Image Credit: facebook.com/britishairways

ജീവനക്കാര്‍ യൂണിഫോമില്‍ പൊതുസ്ഥലത്ത് നിന്ന് കാപ്പി കുടിക്കുന്നതിന് വിലക്കേര്‍പ്പെടുത്തി ബ്രിട്ടീഷ് എയര്‍വെയ്സ്. കാപ്പിക്ക് പുറമെ ചായ, സോഡ എന്നിങ്ങനെയുള്ള പാനീയങ്ങള്‍ക്കും വിലക്കുണ്ട്. അതേസമയം, വെള്ളം കുടിക്കുന്നതിന് വിലക്കില്ല. സ്റ്റാഫ് റൂമുകളിലോ കഫ്തീരിയയിലോ കാപ്പിയടക്കമുള്ള മറ്റ് പാനീയങ്ങള്‍ കുടിക്കാമെന്നും പുതിയ മാര്‍ഗനിര്‍ദേശങ്ങളില്‍ പറയുന്നു. വിമാനക്കമ്പനിയുടെ പ്രതിച്ഛായ നിലനിര്‍ത്തുന്നതിനായാണ് നടപടിയെന്നും സര്‍ക്കുലറിലുണ്ട്. 

ഭക്ഷണപാനീയങ്ങള്‍ സംബന്ധിച്ച നിര്‍ദേശങ്ങള്‍ക്ക് പുറമെ ഹെയര്‍സ്റ്റൈല്‍, ലിപ്സ്റ്റിക്, നെയില്‍ പോളിഷ്, കണ്ണട എന്നിവയുടെ കാര്യത്തിലും നിര്‍ദേശങ്ങളുണ്ട്. യൂണിഫോം നിബന്ധനകള്‍ക്ക് പുറമെ ലേ ഓവറില്‍ കഴിയുന്ന ഹോട്ടലിന്‍റെ ചിത്രങ്ങളോ വിഡിയോകളോ സമൂഹമാധ്യമങ്ങളില്‍ പങ്കുവയ്ക്കരുതെന്നും പൈലറ്റുമാര്‍ക്കും ജീവനക്കാര്‍ക്കും നിര്‍ദേശം നല്‍കി. 

വ്യക്തികളുടെ സ്വകാര്യ അക്കൗണ്ടുകളില്‍ ചിത്രങ്ങള്‍ പങ്കുവയ്ക്കുന്നതിനും വിലക്കുണ്ട്. ആരുടെയെങ്കിലും അക്കൗണ്ടുകളില്‍ ചിത്രങ്ങള്‍ ഉണ്ടെങ്കില്‍ ഉടന്‍ നീക്കം ചെയ്യണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. സുരക്ഷാകാരണങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് ഈ നടപടി. അതിനൂതനമായ എഐ സാങ്കേതിക വിദ്യകള്‍ ഉപയോഗിച്ച് ഹോട്ടലിന്‍റെ ലൊക്കേഷനടക്കം മറ്റുള്ളവര്‍ക്ക് കണ്ടെത്താന്‍ കഴിയുമെന്നും ഇത് ജീവനക്കാരുടെ ജീവന് ഭീഷണിയായേക്കാമെന്നുമാണ് വിമാനക്കമ്പനിയുടെ വിശദീകരണം. ചട്ടം പാലിക്കാത്തവര്‍ക്കെതിരെ അച്ചടക്ക നടപടിയുണ്ടാകുമെന്നും സര്‍ക്കുലറില്‍ പറയുന്നു. 

ENGLISH SUMMARY:

British Airways introduces strict uniform policy to maintain company image. This includes banning employees from drinking coffee in public and restricts social media use, aiming to protect staff security.