Photo- REUTERS

നോപ്പാളിലെ കാഠ്മണ്ഡുവില്‍ ലാൻഡ് ചെയ്യുന്നതിനിടെ ടർക്കിഷ് എയർലൈൻസ് വിമാനത്തിന്‍റെ ടയറുകൾക്ക് തീപിടിച്ചു. ത്രിഭുവൻ രാജ്യാന്തര വിമാനത്താവളത്തിൽ ഇന്ന് പുലര്‍ച്ചെയാണ് സംഭവം. ഇസ്താംബൂളിൽ നിന്നെത്തിയ വിമാനത്തിന്‍റെ വലതുവശത്തിന്‍റെ ലാൻഡിങ് ഗിയറിലാണ് തീയും പുകയും കണ്ടത്. വിമാനത്താവളത്തിലെ ജീവനക്കാർ ഇടപെട്ട് തീ നിയന്ത്രണവിധേയമാക്കുകയും യാത്രക്കാരെ സുരക്ഷിതമായി പുറത്തിറക്കുകയും ചെയ്തു. സംഭവത്തെ തുടര്‍ന്ന് രാവിലെ വിമാനത്താവളം അടച്ചിട്ടിരുന്നു.

277 യാത്രക്കാരുമായി എത്തിയ TK726 എയർബസ് 330 വിമാനത്തിനാണ് തീപിടിച്ചത്. 11 ക്രൂ അംഗങ്ങളും വിമാനത്തില്‍ ഉണ്ടായിരുന്നു. ഐക്യരാഷ്ട്രസഭാ ഉദ്യോഗസ്ഥരും യാത്രക്കാരായി വിമാനത്തില്‍ ഉണ്ടായിരുന്നതായാണ് വിവരം. സംഭവത്തിന്‍റെ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന വിഡിയോയില്‍ വിമാനത്തിന്‍റെ വലതുവശത്തെ ലാൻഡിങ് ഗിയറിൽ തീപിടിക്കുന്നതും, കട്ടിയുള്ള ചാരനിറത്തിലുള്ള പുക ഉയരുന്നതും കാണാം. വിമാനത്തിലുണ്ടായിരുന്ന യാത്രക്കാരെ അടിയന്തര വാതിലുകളിലൂടെ ഒഴിപ്പിക്കുന്നതിന്‍റെ ദൃശ്യവും പുറത്തുവന്നിട്ടുണ്ട്.

അതേസമയം, സംഭവത്തെക്കുറിച്ച് വിമാനത്താവളമോ എയർലൈൻ കമ്പനിയോ ഔദ്യോഗിക പ്രസ്താവനകള്‍ ഒന്നും തന്നെ നടത്തിയിട്ടില്ല. സംഭവത്തിന് പിന്നിലെ കാരണം ഇതുവരെ കണ്ടെത്താനായിട്ടില്ലെന്നും അന്വേഷണം തുടരുകയാണെന്നുമാണ് വിവരം. സംഭവത്തെ തുടര്‍വ്വ് കാഠ്മണ്ഡുവിലേക്കുള്ള നിരവധി വിമാനങ്ങൾ നിർത്തിവച്ചിരുന്നു.

പർവതപ്രദേശങ്ങളും മാറിമറയുന്ന കാലാവസ്ഥയും കാരണം നേപ്പാളിൽ വിമാനാപകടങ്ങൾ താരതമ്യേന പതിവാണ്. 2015-ൽ കാഠ്മണ്ഡുവിൽ കനത്ത മൂടൽമഞ്ഞിൽ ലാൻഡ് ചെയ്ത ർക്കിഷ് എയർലൈൻസ് വിമാവം റൺവേയിൽ നിന്ന് തെന്നിമാറുകയുണ്ടായി. അപകടത്തില്‍ ആർക്കും പരിക്കില്ലെങ്കിലും വിമാനത്താവളം ദിവസങ്ങളോളം അടച്ചിട്ടിരുന്നു.

ENGLISH SUMMARY:

A Turkish Airlines Airbus A330, flight TK726, caught fire while landing at Kathmandu's Tribhuvan International Airport early this morning. Thick grey smoke and flames were spotted emanating from the aircraft's right-side landing gear shortly after it arrived from Istanbul. Emergency services acted swiftly to douse the flames, and all 277 passengers and 11 crew members were evacuated safely through emergency exits. The airport was temporarily shut down following the incident, leading to several flight diversions and cancellations. While no official statements have been released by the airline or airport authorities yet, an investigation is underway to determine the cause of the technical failure.