തിരുവല്ല ഇരവിപേരൂർ സെന്‍റ് മേരിസ് മിഷൻ ആശുപത്രിയിൽ ഗർഭിണിയായ ഡോക്ടർക്ക് നേരെ യുവാക്കളുടെ കയ്യേറ്റം. പടക്കം പൊട്ടിക്കുന്നതിനിടെ പരിക്കേറ്റു എന്നു പറഞ്ഞ് രാത്രി എട്ടുമണിയോടെ എത്തിയതാണ് മൂവർ സംഘം. കൈയുടെ പരുക്ക് ഗുരുതരമാണെന്നും പ്രാഥമിക ശുശ്രൂഷയ്ക്ക് ശേഷം സർജനെ കാണിക്കണമെന്നും പറഞ്ഞതോടെയാണ് അസഭ്യവർഷവും ആക്രമണവും തുടങ്ങിയത്.
ഗർഭിണിയായ ഡോ.ജസ്റ്റിക്ക് നേരെ പരുക്കേറ്റ യുവാവ് പാഞ്ഞടുക്കുകയായിരുന്നു. തുടർന്ന് പുരുഷ ഡോക്ടറെയും റിസപ്ഷനിസ്റ്റിനെയും കയ്യേറ്റം ചെയ്യാൻ ശ്രമിച്ചു. വിവരമറിഞ്ഞെത്തിയ റിസപ്ഷനിസ്റ്റിന്‍റെ ഭർത്താവിനെ ആക്രമിച്ച് പരിക്കേൽപ്പിച്ചു. ആശുപത്രിയുടെ വാതിൽ തകർക്കാനും ശ്രമമുണ്ടായി. ഒരു മണിക്കൂറോളം ആശുപത്രിയിൽ ഭീകരാന്തരീക്ഷം സൃഷ്ടിച്ച യുവാക്കളെ പൊലീസ് കസ്റ്റഡിയിലെടുത്തു. യുവാക്കൾ മദ്യലഹരിയിലായിരുന്നു എന്ന് ഡോക്ടർ പറഞ്ഞു.