Nepal's Lokesh Bam reacts after his team's defeat at the end of the 2026 ICC Men's T20 Cricket World Cup group stage match between England and Nepal at the Wankhede Stadium in Mumbai on February 8, 2026. (Photo by Indranil MUKHERJEE / AFP)

ട്വന്റി 20 ലോകകപ്പില്‍ ഇംഗ്ലണ്ടിനെ വിറപ്പിച്ച് കീഴടങ്ങി നേപ്പാള്‍. 185 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന നേപ്പാളിന്റെ പോരാട്ടം ആറുവിക്കറ്റ് നഷ്ടത്തില്‍ 180 റണ്‍സില്‍ അവസാനിച്ചു. നാലുറണ്‍സിനാണ് ഇംഗ്ലണ്ട് തോല്‍വി ഒഴിവാക്കിയത്. ജോഫ്ര ആര്‍ച്ചറെറിഞ്ഞ 18ാം ഓവറില്‍ നേപ്പാള്‍ അടിച്ചുകൂട്ടിയത് 22 റണ്‍സ്.  12 പന്തില്‍ നേപ്പാളിന് ജയം 24 റണ്‍സ് അകലെ.

പിന്നാലെ എത്തിയ ലൂക്ക് വൂഡിനെ ബൗണ്ടറിയടിച്ച് സ്വീകരിച്ച് ലോകേഷ് ബാം.19ാം ഓവറിലെ അവസാന പന്തില്‍ ഗുല്‍സന്‍ ഷാ പുറത്ത്. അവസാന ഓവര്‍ എറിയാന്‍ സാം കറണ്‍ എത്തുമ്പോള്‍ നേപ്പാളിന് ജയം വെറും 10 റണ്‍സ് അകലെ.  ലോ ഫുള്‍ടോസും യോര്‍ക്കറുമൊക്കെയായി കറണിന്റെ കൃത്യതയാര്‍ന്ന പന്തുകള്‍ക്ക് മുന്നില്‍ നേപ്പാള്‍ പൊരുതി വീണു. 

ദീപേന്ദര്‍ സിങ്– രോഹിത് പൗഡെല്‍ സഖ്യം മൂന്നാം വിക്കറ്റില്‍ ചേര്‍ത്ത 82 റണ്‍സാണ് നേപ്പാളിന്റെ കുതിപ്പിന് അടിത്തറയിട്ടത്. ഇംഗ്ലണ്ട് ഏഴു വിക്കറ്റ് നഷ്ടത്തിലാണ് 184 റൺസെടുത്തത്. 57 റണ്‍സെടുക്കുന്നതിനിടെ ഇംഗ്ലണ്ടിന് മൂന്നുവിക്കറ്റുകള്‍ നഷ്ടമായിരുന്നു.  ലോകകപ്പ് അരങ്ങേറ്റത്തില്‍ ജേക്കബ് ബെഥല്‍ 35 പന്തില്‍ നിന്ന് 55 റണ്‍സെടുത്തു.  നാലാം വിക്കറ്റിൽ ക്യാപ്റ്റന്‍ ഹാരി ബ്രൂക്ക്– ബെഥല്‍ സഖ്യം  71 റണ്‍സ് ചേര്‍ത്തത് തകര്‍ച്ചയില്‍ നിന്ന് ഇംഗ്ലണ്ടിനെ മികച്ച സ്കോറിലേക്ക് നയിച്ചു. 

നേപ്പാളിന്റെ പ്രകടനത്തില്‍ ഞെട്ടിയിരിക്കുകയാണ് ക്രിക്കറ്റ് ലോകം. ടീമിന് സഹായം വാഗ്ദാനം ചെയ്ത് ദക്ഷിണാഫ്രിക്കൻ പേസ് ഇതിഹാസം ഡെയ്ൽ സ്റ്റെയ്ൻ രംഗത്തെത്തി. തന്‍റെ സേവനം എപ്പോഴെങ്കിലും ആവശ്യമായി വന്നാൽ ടീമിന് തന്നെ സമീപിക്കാമെന്ന് അദ്ദേഹം എക്സില്‍ കുറിച്ചു. യുവരാജ് സിങ്ങും ആര്‍.അശ്വിനും മികച്ച ഭാവിയുള്ള സംഘമാണ് നേപ്പാളിന്റേതെന്ന് പ്രശംസിച്ചു.