വെള്ളിയാഴ്ച നടക്കുന്ന ഫിഫ ലോകകപ്പ് ഗ്രൂപ്പ് നറുക്കെടുപ്പില്‍ അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപും പങ്കെടുക്കും. ചടങ്ങില്‍ ട്രംപിന്റെ ഇഷ്ടഗാനമായ വൈഎംസിഎ അവതരിപ്പിക്കും. ഫിഫയുടെ പ്രഥമ സമാധാന പുരസ്കാരവും ചടങ്ങില്‍ പ്രഖ്യാപിച്ചേക്കാം.
ലോകകപ്പില്‍ ടീമുകള്‍ ഏതൊക്കെ ഗ്രൂപ്പിലാണെന്ന് പ്രഖ്യാപിക്കുന്ന ചടങ്ങില്‍, വമ്പന്‍ താരനിരയെയാണ് ഫിഫ അവതരിപ്പിക്കുന്നത്. വാഷിങ്ടനിലെ കെന്നഡി സെന്ററിൽ വെള്ളിയാഴ്ച ഇന്ത്യന്‍ സമയം രാത്രി 10.30നാണ് പരിപാടി. ട്രംപിന്റെ തിരഞ്ഞെടുപ്പ് റാലികളിലും ധനസമാഹരണ പരിപാടികളിലും ഡിസ്കോ ബാന്‍ഡായ വില്ലേജ് പീപ്പിളിന്റെ വൈഎംസിഎ എന്ന ഗാനം സ്ഥിരം സാന്നിധ്യമായിരുന്നു. ഗാനത്തിനൊപ്പം ട്രംപ് നൃത്തം ചെയ്യുന്നതും പതിവായിരുന്നു.
ലോകകപ്പ് ഗ്രൂപ്പ് നറുക്കെടുപ്പ് ചടങ്ങിന് സമാപനം കുറിച്ചുകൊണ്ട്, ഡിസ്കോ ബാന്‍ഡ് ‘വില്ലേജ് പീപ്പിൾ’ ഗാനം അവതരിപ്പിക്കും. സൂപ്പർ മോഡല്‍ ഹൈഡി ക്ലം, ഹോളിവുഡ് താരങ്ങളായ കെവിൻ ഹാർട്ട്, ഡാനി റാമിറസ്, ബ്രിട്ടിഷ് പോപ്പ് താരം റോബി വില്യംസ് തുടങ്ങിയവര്‍ ചടങ്ങിന്റെ ഭാഗമാകും.
ഫിഫയുടെ പുതിയ പുരസ്കാരമായ ‘പീസ് പ്രൈസ് ഫുട്ബോൾ യുണൈറ്റ്സ് ദ് വേൾഡ്’ ചടങ്ങിൽ പ്രഖ്യാപിക്കാനും സാധ്യതയുണ്ട്. ട്രംപിനായിരിക്കും പുരസ്കാരം എന്നാണ് പ്രതീക്ഷിക്കുന്നത്. യുഎസ്, കാനഡ, മെക്സിക്കോ എന്നീ രാജ്യങ്ങളിലെ 16 നഗരങ്ങളിലായി അടുത്തവര്‍ഷം ജൂൺ 11 മുതൽ ജൂലൈ 19 വരെയാണ് മത്സരങ്ങൾ.