മഹാരാഷ്ട്രയിലെ ബാരാമതി വിമാനത്താവളത്തിന് സമീപം ഇന്ന് രാവിലെ ഉണ്ടായ വിമാനാപകടത്തിൽ അജിത് പവാറിനൊപ്പം കൊല്ലപ്പെട്ടവരിൽ പൈലറ്റുമാരായ ക്യാപ്റ്റൻ സുമിത് കപൂർ, ക്യാപ്റ്റൻ ശാംഭവി പഥക് എന്നിവരും ഉൾപ്പെടുന്നു. ഡൽഹി ആസ്ഥാനമായുള്ള വിഎസ്ആർ ഏവിയേഷന്‍റെ കീഴിലുള്ള ലീര്‍ ജെറ്റ് 45 ഇന്ന് രാവിലെ 8 മണിയോടെയാണ് തകര്‍ന്ന് വീണത്.
മുംബൈയിൽ നിന്ന് പുറപ്പെട്ട് ബാരാമതിയിൽ ഇറങ്ങാൻ ശ്രമിക്കുന്നതിനിടെയാണ് വിമാനം അപകടത്തിൽപ്പെട്ടത്.ക്യാപ്റ്റൻ സുമിത് കപൂർ, ക്യാപ്റ്റൻ ശാംഭവി പഥക് എന്നിവരുടെ കൈകളിലായിരുന്നു വിമാനത്തിന്‍റെ നിയന്ത്രണം. ലാൻഡിംങ്ങിന് ശ്രമിക്കുന്നതിനിടെ വിമാനത്തിന്റെ നിയന്ത്രണം നഷ്ടപ്പെട്ടുവെന്നും തുടർന്ന് തീപിടിക്കുകയും പൊട്ടിത്തെറിക്കുകയും ചെയ്തുവെന്നാണ് ദൃക്‌സാക്ഷികൾ പറഞ്ഞത്.
ക്യാപ്റ്റൻ സുമിത് കപൂറും ക്യാപ്റ്റൻ ശാംഭവി പഥകുമാണ് വിമാനം പറത്തിയതെന്ന് വിഎസ്ആർ ഏവിയേഷൻ പിന്നീട് സ്ഥിരീകരിച്ചിരുന്നു. ക്യാപ്റ്റൻ ശാംഭവി പഥക് വിമാനത്തിൽ പൈലറ്റ്-ഇൻ-കമാൻഡായാണ് പ്രവർത്തിച്ചത്. ഒരു ആർമി ഓഫീസറുടെ മകളാണ് ക്യാപ്റ്റൻ ശാംഭവി പഥക്. എയർഫോഴ്സ് ബാല ഭാരതി സ്കൂളിൽ നിന്ന് സ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കിയ അവർ പിന്നീട് വ്യോമയാനരംഗത്ത് ഉന്നത വിദ്യാഭ്യാസം നേടിയതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
ലിങ്ക്ഡ്ഇൻ പ്രൊഫൈൽ അനുസരിച്ച് മുംബൈ സർവകലാശാലയിൽ നിന്ന് എയറോനോട്ടിക്സ്, ഏവിയേഷൻ, എയ്‌റോസ്‌പേസ് സയൻസ് ആൻഡ് ടെക്‌നോളജി എന്നിവയിൽ ശാംഭവി സയൻസ് ബിരുദം നേടി. പിന്നീട് ന്യൂസിലാൻഡ് ഇന്റർനാഷണൽ കൊമേഴ്‌സ്യൽ പൈലറ്റ് അക്കാദമിയിൽ പ്രൊഫഷണൽ പൈലറ്റ് പരിശീലനം നേടി.
ക്യാപ്റ്റൻ സുമിത് കപൂർ പലയിനത്തില്‍പ്പെട്ട വിമാനങ്ങളിലായി 16,000 മണിക്കൂറിലധികം പറക്കൽ പരിചയം ഉള്ള ആളായിരുന്നു. സഹാറ, ജെറ്റ്‌ലൈൻ, ജെറ്റ് എയർവേയ്‌സ് എന്നിവയിൽ പ്രവർത്തിച്ചിട്ടുണ്ട്. അപകടം നടന്ന വിമാനത്തിൽ ടേക്ക് ഓഫ്, ലാൻഡിംഗ് ഉൾപ്പെടെയുള്ള നിർണായക ഘട്ടങ്ങൾ നിയന്ത്രിക്കേണ്ടത് സുമിത് കപൂർ ആയിരുന്നു.
രണ്ട് പൈലറ്റുമാരും ബിസിനസ് ജെറ്റ് വിമാനങ്ങള്‍ പറത്തി നല്ല പരിചയമുള്ളവർ ആയിരുന്നവെന്നാണ് അപകടത്തിന് ശേഷം വിഎസ്ആർ ഏവിയേഷനിലെ മുതിർന്ന ഉദ്യോഗസ്ഥനായ വികെ സിംഗ് പറഞ്ഞത്. വിമാനത്തിന് പുറപ്പെടുന്നതിന് മുമ്പ് സാങ്കേതിക പ്രശ്‌നങ്ങളൊന്നും ഉണ്ടായിരുന്നില്ലെന്നും സിംഗ് മാധ്യമങ്ങളോട് പറഞ്ഞു.
രണ്ട് പൈലറ്റുമാർക്കും അജിത് പവാറിനും പുറമേ, പവാറിന്‍റെ പിഎയും പേഴ്‌സണൽ സെക്യൂരിറ്റി ഓഫീസറുമാണ് കൊല്ലപ്പെട്ടത്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പിന് മുന്നോടിയായി രാഷ്ട്രീയ യോഗങ്ങളിൽ പങ്കെടുക്കാൻ ബാരാമതിയിലേക്ക് പോകുകയായിരുന്നു മഹാരാഷ്ട്ര ഉപമുഖ്യമന്ത്രിയായ അജിത് പവാർ.