വല്ലാത്ത പാശ്ചാത്യ സ്വാധീനമുള്ള വാക്കുകളാണെന്ന് ചൂണ്ടിക്കാട്ടി ഉത്തര കൊറിയയില്‍ ഐസ്ക്രീമിനും ഹാംബര്‍ഗറിനും കരോക്കെയ്ക്കും വിലക്കേര്‍പ്പെടുത്തി കിം ജോങ് ഉന്‍. ഇത്തരം വാക്കുകള്‍ ഉത്തരകൊറിയയുടെ തനത് സംസ്കാരത്തെ നശിപ്പിക്കുകയാണെന്ന് കിം പറയുന്നു. ഇവയ്ക്ക് പകരമായി തനത് വാക്കുകള്‍ ഉപയോഗിക്കാനും നിര്‍ദേശമുണ്ട്.
Image Credit: AP
ടൂറിസ്റ്റ് ഗൈഡുമാര്‍ക്കും തൊഴിലിനായി എത്തുന്നവര്‍ക്കും ഇത് സംബന്ധിച്ച നിര്‍ദേശം നല്‍കിയിട്ടുണ്ട്. 'ഹാം ബര്‍ഗര്‍' എന്നതിന് പകരം 'ഡജിന്‍ ഗോഗി ഗ്യെയോപാങ്' എന്നു വേണം ഇനി മുതല്‍ പറയാന്‍. 'ഐസ്ക്രീമി'നാവട്ടെ 'എസ്കിമോ' എന്നുമാണ് പുതിയ പേര്. ഉത്തര കൊറിയയുടെ പദസമ്പത്ത് വര്‍ധിപ്പിക്കുകയാണ് ലക്ഷ്യമെന്നാണ് റിപ്പോര്‍ട്ട്. രാജ്യത്തെ ടൂര്‍ ഗൈഡുകള്‍ക്ക് ഇക്കാര്യത്തില്‍ പുതിയ പരിശീനം ആരംഭിച്ചുവെന്നും റിപ്പോര്‍ട്ടുണ്ട്. വിദേശികളോട് അവര്‍ക്ക് പരിചിതമല്ലാത്ത പദങ്ങള്‍ പരിചയപ്പെടുത്തുന്നതോടെ ഭാഷ വളരുമെന്നും ടൂര്‍ ഗൈഡുകള്‍ക്ക് പരിശീലനം നല്‍കുന്നവര്‍ പറയുന്നു.
വിചിത്രമെന്ന് തോന്നാവുന്ന വിലക്കുകള്‍ ഉത്തര കൊറിയന്‍ ജനങ്ങള്‍ക്ക് മേല്‍ അടിച്ചേല്‍പ്പിക്കപ്പെടുന്നത് ഇതാദ്യമായല്ല. വിദേശ ചിത്രങ്ങളോ, സീരിയലുകളോ കാണുന്നത് പിടിക്കപ്പെട്ടാലോ ആളുകള്‍ക്ക് കൈമാറ്റം ചെയ്യുന്നതായി അറിവ് ലഭിച്ചാലോ 'കുറ്റവാളികളെ' വധശിക്ഷയ്ക്ക് വിധേയരാക്കും. ദക്ഷിണ കൊറിയന്‍ സീരിയലുകള്‍ ഫോണില്‍ സൂക്ഷിച്ചതിന് തന്‍റെ മൂന്ന് സുഹൃത്തുക്കളെ അധികൃതര്‍ തൂക്കിക്കൊന്നുവെന്ന് ഉത്തരകൊറിയയില്‍ നിന്ന് രക്ഷപെട്ട യുവതി 2023ല്‍ ബിബിസിയോട് വെളിപ്പെടുത്തിയിരുന്നു.
കഴിഞ്ഞ ദശാബ്ദത്തെക്കാള്‍ അടിച്ചമര്‍ത്തല്‍ ഉത്തരകൊറിയയില്‍ വന്‍തോതില്‍ വര്‍ധിച്ചുവെന്നാണ് ഐക്യരാഷ്ട്ര സംഘടനയുടെ റിപ്പോര്‍ട്ട്. വീടുകളില്‍ റെയ്ഡിനെത്തി ആളുകളെ പിടിച്ച് പൊതുസ്ഥലത്ത് തൂക്കിക്കൊല്ലുകയാണ് അധികൃതരെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. 2015ലാണ് 'ശത്രു രാജ്യങ്ങള്‍' പുറത്തുവിടുന്ന വിവരങ്ങള്‍ സ്വീകരിക്കരുതെന്നും വിനോദ–വിജ്ഞാന പരിപാടികള്‍ കാണരുതെന്നും ഭരണകൂടം നിര്‍ദേശമിറക്കിയത്.