്‍ജും ഇതോടെ ആണ് വിലക്കില്‍ നിന്നും ഒഴിവായത്. അതേസമയം, ഡോക്ടറുടെ രജിസ്ട്രേഷനിൽ രണ്ട് വർഷത്തേക്ക് രേഖാമൂലമുള്ള മുന്നറിയിപ്പ് ഉണ്ടായിരിക്കണമെന്നും ട്രൈബ്യൂണൽ വിധിച്ചിട്ടുണ്ട്.
2023 സെപ്റ്റംബർ 16 ന് ഗ്രേറ്റര്‍ മാഞ്ചെസ്റ്ററിലെ ടേംസൈഡ് ആശുപത്രിയിലാണ് സംഭവം. ഡോക്ടറും നഴ്സുമായി ലൈംഗികബന്ധത്തിലേര്‍പ്പെടുന്നത് മറ്റൊരു നഴ്സ് കണ്ടതോടെയാണ് സംഭവം പുറംലോകമറിഞ്ഞത്. കണ്‍സല്‍ട്ടന്‍റ് അനസ്തെറ്റിസ്റ്റായ തനിക്ക് ഒരു ഇടവേള വേണമെന്നാവശ്യപ്പെട്ടാണ് ഓപ്പറേഷന്‍ ടേബിളിലെ രോഗിയെ മറ്റൊരു നഴ്സിനോട് നോക്കാനാവശ്യപ്പെട്ട് ഡോക്ടര്‍ മറ്റൊരു തിയറ്ററിലേക്ക് പോയത്. ഏകദേശം എട്ടുമിനിറ്റോളം മാറിനിന്ന ഡോക്ടര്‍ അഞ്ജും മറ്റൊരു നഴ്സുമായി ശാരീരികബന്ധത്തിലേര്‍പ്പെടുന്നത് സഹപ്രവര്‍ത്തക കാണുകയായിരുന്നു. ശേഷം ഡോക്ടര്‍ തിരികെയെത്തി ശസ്ത്രക്രിയ പൂര്‍ത്തിയാക്കുകയും ചെയ്തു. പിത്താശയം നീക്കം ചെയ്യുന്നതിനായുള്ള കീഹോള്‍ ശസ്ത്രക്രിയക്കിടെയാണ് സംഭവമുണ്ടായത്.
താന്‍ രോഗിയെ ഉപേക്ഷിച്ച് നഴ്‌സുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടിരുന്നെന്ന് സുഹൈല്‍ അന്‍ജും ട്രൈബ്യൂണലിന് മുന്നില്‍ സമ്മതിച്ചിരുന്നു. രോഗിയുടെ സുരക്ഷയ്ക്ക് ഹാനികരമായില്ലെങ്കിലും ഡോക്ടറുടെ പ്രവൃത്തി ഗുരുതരമായ പെരുമാറ്റദൂഷ്യമാണെന്ന് ട്രൈബ്യൂണല്‍ വിലയിരുത്തുകയുമുണ്ടായി. എന്നാല്‍ അവ ആവർത്തിക്കാനുള്ള സാധ്യത കുറവാണെന്നാണ് ട്രൈബ്യൂണല്‍ നിരീക്ഷിച്ചത്. 2011 ൽ യുകെയിൽ ജോലി ആരംഭിച്ച അദ്ദേഹം ബ്രിസ്റ്റോൾ, മിൽട്ടൺ കീൻസ്, ഡാർട്ട്ഫോർഡ് എന്നിവിടങ്ങളിൽ ജോലിചെയ്ത ശേഷമാണ് 2015 ല്‍ ടേംസൈഡ് ആശുപത്രിയില്‍ എത്തുന്നത്. അന്വേഷണത്തിന്‍റെ ഭാഗമായി അദ്ദേഹത്തെ 2024 ല്‍ ആശുപത്രിയില്‍ നിന്ന് പുറത്താക്കുകയും അന്‍ജും പാകിസ്ഥാനിലേക്ക് മടങ്ങുകയും ചെയ്തു. നിലവില്‍ പാകിസ്ഥാനില്‍ ഡോക്ടറായി ജോലിചെയ്യുന്ന സുഹൈല്‍ അന്‍ജും യുകെയിൽ തന്‍റെ കരിയർ പുനരാരംഭിക്കാൻ ആഗ്രഹിക്കുന്നുവെന്നും ചെയ്തുപോയ തെറ്റ് ഇനി ആവര്‍ത്തിക്കില്ലെന്നും മാധ്യമങ്ങളോട് പറഞ്ഞിരുന്നു.