കൊടുംഭീകരന്‍ ജയ്‌ഷെ മുഹമ്മദ് തലവൻ മസൂദ് അസ്ഹറിന്‍റെ കുടുംബം ഇന്ത്യയുടെ ഓപ്പറേഷന്‍ സിന്ദൂറില്‍ ഇല്ലാതായതായി ജയ്‌ഷെ മുഹമ്മദ് കാമാന്‍ഡര്‍മാറിലൊരാളായ മസൂദ് ഇല്യാസ് കശ്മീരി. സമൂഹമാധ്യമങ്ങളില്‍ വൈറലായ ഒരു വിഡിയോയില്‍ ബഹവൽപൂരിലെ ഇന്ത്യയുടെ ആക്രമണങ്ങളെക്കുറിച്ച് ഇയാള്‍ വിവരിക്കുന്നുണ്ട്. പാകിസ്ഥാന്‍റെ അതിര്‍ത്തികള്‍ സംരക്ഷിക്കുന്നതിനായി എക്കാലവും തങ്ങള്‍ പോരാടിക്കൊണ്ടിരിക്കുകയാണെന്നും ഡൽഹി, കാബൂൾ, കാണ്ഡഹാർ എന്നിവിടങ്ങളിലെല്ലാം തങ്ങള്‍ ഇന്ത്യയുമായി പോരാടിയതായും ഇയാള്‍ പറയുന്നു. തങ്ങളുടെ എല്ലാം ഈ ആക്രമണങ്ങള്‍ക്കായി നല്‍കിയെന്നും എന്നാല്‍ മെയ് 7 നുണ്ടായ ബഹല്‍പൂര്‍ ആക്രമണത്തില്‍ മസൂദ് അസ്ഹറിന്‍റെ കുടുംബം തന്നെ നാമാവശേഷമായെന്നും വിഡിയോയില്‍ പറയുന്നു. ഉറുദുവിലാണ് പ്രസംഗം.
ജമ്മു കശ്മീരിലെ പഹൽഗാം ഭീകരാക്രമണത്തിന് പിന്നാലെയാണ് പാകിസ്ഥാനിലെയും പാക് അധീന കശ്മീരിലെയും ഭീകരകേന്ദ്രങ്ങള്‍ ലക്ഷ്യമിട്ട് ഇന്ത്യ തിരിച്ചടിച്ചത്. 26 സാധാരണക്കാരാണ് പഹല്‍ഗാം ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ടത്. ഓപ്പറേഷന്‍ സിന്ദൂര്‍ എന്ന് പേരിട്ട ഇന്ത്യയുടെ സായുധ സേന ഓപ്പറേഷനില്‍ ഒമ്പത് ഭീകര കേന്ദ്രങ്ങളിൽ ഒറ്റരാത്രികൊണ്ടാണ് ഇന്ത്യ ഏകോപിതമായ ആക്രമണം നടത്തിയത്. ജയ്‌ഷെ മുഹമ്മദ്, ലഷ്കറെ തയിബ എന്നിവയുടെ അടിസ്ഥാന കേന്ദ്രങ്ങളാണ് ഇന്ത്യ ലക്ഷ്യമിട്ടത്. ഭീകരവാദ പ്രവർത്തനങ്ങളുടെ അറിയപ്പെടുന്ന കേന്ദ്രങ്ങളായ ബഹാവൽപൂർ, കോട്‌ലി, മുരിദ്കെ എന്നിവിടങ്ങള്‍ ഉള്‍പ്പെടെ ഒമ്പതിടങ്ങളിലെ ഭീകര കേന്ദ്രങ്ങള്‍ ഇന്ത്യയുടെ ആക്രമണത്തില്‍ തകർന്നതായി പാകിസ്ഥാൻ പിന്നീട് സമ്മതിക്കുകയും ചെയ്തിരുന്നു.
ഇവയില്‍ ജയ്‌ഷെ മുഹമ്മദിന്‍റെ പ്രധാനകേന്ദ്രമാണ് പാകിസ്ഥാനിലെ വലിയ നഗരങ്ങളിലൊന്നായ ബഹവൽപൂർ. ജെയ്ഷെയുടെ ആസ്ഥാനമായ ജാമിയ സുബ്ഹാൻ അല്ലായും നഗരത്തില്‍ സ്ഥിതി ചെയ്യുന്ന ജാമിയ ഉസ്മാൻ ഒ അലി എന്ന മസ്ജിദുമാണ് ബഹാവല്‍പൂരിലെ ജെയ്ഷ മുഹമ്മദിന്‍റെ രണ്ട് പ്രധാന കേന്ദ്രങ്ങള്‍. ലാഹോറിൽ നിന്ന് ഏകദേശം 400 കിലോമീറ്റർ അകലെയായിട്ടാണ് ഇവ സ്ഥിതി ചെയ്യുന്നത്. ഇന്ത്യയ്ക്കെതിരെ പാക്ക് ഭീകരര്‍ നടത്തിയ പല ആക്രമണങ്ങളുടെയും സൂത്രധാരന്‍ മസൂദ് അസ്ഹറായിരുന്നു. 2016 െല പഠാന്‍കോട്ട് എയര്‍ബേസ് ആക്രമണവും 2019 ലെ പുല്‍വാമ ഭീകരാക്രമണവും മസൂദ് അസറിന്‍റെ നേതൃത്വത്തിലായിരിന്നു നടപ്പാക്കിയത്. ഇവയെല്ലാം ആസൂത്രണം ചെയ്തതും പരിശീലനം നല്‍കിയതും ബഹാവല്‍പൂരിലാണെന്നാണ് വിവരം.
ഓപ്പറേഷൻ സിന്ദൂരത്തിനിടെ ഇന്ത്യ ജാമിയ സുബ്ഹാനില്‍ നടത്തിയ ആക്രമണത്തില്‍ മസൂദ് അസ്ഹറിന്‍റെ പത്ത് കുടുംബാംഗങ്ങളാണ് കൊല്ലപ്പെട്ടതെന്ന് നേരത്തേ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഐക്യരാഷ്ട്രസഭ ആഗോള ഭീകരനായി പ്രഖ്യാപിച്ച മസൂദ് അസ്ഹര്‍ ഒളിവിലായിരുന്നു എന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. മസൂദ് അസ്ഹര്‍ എവിടെയാണെന്ന് തങ്ങള്‍ക്ക് അറിയില്ലെന്നാണ് പാകിസ്ഥാൻ മുൻ വിദേശകാര്യ മന്ത്രി ബിലാവൽ ഭൂട്ടോ മാസങ്ങള്‍ക്ക് മുന്‍പ് പ്രതികരിച്ചത്. ജൂണിൽ നൽകിയ ഒരു അഭിമുഖത്തിൽ മസൂദ് അസ്ഹര്‍ പാകിസ്ഥാൻ മണ്ണിലുണ്ടെന്ന് ഇന്ത്യ വിവരം നൽകിയാൽ അറസ്റ്റ് ചെയ്യുന്നതിൽ തന്റെ രാജ്യം സന്തോഷിക്കുമെന്നാണ് അദ്ദേഹം പറഞ്ഞത്.