genz-protest-nepal

വാട്സാപ്പും ഇന്‍സ്റ്റയും ഫേസ്ബുക്കും ഉൾപ്പെടെയുള്ള സാമൂഹിക മാധ്യമങ്ങൾ സർക്കാർ നിരോധിച്ചിട്ടും, നേപ്പാളിലെ 'ജെൻ സി' എങ്ങനെ രാജ്യവ്യാപകമായി പ്രതിഷേധങ്ങൾ സംഘടിപ്പിച്ചു? ഇന്‍റർനെറ്റ് ആശയവിനിമയ മാർഗങ്ങൾ തടഞ്ഞുകൊണ്ട് പ്രക്ഷോഭത്തെ ദുർബലപ്പെടുത്താൻ ഭരണകൂടം ശ്രമിച്ചപ്പോൾ അവര്‍ എന്താണ് ചെയ്തത്? ഉത്തരം ലളിതം, നേപ്പാളിലെ 'ജെൻ സി' തെരുവുകളില്‍ പ്രക്ഷോഭം ആളിപ്പടര്‍ത്താന്‍ ടിക് ടോക് ആയുധമാക്കി. 

സർക്കാർ 26 സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകൾ നിരോധിച്ചപ്പോഴും, പ്രാദേശികമായി രജിസ്റ്റർ ചെയ്ത് നേപ്പാളിലെ നിയമങ്ങൾ പാലിക്കാൻ തയ്യാറായതിനാൽ ടിക് ടോക് മാത്രം ഓൺലൈനിൽ ലഭ്യമായിരുന്നു. ഇത് പ്രക്ഷോഭകർക്ക് തങ്ങളുടെ ആശയങ്ങൾ പ്രചരിപ്പിക്കാനും സംഘടിക്കാനുമുള്ള ഏറ്റവും പ്രധാനപ്പെട്ട മാര്‍ഗമായി മാറി. പ്രതിഷേധങ്ങളുടെ വിവരങ്ങൾ തത്സമയം പങ്കുവെച്ചും, അടുത്ത സമര പരിപാടികൾ ആസൂത്രണം ചെയ്തും യുവതലമുറ ടിക് ടോക് സമരമാര്‍ഗമാക്കി.

കാഠ്മണ്ഡുവിലെ തെരുവുകളിൽ നടക്കുന്ന കാര്യങ്ങൾ തല്‍സമയം ടിക് ടോക്കിലൂടെ ലോകം കണ്ടു. സമരത്തിനുള്ള ആഹ്വാനവും, ഒത്തുചേരലിനുള്ള വഴിയും, പ്രതിഷേധത്തിന്‍റെ വിശദാംശങ്ങൾ അറിയിക്കാനുമെല്ലാം നേപ്പാളിലെ ‘ജെന്‍ സി’ ടിക് ടോക് ഉപയോഗപ്പെടുത്തി. സാമൂഹിക മാധ്യമങ്ങൾക്ക് നിരോധനം ഏർപ്പെടുത്തിക്കൊണ്ട് പ്രക്ഷോഭത്തെ തടയാമെന്ന നേപ്പാള്‍ ഭരണകൂടത്തിന്‍റെ കണക്കുകൂട്ടല്‍ അപ്പാടെ പാളിപ്പോയി. 

ഭരണകൂടം അവശേഷിപ്പിച്ച ഒരു പഴുതിലൂടെ നേപ്പാള്‍ പ്രക്ഷോഭം അതിന്‍റെ പരമോന്നതിയിലെത്തി. ടിക് ടോക്ക് ഉപയോഗിച്ചുള്ള ‘ജെന്‍ സി’യുടെ ഈ തന്ത്രപരമായ നീക്കം പ്രക്ഷോഭങ്ങളുടെ ചരിത്രത്തിൽ തന്നെ ഒരു പുതിയ അധ്യായം എഴുതിച്ചേർത്തു.

ENGLISH SUMMARY:

Nepal protests leveraged TikTok to organize widespread demonstrations despite government bans on other social media platforms. This strategic use of the only available platform highlights a new chapter in protest history, showing how digital activism can thrive even under censorship.