screengrab: x/nezzsar
നേപ്പാളിനെ പിടിച്ചുലച്ച യുവജന പ്രക്ഷോഭത്തിന്‍റെ നടുക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്. സൈനിക ഹെലികോപ്ടറില്‍ നിന്നിട്ട കയറില്‍ തൂങ്ങിക്കിടന്ന് മന്ത്രിമാരും അവരുടെ കുടുംബാംഗങ്ങളും രക്ഷപെടുന്നതിന്‍റെ വിഡിയോയാണ് പുറത്തുവരുന്നത്. കെട്ടിടത്തിനുള്ളില്‍ നിന്നും ആറുപേരെ കയറില്‍ കെട്ടിപ്പൊക്കി സുരക്ഷിത സ്ഥാനത്തേക്ക് പറക്കുന്ന ഹെലികോപ്ടറിന്‍റെ വിഡിയോയാണ് സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നത്. ജീവന്‍ പണയം വച്ചും പ്രതിഷേധക്കാരില്‍ നിന്ന് രക്ഷപെടുകയാണ് മന്ത്രിമാരും കുടുംബാംഗങ്ങളുമെന്നാണ് പലരും കുറിക്കുന്നത്.
നേപ്പാള്‍ ധനമന്ത്രിയെ റോഡിലൂടെ പ്രതിഷേധക്കാര്‍ ഓടിക്കുന്നതിന്‍റെയും ചവിട്ടിക്കൂട്ടുന്നതിന്‍റെയും ദൃശ്യങ്ങള്‍ കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. നേപ്പാള്‍ വിദേശകാര്യമന്ത്രി അര്‍സു റാണ ദൂബയെയും ഭര്‍ത്താവിനെയും കാഠ്മണ്ഡുവിലെ വീട് ആക്രമിച്ച് പ്രതിഷേധക്കാര്‍ കയ്യേറ്റം ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് മന്ത്രിമാരെയും കുടുംബാംഗങ്ങളെയും അടിയന്തരമായി ഹെലികോപ്ടറില്‍ സൈന്യം ഒഴിപ്പിച്ചത്.
സമൂഹമാധ്യമങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയ വിലക്കിനെ തുടര്‍ന്നായിരുന്നു നേപ്പാളില്‍ വന്‍ പ്രക്ഷോഭം ഉണ്ടായത്. 30 പ്രതിഷേധക്കാര്‍ കൊല്ലപ്പെടുകയും നൂറിലേറെപ്പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു. പ്രതിഷേധം കൈവിട്ടതോടെ പ്രധാനമന്ത്രി കെ.പി.ശര്‍മ ഒലി രാജിവയ്ക്കുകയും സൈന്യം നിയന്ത്രണമേറ്റെടുക്കുകയുമായിരുന്നു.
അഴിമതിക്കെതിരെ പ്രക്ഷോഭമെന്ന ബാനറുകളുമായി ജെന്‍ സീ പാര്‍ലമെന്‍റ് മന്ദിരത്തിന് തീയിട്ടു. വാര്‍ത്താ വിനിമയ മന്ത്രി പൃഥ്വി ഷുബ ഗുറുങിന്‍റെ വീടിന് നേരെ കല്ലേറുണ്ടായി. ഹെലികോപ്ടര്‍ മാര്‍ഗം രക്ഷാപ്രവര്‍ത്തനം നടത്തുന്നതിനിടെ താഴെ ബഹുനില ഹോട്ടല്‍ കെട്ടിടം കത്തിയമരുന്നതും വിഡിയോയില്‍ കാണാം.
വാര്‍ത്താ വിതരണ മന്ത്രാലയത്തിന്‍റെ ചട്ടപ്രകാരം റജിസ്റ്റര്‍ ചെയ്യാതിരുന്നതിനെ തുടര്‍ന്നാണ് ഫെയ്സ്ബുക്കും വാട്സാപ്പും യൂട്യൂബും ഉള്‍പ്പടെ 26 സമൂഹ മാധ്യമ പ്ലാറ്റ്ഫോമുകള്‍ക്ക് നേപ്പാള്‍ സര്‍ക്കാര്‍ വിലക്കേര്‍പ്പെടുത്തിയത്. പ്രതിഷേധം കനത്തതിന് പിന്നാലെ വിലക്ക് നേപ്പാള്‍ പിന്‍വലിച്ചിരുന്നു. സാധാരണ യുവാക്കള്‍ തൊഴില്‍ കണ്ടെത്താന്‍ ബുദ്ധിമുട്ടുമ്പോള്‍ രാഷ്ട്രീയക്കാരുടെ മക്കള്‍ സമ്പദ്സമൃദ്ധിയിലാണെന്നും സുഖലോലുപരായി രാജ്യത്തിന്‍റെ സമ്പത്ത് തുലയ്ക്കുകയാണെന്നും പ്രതിഷേധക്കാര്‍ ആരോപിച്ചിരുന്നു. മെച്ചപ്പെട്ട ജീവിതവും തൊഴിലവസരങ്ങളും തേടി പ്രതിദിനം 2000 യുവാക്കളാണ് മധ്യപൂര്‍വേഷ്യയിലേക്കും തെക്കുകിഴക്കനേഷ്യയിലേക്കും ചേക്കേറുന്നതെന്നാണ് ലോകബാങ്കിന്‍റെ റിപ്പോര്‍ട്ട്. 20 ശതമാനമാണ് കഴിഞ്ഞ വര്‍ഷം നേപ്പാളിലെ തൊഴിലില്ലായ്മ നിരക്ക്.