ശബരിമലയിൽ അടിസ്ഥാന സൗകര്യം ഉറപ്പാക്കുമെന്ന് സദാസമയവും ആവർത്തിക്കുന്ന തിരുവിതാംകൂർ ദേവസ്വം ബോർഡ് പുതിയ പദ്ധതികൾ നടപ്പാക്കാൻ വേഗത കൂട്ടുന്നതിനപ്പുറം നിലവിലെ സൗകര്യങ്ങൾ മികച്ച രീതിയിൽ പരിപാലിക്കാൻ ആത്മാർഥമായി ശ്രമിക്കുന്നതേയില്ല. സ്വാമിമാർ കാത്ത് നിന്ന് തളരുന്ന മരക്കൂട്ടത്തിനും ശരം കുത്തിക്കുമിടയിൽ കുടിവെള്ള വിതരണ സംവിധാനങ്ങൾ പോലും ശരിയായ രീതിയിൽ പ്രവർത്തിപ്പിക്കാനാകുന്നില്ല.
അയ്യപ്പദർശനത്തിനായി മണിക്കൂറുകൾ കാത്ത് നിൽക്കുന്ന സ്വാമിമാരുടെ സങ്കടം പറച്ചിലാണ്. കുഞ്ഞുങ്ങൾ ഉൾപ്പെടെ വരി നിന്ന് തളരുന്നത് പതിവ്. ഇവർക്ക് പലപ്പോഴും അടിസ്ഥാന സൗകര്യങ്ങൾ കിട്ടാത്ത സ്ഥിതിയുണ്ട്. വാട്ടർ കിയോസ്കുകൾ ഏറെയുണ്ടെങ്കിലും പലതും പണിമുടക്കിയിട്ട് നാളുകളായി.
ശബരിമല മണ്ഡല, മകരവിളക്ക് തീർഥാടനം കഴിഞ്ഞ് പണികൾ തുടങ്ങാൻ മാസങ്ങൾ കാത്തിരിക്കുന്ന ബോർഡിൻ്റെ സമീപനം മാറണം. മാസ്റ്റർ പ്ലാൻ പ്രകാരമുള്ള പദ്ധതികൾക്ക് നേരത്തെ തുടക്കമിടുമെന്ന ദേവസ്വം ഭരണസമിതിയുടെ വാക്ക് പാഴ് വാക്കാകരുത്. ആദ്യം ചർച്ച ചെയ്യേണ്ടത് ദാഹജലം ഉറപ്പാക്കാനുള്ള കിയോസ്കുകൾ പഴയ മട്ടിലാക്കുക എന്നതിനെക്കുറിച്ചാവണം. തുരുമ്പെടുക്കുന്നത് നികുതിപ്പണത്തിൻ്റെ പട്ടികയിലുള്ളതാണെന്നതും മറന്ന് പോകരുത്.