Image Credit: x.com/WorldCrimeIntel
ബ്രസീലില്‍ തകര്‍ന്നുവീണ വിമാനത്തില്‍ കണ്ടെത്തിയത് 200 കിലോഗ്രാം കൊക്കെയ്ൻ. ബ്രസീലിലെ കൊറൂറിപ്പിലാണ് സംഭവം. സ്‌പേസ് എക്‌സിന്‍റേത് എന്ന വ്യാജേനെ കൊണ്ടുവന്ന പായ്ക്കറ്റുകളിലാണ് കൊക്കെയ്ന്‍ കണ്ടെത്തിയത്. വിമാനാപകടത്തില്‍ ഓസ്‌ട്രേലിയക്കാരനായ പൈലറ്റ് മരിച്ചിരുന്നു. ഏകദേശം ഒമ്പത് ദശലക്ഷം ബ്രസീലിയൻ റിയാല്‍ (ഏകദേശം 16 മില്യൺ ഡോളർ) മൂല്യം വരുന്ന കൊക്കെയ്നാണ് കണ്ടെത്തിയത്. 187 ലധികം പായ്ക്കറ്റുകളിലായാണ് കൊക്കെയ്ന്‍ കണ്ടെത്തിയത്.
കൊറൂറിപ്പിന്‍റെ തീരപ്രദേശമായ അലാഗോവാസ് മേഖലയിലാണ് ഞായറാഴ്ച ഉച്ചയ്ക്ക് 1.30 ഓടെ അപകടം നടന്നത്. കരിമ്പിന്‍ തോട്ടത്തിലാണ് വിമാനം തകര്‍ന്നുവീണത്. പൈലറ്റ് തിമോത്തി ജെ. ക്ലാർക്ക് സംഭവസ്ഥലത്ത് തന്നെ മരിച്ചതായി പൊലീസ് സ്ഥിരീകരിച്ചു. സാംബിയയിൽ രജിസ്റ്റർ ചെയ്ത വിമാനം രണ്ട് വർഷമായി ബ്രസീലില്‍ പ്രവര്‍ത്തിച്ചുവരുന്നതായാണ് പൊലീസ് പറയുന്നത്. വിമാനം എവിടെ നിന്നാണ് വന്നതെന്നോ എങ്ങോട്ടേക്ക് പോകുകയായിരുന്നെന്നോ പൊലീസ് വെളിപ്പെടുത്തിയിട്ടില്ല. വിമാനത്തിന്‍റെ ഇന്ധന ടാങ്കുകളില്‍ നടത്തിയ പരിശോധനയില്‍ നിന്ന് ദീർഘദൂര പറക്കലിനായി സജ്ജീകരിച്ചതായാണെന്നാണ് സൂചനയെന്ന് ഡെയ്‌ലി മെയിൽ റിപ്പോർട്ട് ചെയ്യുന്നു.
രാജ്യാന്തര ലഹരി കടത്ത് മാഫിയകളുടെ പ്രധാന പാതായാണിതെന്നും സ്റ്റോപ്പ് ഓവർ ആയി അലഗോവാസിനെ ഉപയോഗിച്ചിരുന്നതാണോ എന്നും സംശയിക്കുന്നുണ്ടെന്ന് പൊലീസ് പറയുന്നു. ഇവയുടെ ഉറവിടത്തെക്കുറിച്ചും ഉടമയെ തിരിച്ചറിയാനും അന്വേഷണം തുടരുകയാണ്. ബ്രസീലിന്റെ വ്യോമപാതകളെക്കുറിച്ച് പൈലറ്റിന് മുൻകൂട്ടി അറിവുണ്ടായിരുന്നോ എന്നും അന്വേഷണ ഉദ്യോഗസ്ഥർ പരിശോധിക്കുന്നുണ്ട്. 2016 ലെ ഐക്യരാഷ്ട്രസഭയുടെ റിപ്പോർട്ട് പ്രകാരം ആഫ്രിക്ക, ഏഷ്യ, യൂറോപ്പ് എന്നിവിടങ്ങളിലേക്ക് കൊക്കെയ്ൻ കയറ്റുമതി ചെയ്യുന്ന പ്രധാന കേന്ദ്രങ്ങളിലൊന്നായി ബ്രസീല്‍ മാറുകയാണ്. കൊളംബിയയാണ് ഒന്നാം സ്ഥാനത്ത്.